Advertisement

അറിയാം ചൈല്‍ഡ് സ്‌പേസിങും സുരക്ഷിത ഗര്‍ഭധാരണവും

August 5, 2022
Google News 2 minutes Read
child spacing and safe pregnancy

ഗര്‍ഭധാരണ കാലഘട്ടത്തിലും അതിന് ശേഷവുമുള്ള അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം വളരെ പ്രധാനമാണ്. അമ്മയുടെ ശാരീരിക, മാനസിക ആരോഗ്യത്തിനും കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും പ്രധാന പങ്കുവഹിക്കുന്നുണ്ട് പ്രസവങ്ങള്‍ തമ്മിലുള്ള ഇടവേള. ആരോഗ്യകരമായ രീതിയില്‍ എപ്പോള്‍ ഗര്‍ഭധാരണം നടത്തണമെന്ന് തീരുമാനിക്കുന്നതിനും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം ഉറപ്പുവരുത്തുന്നതിനും സ്വീകരിക്കുന്ന ‘കുടുംബാസൂത്രണം’ എന്ന ക്രമീകരണം ഇവിടെ പ്രസക്തമാണ്.(child spacing and safe pregnancy)

പ്രസവങ്ങള്‍ തമ്മില്‍ കുറഞ്ഞത് മൂന്ന് വര്‍ഷങ്ങളുടെ ഇടവേള വേണമെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്. ഈ ഉചിതമായ ഇടവേളയാണ് ചൈല്‍ഡ് സ്‌പേസിംഗ് എന്നറിയപ്പെടുന്നത്. ഗര്‍ഭം ധരിക്കുമ്പോള്‍ രണ്ട് കുട്ടികളുടെ ജനനത്തിനിടയിലുള്ള അനുയോജ്യമായ ഇടവേള ചുരുങ്ങിയത് 3 വര്‍ഷമാണ്.

രണ്ട് ഗര്‍ഭധാരണത്തിനിടയിലെ ചൈല്‍ഡ് സ്‌പേസിങ് കൊണ്ടുള്ള ഗുണങ്ങള്‍ എന്തെല്ലാമെന്ന് പരിശോധിക്കാം. ഗര്‍ഭാവസ്ഥ മൂലവും പ്രസവം മൂലവും ശരീരത്തിനുണ്ടായ മാറ്റങ്ങളില്‍ നിന്നും പഴയതുപോലെ ആകാന്‍ അമ്മയുടെ ശരീരത്തിന് സമയം ആവശ്യമാണ്. സ്‌പേസിങ് വഴി അടുത്ത ഗര്‍ഭധാരണത്തിനായി തയ്യാറെടുക്കാനും അമ്മയുടെ ആരോഗ്യം, പോഷകാഹാര നില, ഊര്‍ജ്ജം എന്നിവ വീണ്ടെടുക്കാനും കൂടുതല്‍ സമയം ലഭിക്കും.

ഉചിതമായ സ്‌പേസിങ്ങിനു ശേഷം പ്രസവിക്കുന്ന സ്ത്രീകള്‍ക്ക് പ്രസവവുമായി ബന്ധപ്പെട്ട മരണത്തിനുള്ള സാധ്യതയും ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ക്കുള്ള സാധ്യതയും കുറയുന്നതായി കാണപ്പെടുന്നു. ഇങ്ങനെ ചുരുങ്ങിയത് 3 വര്‍ഷത്തെ സ്‌പേസിങ്ങിനു ശേഷം ജനിച്ച കുട്ടികള്‍ക്ക് ബാല്യത്തിന്റെ എല്ലാ ഘട്ടങ്ങളിലും അതിജീവനത്തിനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

സ്‌പേസിങ് വഴി അടുത്തടുത്ത് കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നതു മൂലമുള്ള സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കുറയും.ശരിയായ സ്‌പേസിങ്ങിലൂടെ കുഞ്ഞിനെ മുലയൂട്ടാനും പരിപാലിക്കാനും കൂടുതല്‍ സമയം അമ്മയ്ക്കും അച്ഛനും ലഭിക്കുന്നു.

ഇങ്ങനെ പ്രസവങ്ങള്‍ തമ്മില്‍ ഇടവേളയില്ലെങ്കില്‍ അമ്മയുടെ ആരോഗ്യത്തെയും കുഞ്ഞിനെയും ഇത് ബാധിക്കും. ഒരു പ്രസവം കഴിഞ്ഞ് ആറുമാസത്തിനുള്ളില്‍ ഗര്‍ഭധാരണം ആരംഭിക്കുന്നത് കുഞ്ഞിന്റെ അകാല ജനനം, പ്രസവത്തിന് മുമ്പ് മറുപിള്ള ഗര്‍ഭപാത്രത്തിന്റെ ആന്തരിക ഭിത്തിയില്‍ നിന്ന് ഭാഗികമായോ പൂര്‍ണ്ണമായോ പുറംതള്ളുന്ന അവസ്ഥ (പ്ലാസന്റല്‍ അബ്രപ്ഷന്‍),കുഞ്ഞിന്റെ കുറഞ്ഞ ജനന ഭാരം, വൈകല്യങ്ങള്‍ എന്നിവയ്ക്ക് കാരണമായേക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

2 വയസ്സിന് താഴെയുള്ള ഒരു കുട്ടിക്ക് പിന്നാലെ മറ്റൊരു കുഞ്ഞ് കൂടെ ജനിക്കുമ്പോള്‍ ആ കുഞ്ഞിന്റെ ആരോഗ്യത്തെയും വളര്‍ച്ചയെയും ഇത് പ്രതികൂലമായി ബാധിക്കും. ഇങ്ങനെയുള്ള സന്ദര്‍ഭത്തില്‍ മുതിര്‍ന്ന കുട്ടിയുടെ മുലയൂട്ടല്‍ നിര്‍ത്തിയേക്കാം. മുതിര്‍ന്ന കുട്ടിക്ക് ഭക്ഷണം തയ്യാറാക്കാനും കുട്ടിക്ക് ആവശ്യമായ പരിചരണവും ശ്രദ്ധയും നല്‍കാനും അമ്മയ്ക്ക് സമയം കുറവായിരിക്കും. ഇടവേള കുറഞ്ഞ ഗര്‍ഭധാരണവും മുലയൂട്ടലും അമ്മയ്ക്ക് വിളര്‍ച്ച ഉണ്ടാക്കാനും കാരണമാകും.

ആസൂത്രിതമല്ലാത്ത ഗര്‍ഭധാരണം ഒഴിവാക്കുകയും ഉചിതമായ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് കുട്ടികള്‍ക്കിടയിലുള്ള ഇടവേള ഉറപ്പാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഈ ചൈല്‍ഡ് സ്‌പേസിങില്‍ താത്ക്കാലിക ഗര്‍ഭ നിരോധന മാര്‍ഗ്ഗങ്ങളായ ഗര്‍ഭനിരോധന ഉറ, ഗര്‍ഭനിരോധന ഗുളികകള്‍, കോപ്പര്‍ ടി അഥവാ ഐ.യു.സി.ഡി, ഗര്‍ഭ നിരോധന കുത്തിവയ്പ്പ് തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്. ഇവ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ സൗജന്യമായി ലഭ്യമാണ്.

വിവിധതരം ഗര്‍ഭനിരോധന മാര്‍ഗങ്ങളുണ്ട്. ഗര്‍ഭനിരോധനത്തിനായുള്ള താല്‍ക്കാലിക മാര്‍ഗങ്ങള്‍ ഏതെല്ലാമെന്ന് പരിശോധിക്കാം.

  1. ഗര്‍ഭനിരോധന ഉറ അഥവാ കോണ്ടം

ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ ഏറ്റവും ലളിതമായ ഗര്‍ഭനിരോധനമാര്‍ഗ്ഗമാണ് ഗര്‍ഭനിരോധന ഉറ അഥവാ കോണ്ടം. ലൈംഗികബന്ധ സമയത്ത് ശുക്ലം, സ്‌നേഹദ്രവം എന്നിവ പങ്കാളിയുടെ ഉള്ളില്‍ പ്രവേശിക്കുന്നത് ഒരു സുരക്ഷാ കവചം പോലെ ഉറ തടയുന്നു. നിരോധ് എന്ന പേരില്‍ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങള്‍ വഴി ലൂബ്രിക്കേറ്റഡ് ഉറകള്‍ സൗജന്യമായി ലഭ്യമാണ്.

  1. ഗര്‍ഭനിരോധന ഗുളികകള്‍

ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ ഒരു ശതമാനത്തില്‍ താഴെ മാത്രം പരാജയസാധ്യത ഉള്ളതാണ് ഹോര്‍മോണ്‍ അടങ്ങിയ ഗുളികകള്‍. മറ്റ് ചില ഗുളികകളോടൊപ്പം കഴിക്കുമ്പോള്‍ ഇവയുടെ ഫലപ്രാപ്തി കുറയാം. മാത്രമല്ല, ചില ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ക്ക് കഴിക്കാന്‍ പാടില്ല തുടങ്ങിയ നിയന്ത്രണങ്ങളുമുണ്ട്. ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രമേ ഇവ ഉപയോഗിക്കാന്‍ പാടുള്ളൂ.

3.ഗര്‍ഭനിരോധന പാച്ചുകള്‍

ഇടയ്ക്കിടെ ഗുളിക കഴിക്കാന്‍ മറക്കുന്നവര്‍ക്ക് വേണ്ടിയാണ് പാച്ചുകള്‍. ഇവ ശരീരത്തില്‍ ധരിക്കാവുന്നതാണ്. ആഴ്ചയില്‍ ഒരിക്കല്‍ മാറ്റി ധരിക്കേണ്ടതാണ്. ഗുളികകളെ പോലെ ഹോര്‍മോണ്‍ ഉപയോഗിച്ചാണ് ഇവ ഗര്‍ഭധാരണം തടയുന്നത്. ഗുളികകളുടെ അത്രതന്നെ ഫലപ്രദവുമാണ്.

  1. കോപ്പര്‍ ടി (ഐയുഡി)

കോപ്പര്‍ ടിയിലെ ചെമ്പ് ബീജങ്ങളെ നശിപ്പിക്കുന്നത് വഴി ഗര്‍ഭധാരണം തടയുന്നു.ഇവിടെ ഠ ആകൃതിയിലുള്ള ഒരുപകരണം ഗര്‍ഭപാത്രത്തിനുള്ളില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ഇതിന് ശസ്ത്രക്രിയ ആവശ്യമില്ല. ഇത്തരം ലൂപ്പുകള്‍ 7 വര്‍ഷം വരെ തുടര്‍ച്ചയായി ഉപയോഗിക്കാന്‍ സാധിക്കാറുണ്ട്. അതിനാല്‍ ഉടനേ കുട്ടി വേണ്ട എന്നുള്ളവര്‍ക്ക് ഇത് സഹായകമാണ്.സര്‍ക്കാര്‍ ആശുപത്രികള്‍ വഴിയും സാമൂഹിക ആരോഗ്യകേന്ദ്രങ്ങള്‍ വഴിയും കോപ്പര്‍ ടി സൗജന്യമായി ലഭ്യമാണ്.

5.അടിയന്തിര ഗര്‍ഭനിരോധന ഗുളികകള്‍

സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം കഴിഞ്ഞ് 72 മണിക്കൂറിനുള്ളില്‍ കഴിക്കുന്ന അടിയന്തിര ഗര്‍ഭനിരോധന ഗുളികകളാണിവ.

6.ബീജനാശിനികള്‍

പുരുഷബീജത്തെ നശിപ്പിക്കുന്ന ബീജനാശിനികള്‍(സ്‌പേര്‍മിസൈഡ്) ഗര്‍ഭനിരോധനത്തിനായി തെരഞ്ഞെടുക്കുന്ന രീതിയാണിത്. ലേപനം, ജെല്ലി രൂപങ്ങളിലുള്ള ഇവ സ്ത്രീകളുടെ യോനിയിലാണ് പുരട്ടേണ്ടത്. ബന്ധപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പ് പുരട്ടേണ്ട ലേപനങ്ങളും ഉണ്ട്. അടിക്കടിയുള്ള ഉപയോഗം ചിലരില്‍ അലര്‍ജിക്ക് ഇടയാക്കിയേക്കും. ഉപയോഗിക്കാന്‍ എളുപ്പമാണെങ്കിലും 73% വിജയസാധ്യതയാണ് ഈ മാര്‍ഗത്തിനുള്ളത്.

7.ഡയഫ്രം

ഗര്‍ഭാശയമുഖത്ത് ധരിക്കുന്ന ഒന്നാണ് ഡയഫ്രം. ഇതില്‍ ബീജനാശിനികള്‍ പുരട്ടുന്നത് കൂടുതല്‍ ഫലം നല്‍കും. ലൈംഗികരോഗങ്ങളെ തടുക്കാന്‍ ഇവയ്ക്ക് ശേഷിയില്ല. ആര്‍ത്തവസമയത്ത് ഇവ ഉപയോഗിക്കാന്‍ പാടുള്ളതല്ല. 85% വിജയസാധ്യതയാണ് ഈ മാര്‍ഗത്തിനുള്ളത്. ഡയഫ്രത്തിന് സമാനമായി സെര്‍വിക്കല്‍ ക്യാപ്പുകള്‍ ഉപയോഗിക്കുന്ന രീതിയും നിലവിലുണ്ട്. ബീജങ്ങള്‍ ഗര്‍ഭപാത്രത്തിലേക്ക് കടക്കാതെ ഇവ സംരക്ഷിക്കുന്നു. ഇതുവരെ ഗര്‍ഭിണി ആകാത്തവരിലാണ് ഈ രീതി കൂടുതല്‍ ഫലപ്രദം. 48 മണിക്കൂര്‍ വരെ സെര്‍വിക്കല്‍ ക്യാപുകള്‍ ഉപയോഗിക്കാം. ഇവ ഡോക്ടറുടെ സഹായത്തോടെ വേണം സ്ഥാപിക്കാന്‍.

8.ഗര്‍ഭനിരോധന സ്‌പോഞ്ച്

ഗര്‍ഭനിരോധന സ്‌പോഞ്ച് ബീജനാശിനികള്‍ കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഗര്‍ഭാശയമുഖത്താണ് ഇത് സ്ഥാപിക്കുക. ഇതുവരെ ഗര്‍ഭിണി ആകാത്തവരിലാണ് ഈ രീതി കൂടുതല്‍ ഫലപ്രദം. ഡയഫ്രത്തെയും സെര്‍വിക്കല്‍ ക്യാപിനെയും അപേക്ഷിച്ച് ഡോക്ടറുടെ സഹായം ആവശ്യമില്ലെങ്കിലും ഇവ ഗര്‍ഭാശയമുഖത്ത് സ്ഥാപിക്കുന്നത് സൂഷ്മതയോടെ ചെയ്യേണ്ടതാണ്. ലൈംഗികരോഗ പ്രതിരോധശേഷിയില്ല. മാസമുറ സമയത്ത് ഉപയോഗിക്കരുത്.

9.വജൈനല്‍ റിംഗ്

യോനിയില്‍ ധരിക്കാവുന്ന പ്ലാസ്റ്റിക് റിംഗുകളാണിവ. ഗുളികയെയും പാച്ചുകളെയും പോലെ ഹോര്‍മോണ്‍ ഉപയോഗിച്ചുള്ള ഗര്‍ഭനിരോധമാര്‍ഗമാണിത്. മാസത്തില്‍ ഒരു തവണയേ മാറ്റേണ്ടതുള്ളു. യോനിയില്‍ അസ്വസ്ഥതകള്‍ ഉണ്ടാകുന്നതിനും പാര്‍ശ്വഫലങ്ങള്‍ക്കും സാധ്യതയുണ്ട്.

10.ഗര്‍ഭനിരോധന കുത്തിവെപ്പ്

ഹോര്‍മോണ്‍ കുത്തിവെപ്പുകള്‍ മൂന്നുമാസം വരെ ഗര്‍ഭധാരണം തടയും. 97% വിജയസാധ്യതയാണ് ഈ മാര്‍ഗത്തിനുള്ളത്. വര്‍ഷത്തില്‍ നാല് തവണ മാത്രമേ ഇവ ഉപയോഗിക്കാന്‍ പാടുള്ളു.

ഗര്‍ഭനിരോധനത്തിനുള്ള സ്ഥിരമാര്‍ഗ്ഗങ്ങള്‍ ഏതെല്ലാം?

വാസക്ടമി, ട്യൂബക്ടമി

ഭാവിയില്‍ ഇനി കുട്ടികള്‍ വേണ്ട എന്ന തീരുമാനമെടുത്തവര്‍ക്ക് സ്ഥിരമായ ഗര്‍ഭനിരോധനമാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാം. ഇതിനായി സ്ത്രീകളില്‍ അണ്ഢവാഹിനിക്കുഴലില്‍ മാറ്റങ്ങള്‍ വരുത്തുന്ന ട്യൂബക്ടമി ശസ്ത്രക്രിയയും പുരുഷന്‍മാരില്‍ ബീജം ശുക്ലവുമായി കലരുന്നത് തടയുന്ന വാസക്ടമിയുമാണ് നിലവിലുള്ളത്. മിനി ലാപ്പ്രോട്ടമി, ലാപ്രോസ്‌കോപ്പി, പോസ്റ്റ് പാര്‍ട്ടം സ്റ്ററിലൈസേഷന്‍ എന്നീ പേരുകളിലാണ് ട്യൂബക്ടമി അറിയപ്പെടുന്നത്.വാസക്ടമി ഒരു തരത്തിലും ഉദ്ധാരണശേഷിയേയോ സ്ഖലനത്തെയോ ലൈംഗിക ശേഷിയെയോ ബാധിക്കില്ല. സിസേറിയന്‍ ശസ്ത്രക്രിയ ആണെങ്കില്‍ കൂടെത്തന്നെ പ്രസവം നിര്‍ത്താം എന്ന കാരണത്താല്‍ പലരും ട്യൂബക്ടമി ചെയ്യാറുണ്ട്. ഇതൊഴിച്ചാല്‍ അത്യന്തം ലളിതമായി പുരുഷന്‍മാരില്‍ ചെയ്യാവുന്ന വാസക്ടമി തന്നെയാണ് സ്ഥിര ഗര്‍ഭനിരോധനത്തിന് ഏറ്റവും എളുപ്പമാര്‍ഗ്ഗം എന്ന് പറയാം.രണ്ട് രീതിയായാലും ‘റീകനാലൈസേഷന്‍’ എന്ന വഴിയിലൂടെ ഒരുപരിധി വരെ ഗര്‍ഭധാരണശേഷി തിരിച്ച് കിട്ടാന്‍ സാധ്യതയുണ്ടെങ്കിലും ഇത് എല്ലായ്‌പോഴും വിജയിക്കണമെന്നില്ല. ഇന്ന് താക്കോല്‍ ദ്വാര ശസ്ത്രക്രിയ വഴിയും ട്യൂബക്ടമി ലഭ്യമാണ്. ആശുപത്രിവാസം അധികം ആവശ്യമില്ല.

സര്‍ക്കാര്‍ ആശുപത്രികള്‍, പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, ഉപകേന്ദ്രങ്ങള്‍ എന്നിവ വഴി രാജ്യത്തുടനീളം കുടുംബാസൂത്രണ മാര്‍ഗ്ഗങ്ങള്‍ സൗജന്യമായി ലഭ്യമാണ്.

Story Highlights: child spacing and safe pregnancy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here