Commonwealth Games 2022 മികച്ച തുടക്കം കളഞ്ഞുകുളിച്ച് ഇന്ത്യ; ഇംഗ്ലണ്ടിന് 165 റൺസ് വിജയലക്ഷ്യം

കോമൺവെൽത്ത് ഗെയിംസ് ക്രിക്കറ്റ് സെമിഫൈനലിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 165 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 164 റൺസ് നേടി. ഓപ്പണർ സ്മൃതി മന്ദന നേടിയ തകർപ്പൻ തുടക്കം മുതലെടുക്കാൻ കഴിയാതെ പോയത് ഇന്ത്യക്ക് തിരിച്ചടിയാവുകയായിരുന്നു. 61 റൺസെടുത്ത സ്മൃതി തന്നെയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ജമീമ റോഡ്രിഗസ് 44 റൺസ് നേടി പുറത്താവാതെ നിന്നു.
ആദ്യ പന്ത് മുതൽ ആക്രമിച്ചുകളിച്ച സ്മൃതി ഇന്ത്യക്ക് ഗംഭീര തുടക്കമാണ് നൽകിയത്. ഒരുവശത്ത് സ്മൃതി അടിച്ചുതകർക്കുമ്പോൾ മറുവശത്ത് ഷഫാലി വർമ സ്മൃതിയ്ക്ക് പിന്തുണ നൽകി. ബൗളർമാർ മാറിമാറി എറിഞ്ഞിട്ടും സ്മൃതിയെ വീഴ്ത്താനായില്ല. വെറും 23 പന്തുകളിൽ താരം ഫിഫ്റ്റി തികച്ചു. ഇതിനിടെ ഷഫാലി മടങ്ങി. 15 റൺസെടുത്ത താരം സ്മൃതിയുമൊത്ത് ആദ്യ വിക്കറ്റിൽ 76 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. ഏറെ വൈകാതെ സ്മൃതിയും മടങ്ങി. 32 പന്തുകൾ നേരിട്ടാണ് താരം 61 റൺസെടുത്തത്.
ഹർമൻപ്രീത് കൗറിന് ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും അത് മുതലെടുക്കാനായില്ല. 20 റൺസെടുത്ത് ഇന്ത്യൻ ക്യാപ്റ്റൻ മടങ്ങി. എന്നാൽ, മൂന്നാം നമ്പറിലെത്തിയ ജമീമ റോഡ്രിഗസ് തകർപ്പൻ ഫോം തുടർന്നു. നാലാം വിക്കറ്റിൽ ദീപ്തി ശർമയുമായിച്ചേർന്ന് ജമീമ ഇന്ത്യയെ കൈപിടിച്ചുയർത്തി. 53 റൺസിൻ്റെ കൂട്ടുകെട്ടിലാണ് ഇരുവരും പങ്കാളികളായത്. അവസാന ഓവറിൽ ദീപ്തി (22) മടങ്ങി. 31 പന്തിൽ 44 റൺസെടുത്ത ജമീമ പുറത്താവാതെ നിന്നു.
Story Highlights: commonwealth games india cricket england
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here