തിരുവനന്തപുരത്തും നിക്ഷേപത്തട്ടിപ്പ്; പള്ളിച്ചൽ കാർഷിക സഹകരണ സംഘത്തിൽ നിന്ന് നിക്ഷേപകർക്ക് ലഭിക്കാനുള്ളത് കോടികൾ

തിരുവനന്തപുരം സഹകരണ സംഘങ്ങളിൽ നിക്ഷേപിച്ച പണത്തിനായി അലഞ്ഞ് നിക്ഷേപകർ. പള്ളിച്ചൽ കാർഷിക സഹകരണ സംഘത്തിൽ നിന്ന് കോടികളാണ് നിക്ഷേപകർക്ക് ലഭിക്കാനുള്ളത്. ചികിത്സയ്ക്കും പഠനത്തിനും മറ്റാവശ്യങ്ങൾക്കുമായി പണം ആവശ്യപ്പെട്ട് നിരവധി കുടുംബങ്ങൾ വർഷങ്ങളായി കാത്തിരിക്കുകയാണ്. ഇതിൽ ഒരാളാണ് ബാലരാമപുരം സ്വദേശി പുഷ്കരൻ നായർ. [24 Exclusive] (thiruvananthapuram bank fraud exclusive)
വർഷങ്ങൾ നീണ്ട പ്രവാസജീവിതത്തിൻ്റെ ആകെ സമ്പാദ്യമാണ് പള്ളിച്ചൽ അഗ്രികൾച്ചറൽ ഇംപ്രൂവ്മെൻ്റ് സഹകരണ സംഘത്തിൽ നിക്ഷേപിച്ച 18.5 ലക്ഷം രൂപ. സ്വന്തമായി ഒരു വീടെന്ന ആഗ്രഹത്തിൻ്റെ വിലയായിരുന്നു അത്. എന്നാൽ, ഇപ്പോഴും പുഷ്കരൻ നായരും കുടുംബവും അന്തിയുറങ്ങുന്നത് ബന്ധുക്കളുടെ വീട്ടിലാണ്. സഹകരണ സംഘത്തിൽ നിന്ന് പണം തിരികെ ലഭിക്കാത്തതാണ് കാരണം.
85 വയസുകാരി സരസ്വതി അമ്മയുടെ നിക്ഷേപം 8.5 ലക്ഷം രൂപ. ചികിത്സയ്ക്ക് പോലും പണം മടക്കിക്കിട്ടാതെ ഈ കുടുംബവും പലയിടത്തുനിന്നായി കടം വാങ്ങി.
Read Also: കരുവന്നൂർ ബാങ്ക് അഴിമതി; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുന്ന ഹർജി ഇന്ന് വീണ്ടും പരിഗണിക്കും
60 ലക്ഷത്തോളം രൂപയാണ് ബാലരാമപുരം സ്വദേശി ജോസ് പ്രകാശിൻ്റെ നിക്ഷേപം. കച്ചവടലാഭത്തിൽ നിന്ന് സ്വരുക്കൂട്ടിനൽകിയ പണത്തിനായി സഹകരണ സംഘം സെക്രട്ടറിയുടെ കാല് പിടിക്കേണ്ട ഗതികേടിലാണ് ഇപ്പോൾ.
ഇങ്ങനെ 3 കോടിയിലധികം രൂപയാണ് പള്ളിച്ചൽ അഗ്രികൾച്ചറൽ ഇംപ്രൂവ്മെൻ്റ് സഹകരണ സംഘത്തിൽ നിന്ന് നിക്ഷേപകർക്ക് മടക്കിലഭിക്കാനുള്ളത്. ഭരണസമിതിയെ നോക്കുകുത്തിയാക്കി സെക്രട്ടറി വിഎസ് വിനു നടത്തിയ തിരിമറികളാണ് പ്രതിസന്ധിക്കിടയാക്കിയതെന്ന് ഇരകൾ ആരോപിക്കുന്നു.
അതേസമയം, കരുവന്നൂർ സഹകരണ ബാങ്ക് അഴിമതിയിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ബാങ്കിലെ മുൻ ജീവനക്കാരനായിരുന്ന എം.വി.സുരേഷ് നൽകിയ ഹർജിയാണ് ഒരു വർഷത്തിനുശേഷം കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നത്.
കേസ് സിപിഐഎം നേതാക്കൾ ഇടപെട്ട് അട്ടിമറിക്കുകയാണെന്നും, അതിനാൽ സിബിഐ അന്വേഷണം വേണമെന്നുമാണ് ഹർജിയിലെ ആവശ്യം. നേരത്തെ സർക്കാരും ബാങ്കും ഈ ആവശ്യത്തെ എതിർത്തിരുന്നു. ഏതാനും നിക്ഷേപകർ നൽകിയ മറ്റൊരു ഹർജിയും ഇന്ന് ഹൈക്കോടതി പരിഗണിക്കും. കാലാവധി പൂർത്തിയായ സ്ഥിരനിക്ഷേപങ്ങൾ പിൻവലിക്കാൻ എത്രപേർ അപേക്ഷ നൽകിയിട്ടുണ്ടെന്നറിയിക്കാൻ കഴിഞ്ഞ തവണ ഹർജി പരിഗണിക്കവെ കോടതി നിർദ്ദേശം നൽകിയിരുന്നു. വിഷയത്തിൽ സർക്കാരിന് എന്ത് ചെയ്യാൻ കഴിയുമെന്ന് അറിയിക്കണമെന്നും ജസ്റ്റിസ് ടി.ആർ. രവി നിർദേശം നൽകിയിരുന്നു.
Story Highlights: thiruvananthapuram bank fraud 24 exclusive
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here