Commonwealth Games 2022 ആവേശപ്പോരിൽ ഇന്ത്യക്ക് 4 റൺസ് ജയം; വെള്ളിമെഡൽ ഉറപ്പ്

കോമൺവെൽത്ത് ഗെയിംസ് ക്രിക്കറ്റിൻ്റെ സെമിഫൈനലിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ ഫൈനലിൽ. ഇന്ത്യ മുന്നോട്ടുവച്ച 165 റൺസ് പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ടിന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 160 റൺസ് നേടാനേ സാധിച്ചുള്ളൂ. ആദ്യം ഒന്ന് പതറിയെങ്കിലും അവസാന ഘട്ടത്തിലെ തകർപ്പൻ ബൗളിംഗ് ഇന്ത്യയെ വിജയിപ്പിക്കുകയായിരുന്നു. 41 റൺസ് നേടിയ നതാലി സിവർ ആണ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ. ഓപ്പണർ ഡാനിയൽ വ്യാട്ട് 35 റൺസെടുത്തു. ഇന്ത്യക്കായി സ്നേഹ് റാണ രണ്ട് വിക്കറ്റ് വീഴ്ത്തി. (Commonwealth india cricket won)
ഇന്ത്യയെപ്പോലെ ഇംഗ്ലണ്ടിനും തകർപ്പൻ തുടക്കം ലഭിച്ചു. ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനം നടത്തിയ രേണുക സിംഗിന് ഇന്ന് തൊട്ടതെല്ലാം പിഴച്ചു. ആദ്യ പന്ത് തന്നെ നോബോൾ. ആ പന്തിലും അടുത്ത പന്തിലും സോഫിയ ഡങ്ക്‌ലി ബൗണ്ടറി നേടുകയും ചെയ്തു. ആദ്യ ഓവറിൽ 15 റൺസ് പിറന്നു. ഓപ്പണർമാരായ സോഫിയയും വ്യാട്ടും ഒരുപോലെ ആക്രമിച്ചതോടെ ഇന്ത്യ പതറി. എന്നാൽ, മൂന്നാം ഓവർ എറിയാനെത്തിയ ദീപ്തി ശർമ ഡങ്ക്‌ലിയെ പുറത്താക്കി ഇന്ത്യക്ക് ആദ്യ ബ്രേക്ക്‌ത്രൂ സമ്മാനിച്ചു. കൗമാര താരം ആലിസ് കാപ്സി (13) നന്നായി തുടങ്ങിയെങ്കിലും ദൗർഭാഗ്യകരമായി റണ്ണൗട്ടായി. എന്നാൽ, മറുവശത്ത് വ്യാട്ട് തകർപ്പൻ ഫോമിലായിരുന്നു. ഇന്ത്യയെ വിറപ്പിച്ച വ്യാട്ട് ഒടുവിൽ സ്നേഹ് റാണയ്ക്ക് മുന്നിൽ വീണു.
Read Also: Commonwealth Games 2022 മികച്ച തുടക്കം കളഞ്ഞുകുളിച്ച് ഇന്ത്യ; ഇംഗ്ലണ്ടിന് 165 റൺസ് വിജയലക്ഷ്യം
വ്യാട്ട് കൂടി മടങ്ങിയതോടെ ഇന്ത്യക്ക് നേരിയ പ്രതീക്ഷ ലഭിച്ചു. എന്നാൽ, നാലാം വിക്കറ്റിൽ നതാലി സിവറും ഏമി ജോൺസും ചേർന്ന് ഇംഗ്ലണ്ടിനെ വീണ്ടും ഡ്രൈവിങ് സീറ്റിലെത്തിച്ചു. സിവർ നങ്കൂരമിട്ട് കളിച്ചപ്പോൾ ഏമി ഇന്ത്യൻ ബൗളർമാരെ കടന്നാക്രമിച്ചു. 54 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടിനൊടുവിൽ ഏമി ജോൺസ് മടങ്ങി. 31 റൺസെടുത്ത ഏമി റണ്ണൗട്ടാവുകയായിരുന്നു. അവസാന രണ്ട് ഓവറിൽ 27 റൺസായിരുന്നു ഇംഗ്ലണ്ടിൻ്റെ വിജയലക്ഷ്യം. പൂജ വസ്ട്രാക്കർ എറിഞ്ഞ 19ആം ഓവറിൽ 13 റൺസ് നേടിയെങ്കിലും സിവർ റണ്ണൗട്ടായി. 14 റൺസ് ആവശ്യമുള്ള അവസാന ഓവറിൽ സ്നേഹ് റാണ തകർത്തെറിഞ്ഞതോടെ ജയം ഇന്ത്യക്ക്. ഓവറിൽ 9 റൺസ് വഴങ്ങിയ സ്നേഹ് റാണ ബ്രണ്ടിൻ്റെ വിക്കറ്റും സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 164 റൺസ് നേടിയത്. ഓപ്പണർ സ്മൃതി മന്ദന നേടിയ തകർപ്പൻ തുടക്കം മുതലെടുക്കാൻ കഴിയാതെ പോയത് ഇന്ത്യക്ക് തിരിച്ചടിയാവുകയായിരുന്നു. 61 റൺസെടുത്ത സ്മൃതി തന്നെയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ജമീമ റോഡ്രിഗസ് 44 റൺസ് നേടി പുറത്താവാതെ നിന്നു.
Story Highlights: Commonwealth Games india women cricket won england
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here