Advertisement

ദേശീയ പതാക ഉയര്‍ത്താനുള്ള കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹം: കെ.സുരേന്ദ്രന്‍

August 6, 2022
Google News 2 minutes Read

പ്രധാനമന്ത്രിയുടെ ആഹ്വാനം അനുസരിച്ച് ദേശീയ പതാക ഉയര്‍ത്താനുള്ള കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് അവര്‍ക്ക് സദ്ബുദ്ധി തോന്നുന്നത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത് കമ്മ്യൂണിസ്റ്റുകാര്‍ അംഗീകരിച്ചത് നല്ല കാര്യമാണ്. ഓഗസ്റ്റ് 15 കരിദിനമായി ആചരിച്ചവരുടെ മാറ്റം ദേശീയതയുടെ വിജയമാണ്. റഷ്യ ബ്രിട്ടനുമായി സഖ്യത്തിലായതു കൊണ്ട് സ്വാതന്ത്ര്യത്തെ എതിര്‍ത്തവരാണ് കമ്മ്യൂണിസ്റ്റുകാര്‍.
വികസന പ്രവര്‍ത്തനങ്ങളെ തുരങ്കം വെക്കാന്‍ പാര്‍ലമെന്റ് തടസപ്പെടുത്തുന്ന സമീപനം ഇടതുപക്ഷ പാര്‍ട്ടികള്‍ ഉപേക്ഷിക്കണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ പ്രതിമ അദ്ദേഹത്തിന്റെ ജന്മനാടായ തുഞ്ചന്‍ പറമ്പില്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തത് മതമൗലികവാദികളെ പ്രീണിപ്പിക്കാനാണ്. കേരളത്തെ വീണ്ടെടുക്കാന്‍ ബിജെപി പ്രതിഞ്ജാബദ്ധമാണ്. സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ എഴുത്തച്ഛന്റെ പ്രതിമ അടുത്ത കര്‍ക്കിടകത്തിന് മുമ്പ് ബിജെപി തുഞ്ചന്‍ പറമ്പില്‍ സ്ഥാപിക്കുമെന്നും കൊല്ലത്ത് നടന്ന സംസ്ഥാന നേതൃയോഗത്തില്‍ അദ്ദേഹം പറഞ്ഞു.

സില്‍വര്‍ലൈന്‍ നടപ്പാകില്ലെന്ന് ബിജെപി പറഞ്ഞു. കേരളത്തിന്റെ താത്പര്യത്തിനെതിരായ പദ്ധതിക്കെതിരെ ബിജെപി പ്രവര്‍ത്തിക്കുകയും അത് നടപ്പാക്കാത്ത സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു. അട്ടപ്പാടിയിലെ മധുവിന്റെ വധക്കേസ് അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കം ബിജെപി എതിര്‍ക്കും. കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ പാര്‍ട്ടി നിശ്ചയിച്ച സംഘം ഇത് സംബന്ധിച്ച് കേന്ദ്ര പട്ടികവര്‍ഗ മന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസംഘം ഉടന്‍ കേരളത്തിലെത്തും. സഹകരണ ബാങ്കുകളിലെ ക്രമക്കേടിനെതിരെ ബിജെപി സമരമുഖത്താണുള്ളത്. സഹകരണ ബാങ്കുകളെ ഇടത്-വലത് മുന്നണികള്‍ അഴിമതിയുടെ കേന്ദ്രമാക്കി മാറ്റുകയാണ്. കേരളത്തില്‍ ബിജെപി ബദല്‍ രാഷ്ട്രീയമാണ് മുന്നോട്ട് വെക്കുന്നതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

അഴിമതിയും സ്വജനപക്ഷപാതവും വര്‍ഗീയതയും കൊടികുത്തി വാഴുന്ന സാഹചര്യമാണ് കേരളത്തില്‍. ശ്രീറാം വെങ്കിട്ടരാമന്‍ തെറ്റ് ചെയ്‌തെങ്കില്‍ ശിക്ഷിക്കപ്പെടണം. എന്നാല്‍ ആലപ്പുഴ കളക്ടറായ ശേഷം അദ്ദേഹത്തെ മാറ്റിയത് എന്ത് അടിസ്ഥാനത്തിലാണ്. വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിട്ട ശേഷം അത് പിന്‍വലിച്ചു. പിണറായി സര്‍ക്കാര്‍ മതമൗലികവാദികള്‍ക്ക് മുമ്പില്‍ മുട്ടിലിഴയുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Story Highlights: Communist government’s decision to hoist the national flag is welcome: K. Surendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here