Advertisement

ksrtc; അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ ബസിൽ നിന്ന് ചാടിയിറങ്ങിയവരെ വഴിയിലുപേക്ഷിച്ച് ഡ്രൈവർ

August 1, 2022
Google News 3 minutes Read
Cruelty of KSRTC driver; Passengers were dropped on the way

അപകടത്തിൽപ്പെട്ട് റോഡിൽ കിടന്നയാളെ കണ്ട് ബസ് നിർത്താനും, ബസിൽ തന്നെ ആശുപത്രിയിൽ എത്തിക്കാനും ആവശ്യപ്പെട്ട് പുറത്തിറങ്ങിയ സന്നദ്ധ പ്രവർത്തകരുടെ ബാഗുമായി കെ.എസ്.ആർ.ടി.സി ബസ് സ്ഥലം വിട്ടതായി പരാതി. തൊടുപുഴയിൽ നിന്നും മുത്തപ്പൻ പുഴയിലേക്ക് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസ്സിലെ ജീവനക്കാരാണ് കണ്ണിൽ ചോരയില്ലാത്ത പണി കാണിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. കോഴിക്കോട് നിന്നും ഓമശ്ശേരിയിലേക്ക് യാത്ര ചെയ്ത സന്നദ്ധ പ്രവർത്തകരായ യുവാക്കൾക്കാണ് ദുരനുഭവമുണ്ടായത്. ( Cruelty of KSRTC driver; Passengers were dropped on the way )

രാത്രി 12.35 ഓടെ ബസ്സ് മണാശ്ശേരി സ്കൂളിന് സമീപത്തെത്തിയപ്പോൾ ഒരു ബൈക്ക് യാത്രികൻ റോഡിൽ വീണ് കിടക്കുന്നത് യുവാക്കളുടെ ശ്രദ്ധയിൽപ്പെട്ടു. മുന്നോട്ട് നീങ്ങിയ ബസ് നിർത്താൻ ഡ്രൈവറോട് അവർ ആവശ്യപ്പെടുകയും ചെയ്തു. പരുക്ക് നിസാരമാണെങ്കിൽ ഈ ബസ്സിൽ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിക്കണമെന്ന് പറഞ്ഞാണ് യുവാക്കൾ പുറത്തിറങ്ങിയത്. എന്നാൽ യുവാക്കൾ ബസിൽ നിന്ന് പുറത്തിറങ്ങിയതോടെ അവരുടെ ബാഗുമായി ബസ്സ് സ്ഥലം വിടുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ ബേബി പെരുമലയിൽ പിന്നീട് കെ.എം.സി.ടി ആശുപത്രിയിൽ വെച്ച് മരിക്കുകയും ചെയ്തു.

Read Also: കെ.എസ്.ആർ.ടി.സിയിൽ അതിരൂക്ഷ പ്രതിസന്ധി; ജൂൺ മാസത്തെ ശമ്പള വിതരണത്തിൽ അനിശ്ചിതത്വം

സംഭവത്തെ കുറിച്ച് ബസ്സിൽ യാത്ര ചെയ്ത യുവാക്കൾ പറയുന്നത്

തങ്ങളുടെ സുഹൃത്ത് പ്രജീഷിന് ലഭിച്ച അവാർഡ് വാങ്ങാൻ വേണ്ടിയാണ് കാസർ​ഗോഡ് പോയത്. പരിപാടിയെല്ലാം കഴിഞ്ഞ് തിരിച്ച് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തി. അവിടെ നിന്നുമാണ് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തിയത്. തുടർന്ന് തൊടുപുഴ ഡിപ്പോയിൽ നിന്നും വരുന്ന മുത്തപ്പൻപുഴ ബസ്സിൽ ഞങ്ങൾ നാലുപേർ കയറി. ഏകദേശം മണാശേരി സ്കൂൾ കഴിഞ്ഞപ്പോഴാണ് ഒരു ബൈക്ക് അപകടത്തിൽപ്പെട്ടു കിടക്കുന്നത് കണ്ടത്.

ഒരാൾ റോഡിൽ കിടക്കുന്നുണ്ടായിരുന്നു, ഏകദേശം സമയം രാത്രി12 .35 ആയിക്കാണും. ആരും തിരിഞ്ഞു നോക്കുന്നില്ല, ബസ് മുന്നോട്ടു നീങ്ങുന്നു. ഞങ്ങൾ ഡ്രൈവറോട് ബസ് നിർത്താൻ പറഞ്ഞു. അയാൾക്ക് ചെറിയ പരുക്കാണെങ്കിൽ ഈ ബസ്സിൽ കയറ്റി അടുത്ത ഹോസ്പിറ്റലിൽ ഇറക്കാമെന്ന് ഞങ്ങൾ ഡ്രൈവറോട് പറഞ്ഞിരുന്നു. അങ്ങിനെ ഞങ്ങൾ നാലുപേർ ബസ്സിൽ നിന്നും ഇറങ്ങി. ഞങ്ങളുടെ ബാഗ് അടക്കം ബസ്സിൽ വച്ചാണ് ഇറങ്ങിയത്, ഞങ്ങൾ പരുക്കേറ്റ് കിടക്കുന്ന ആളുടെ സമീപത്ത് എത്തിയപ്പോൾ തന്നെ ബസ് പോയിരുന്നു. ഞങ്ങളുടെ ബാഗ് അടക്കം
അതിലാണുള്ളത്. മനുഷ്യത്വമില്ലാത്ത ജീവനക്കാരാണ് ബസിലുണ്ടായിരുന്നത്.

Read Also: കെ.എസ്.ആർ.ടി.സി ശമ്പള വിതരണം ഭാഗികമായി ആരംഭിച്ചു

ആക്സിഡന്റ് പറ്റിയ വ്യക്തിക്ക് കാലിൽ മാരകമായ മുറിവുണ്ടായിരുന്നു, ചെറിയ വാഹനത്തിൽ കയറ്റാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. ഒരു കൈക്കും നല്ല പരുക്കുണ്ടായിരുന്നു. ഞങ്ങൾ വരുന്നതിന് 10 മിനിറ്റ് മുൻപാണ് ആക്സിഡന്റ്സംഭവിച്ചത്. ഞങ്ങൾ വന്ന ശേഷം 10 മിനിറ്റ് കഴിഞ്ഞാണ് ആംബുലൻസ് എത്തിയത്.
അയാളെ സ്ട്രെച്ചറിൽ ആംബുലൻസിൽ കയറ്റി കെ.എം.സി.ടി ഹോസ്പിറ്റലിൽ എത്തിച്ച സമയത്ത് അയാൾക്ക് അറ്റാക്ക് ഉണ്ടായി. അതുവരെ ഞങ്ങളോട് സംസാരിച്ചിരുന്ന വ്യക്തി പെട്ടെന്ന് മരണത്തിലേക്ക് വഴുതിവീണു. വല്ലാത്തൊരു വിങ്ങലാണ് മനസ്സിലുണ്ടായത്.

രാത്രി ആശുപത്രിയിൽ ചെലവിട്ട ശേഷം അവിടെനിന്നും നേരെ പോയത് തിരുവമ്പാടി ഡിപ്പോയിലേക്കാണ്. ഏകദേശം 7 മണിയായിക്കാണും. ബസ്സിൽ നിന്നും ഞങ്ങളുടെ ബാഗ് വാങ്ങി. കണ്ടക്ടറോട് കാര്യം പറഞ്ഞപ്പോൾ അയാൾക്ക് ഉത്തരവാദിത്വമില്ലെന്നും ഡ്രൈവറാണ് വണ്ടിയെടുത്തതെന്നും പറഞ്ഞൊഴിഞ്ഞു. ഡ്രൈവറോട് ചോദിച്ചപ്പോൾ
നിങ്ങൾ എന്നോട് അവിടെ കാത്തിരിക്കാൻ പറഞ്ഞില്ലല്ലോ എന്ന് വാദിച്ച് തർക്കിക്കുകയായിരുന്നു. നാളെ ഇയാൾക്ക് ഇതുപോലെ ഒരു അവസ്ഥ വരാതിരിക്കട്ടെ എന്ന് പ്രാർത്ഥിച്ച് ഞങ്ങൾ അവിടെ നിന്നും തിരികെ പോന്നു.

Story Highlights: Cruelty of KSRTC driver; Passengers were dropped on the way

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here