ഒരു കിലോ കോഴിയിറച്ചിയുടെ വില 130; അൽഫാമിന് വില 400 രൂപ ! ഹോട്ടലുകളിൽ കൊള്ളലാഭം; വിലനിർണയത്തിൽ ഇടപെടാതെ സർക്കാർ
![kerala govt keep mum on irregular hotel bill](https://www.twentyfournews.com/wp-content/uploads/2022/07/kerala-govt-keep-mum-on-irregular-hotel-bill.jpg?x52840)
സംസ്ഥാനത്ത് ഹോട്ടലുകളിലെ വിലനിർണയത്തിൽ ഇടപെടാതെ സർക്കാർ. ഹോട്ടലുകളിൽ തോന്നുംപടി വില നിർണയിക്കുമ്പോൾ സർക്കാർ നോക്കുകുത്തിയാകുന്നുവെന്നാണ് പരാതി. ചിക്കൻ വില കൂടിയപ്പോൾ ഉയർത്തിയ നിരക്ക് വില കുറഞ്ഞപ്പോൾ താഴ്ത്തിയിട്ടല്ല. 24 അന്വേഷണം.
പൗൾട്രിഫാമിൽ ഒരു കിലോ കോഴി വില ശരാശരി 70 മുതൽ 100 രൂപ വരെയാണ്. ചിക്കൻ കടകളിലെത്തിയാൽ വില ശരാശരി 80 മുതൽ 110 രൂപ വരെയുമാണ്. കടകളിലേക്ക് പോകുന്ന ഫ്രഷ് ചിക്കന്റെ വിലയാകട്ടെ 130 മുതൽ 175 രൂപ വരെയാണ്. ഇത് പല വിഭവങ്ങളായി ഹോട്ടലുകളിൽ തീന്മേശയിലേക്ക് എത്തുമ്പോഴോ ? പരമാവധി ഒരു കിലോഗ്രാം തൂക്കം വരുന്ന കോഴി ഉപയോഗിച്ചുണ്ടാക്കുന്ന അൽഫാമിനും ഷവായിക്കും 400 മുതൽ 500 രൂപവരെയാണ് വില.
175 രൂപയ്ക്ക് കിട്ടുന്ന കോഴിയിൽ 200 രൂപ പാചകചെലവ് കുറച്ചാൽ തന്നെ ലാഭം ഇരുന്നൂറിലധികവും രൂപ. ചിക്കൻ വില കൂടിയപ്പോൾ ഉയർത്തിയ നിരക്ക് പിന്നീട് കുറയ്ക്കാത്തതാണ് ഈ കൊള്ളലാഭത്തിന് കാരണം.
കോഴിക്ക് മാത്രമല്ല, എല്ലാ ഇനങ്ങൾക്കും തോന്നിയ വിലയാണ് ഹോട്ടലുകളിൽ. ഗ്യാസിനും പലചരക്ക് സാധനങ്ങൾക്കുമുള്ള വിലവർദ്ധനവ് ചൂണ്ടിക്കാട്ടി വിലമാറ്റത്തിനുള്ള തടസം പറയുകയാണ് ഹോട്ടലുകൾ. വിലനിയന്ത്രണത്തിൽ ഇടപെടണമെന്ന ആവശ്യം നാളുകളായി ഉയർന്നിട്ടുണ്ടെങ്കിലും സർക്കാർ ഇതുവരെ അനങ്ങിയിട്ടില്ല. ഇനിയെങ്കിലും വില നിർണയത്തിൽ ഹോട്ടലുകൾക്ക് സർക്കാർ മണികെട്ടിയെ തീരൂ.
Story Highlights: kerala govt keep mum on irregular hotel bill
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here