Advertisement

ക്രമക്കേടിൽ സിപിഐഎം പ്രാദേശിക നേതാക്കൾക്ക് പങ്കുണ്ട്; കരുവന്നൂര്‍ തട്ടിപ്പിൽ തുറന്നടിച്ച് മുന്‍ ഭരണസമിതിയംഗം

July 31, 2022
Google News 2 minutes Read

കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ക്രമക്കേടില്‍ തുറന്നടിച്ച് മുന്‍ ഭരണസമിതിയംഗം. ആദ്യമായി ക്രമക്കേട് പാര്‍ട്ടിക്കകത്ത് റിപ്പോര്‍ട്ട് ചെയ്തത് താനെന്ന് ജോസ് ചക്രാമ്പിള്ളി ട്വന്റിഫോറിനോട് പറഞ്ഞു.
ലോക്കല്‍ കമ്മിറ്റിയെയും ഏരിയ കമ്മിറ്റിയെയും മറികടന്ന് ജില്ലാ കമ്മിറ്റിക്ക് നേരിട്ട് പരാതി നല്‍കി. ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിനാണ് പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് ബാങ്ക് ഭരണസമിതിയുടെ സബ് കമ്മിറ്റി ചേര്‍ന്നെങ്കിലും അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

ക്രമക്കേടില്‍ സിപിഐഎം ഏരിയാ-ലോക്കല്‍ ഘടകത്തിലെ ചിലര്‍ക്ക് വ്യക്തമായ പങ്കുണ്ട്. ക്രമക്കേടിന്‍റെ പ്രധാന സൂത്രധാരന്‍ ബാങ്ക് സെക്രട്ടറിയായിരുന്ന സുനില്‍കുമാറാണ. പാര്‍ട്ടി ഏരിയ സെന്‍റര്‍ അംഗമായിരുന്ന ഇയാള്‍ ഭരണസമിതി അംഗങ്ങളെ കണ്ടത് അടിമകളെ പോലെയാണ്.
ബാങ്ക് പ്രസിഡന്‍റ് സെക്രട്ടറിയുടെ താളത്തിനൊത്ത് തുള്ളിയതാണ് ബാങ്കിന്‍റെ ദുരവസ്ഥയ്ക്ക് കാരണമെന്ന് ജോസ് ചക്രാമ്പിള്ളി പറഞ്ഞു.

അഴിമതി നടന്നത് ഉദ്യോഗസ്ഥ തലത്തിലാണ്, ചില പാര്‍ട്ടിക്കാര്‍ അതിന് കൂട്ട് നിന്നിട്ടുണ്ട്. സുനില്‍കുമാര്‍, ബിജു, ബിജോയ്, ജില്‍സ് എന്നിവരാണ് ക്രമക്കേടിന് പിന്നില്‍. ക്രമവിരുദ്ധമായി ലോണുകള്‍ അനുവദിച്ചത് 2006 മുതലാണ്. താന്‍ ഭരണസമിതിയിലെത്തുന്നത് 2016ലാണ്. ക്രമക്കേട് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് പാര്‍ടി നേതൃത്വത്തെ സമീപിച്ചത്. ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായിരുന്ന സികെ ചന്ദ്രനും സുനില്‍കുമാറുമായി അടുത്ത ബന്ധമുണ്ടായിരുന്നു.താന്‍ ഭരണസമിതിയില്‍ എത്തിയ ശേഷമാണ് ഇരുവരും അകലുന്നത്. ജില്ലാ സെക്രട്ടേറിയേറ്റംഗത്തിന് എതിരെ പോലും നടപടി വന്നപ്പോള്‍ തനിക്കെതിരെ പാര്‍ട്ടി നടപടിയെടുത്തില്ല. ഇതിന് കാരണം താന്‍ തെറ്റു ചെയ്തിട്ടില്ല എന്ന ബോധ്യത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം വിശദീകരിച്ചു.

Read Also: കൃത്രിമക്കാൽ വയ്ക്കാൻ പണം ആവശ്യപ്പെട്ടപ്പോൾ ലഭിച്ചത് ഒരു ലക്ഷം മാത്രം; കരുവന്നൂർ സഹകരണ ബാങ്കിനെതിരെ വെളിപ്പെടുത്തൽ

ബാങ്കിന്‍റെ അഴിമതി പണം കൊണ്ട് ഒരു കാലിച്ചായ പോലും കുടിക്കാത്ത താന്‍ കേസില്‍ 116 ദിവസം ജയിലില്‍ കിടന്നു. ഭരണസമിതി അംഗം എന്നനിലയില്‍ മിനുട്സില്‍ ഒപ്പിട്ടതിന്‍റെ പേരിലാണ് ജയിലില്‍ കിടന്നത്. ഭരണസമിതി അംഗങ്ങളെ കേസിലേക്ക് വലിച്ചിഴച്ചത് സുനില്‍ കുമാറെന്ന് മറ്റൊരു പ്രതിയായ കിരണ്‍ തന്നോട് പറഞ്ഞിട്ടുണ്ട്. കേസില്‍ പതിമൂന്നാം പ്രതിയാക്കപ്പെട്ടത് സാങ്കേതികത്വത്തിന്‍റെ പേരിലെന്നും ജോസ് ട്വന്റിഫോറിനോട് പറഞ്ഞു.

Story Highlights: CPIM local leaders are involved in Karuvannur bank fraud

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here