Advertisement

വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി ട്വന്റി പരമ്പര ഇന്ത്യയ്ക്ക്

August 7, 2022
Google News 2 minutes Read
Twenty Twenty: India beat West Indies

വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി ട്വന്റി പരമ്പരയിലെ നാലാം മത്സരത്തില്‍ 59 റണ്‍സിന്‍റെ മിന്നുംവിജയവുമായി ഇന്ത്യ. ഇതോടെ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി. 192 റൺസിന്റെ വിജയലക്ഷ്യവുമായിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിനെ 19.1 ഓവറില്‍ ഇന്ത്യ എറിഞ്ഞിടുകയായിരുന്നു. വെസ്റ്റ് ഇന്‍ഡീസ് വെറും 132 റണ്‍സിന് ഓള്‍ ഔട്ടായി. ക്യാപ്റ്റന്‍ നിക്കോളാസ് പുരാനും റൊവ്മാന്‍ പവലും 24 റണ്‍സ് വീതം നേടിയപ്പോൾ മറ്റ് ബാറ്റ്സ്മാൻമാരെല്ലാം നിരാശപ്പെടുത്തി.

അര്‍ഷദീപ് സിംഗ് വെസ്റ്റ് ഇന്‍ഡീസിന്റെ മൂന്ന് വിക്കറ്റ് എറിഞ്ഞിട്ടപ്പോൾ, ആവേശ് ഖാന്‍, അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതമെടുത്തു. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കി. പരമ്പരയിലെ അവസാന മത്സരം ഇതേ ഗ്രൗണ്ടില്‍ തന്നെയാണ് നടക്കുന്നത്.

Read Also: ഇന്ത്യയുടെ ‘കളക്ടീവ് എഫർട്ട്’; വിൻഡീസിന് 192 റൺസ് വിജയലക്ഷ്യം

ഭുവനേശ്വര്‍ കുമാറിന്‍റെ ആദ്യ ഓവറില്‍ ബ്രാണ്ടന്‍ കിംഗും കെയ്ല്‍ മയേഴ്സും ചേർന്ന് 14 റണ്‍സാണ് അടിച്ചുകൂട്ടിയത്. എന്നാല്‍ രണ്ടാം ഓവറില്‍ ബ്രാണ്ടന്‍ കിംഗിനെ(8 പന്തില്‍ 13) മടക്കി ആവേശ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടതോടെ വെസ്റ്റ് ഇന്‍ഡീസിസ് തോൽവി മണത്തു തുടങ്ങി. ഡെവോണ്‍ തോമസിനെ (1) തന്‍റെ രണ്ടാം ഓവറില്‍ ആവേശ് തന്നെ മടക്കി. കെയ്ല്‍ മയേഴ്സിനെ (16) അക്സര്‍ പട്ടേലാണ് വീഴ്ത്തിയത്. 8 പന്തില്‍ 24 റൺസുമായി ഇന്ത്യയെ വിറപ്പിച്ച ക്യാപ്റ്റന്‍ നിക്കോളാസ് പുരാനെ സഞ്ജു സാംസണിന്‍റെ ത്രോയില്‍ റിഷഭ് പന്ത് റണ്ണൗട്ടാക്കുകയായിരുന്നു. ഇതോടെ വിന്‍ഡീസ് പരാജയം മണത്തു. റൊവ്മാന്‍ പവൽ 16 പന്തില്‍ 24 റൺസും ഷിമ്രോണ്‍ ഹെറ്റ്മെയർ 19 റൺസും നേടി.

ഏറ്റവും ഒടുവിൽ പൊരുതി നോക്കിയ ഹോള്‍ഡറെയും (13), ഡൊമനിക് ഡ്രേക്ക്സിനെയും (5) ഒബേഡ് മക്കോയിയെയും (2) വീഴ്ത്തി വിന്‍ഡീസിന്‍റെ തോല്‍വി പൂര്‍ത്തിയാക്കിയത് അര്‍ഷദീപ് ജേസണാണ്. ഇന്ത്യക്കായി അര്‍ഷദീപ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ആവേശ് ഖാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. അക്സര്‍ നാലോവറില്‍ 48 റണ്‍സ് വഴങ്ങിയെങ്കിവും രണ്ട് വിക്കറ്റ് നേടി. രവി ബിഷ്ണോയും രണ്ട് വിക്കറ്റെടുത്തു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 191 റൺസാണ് നേടിയത്. ഇന്ത്യൻ നിരയിൽ ആരും ഫിഫ്റ്റി നേടിയില്ലെങ്കിലും ദിനേശ് കാർത്തിക് ഒഴികെ ബാക്കി താരങ്ങളെല്ലാം മികച്ച പ്രകടനം കാഴ്ചവച്ചു. 44 റൺസെടുത്ത ഋഷഭ് പന്ത് ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ക്യാപ്റ്റൻ രോഹിത് ശർമ 33 റൺസെടുത്തു.

Read Also: വരുൺ ചക്രവർത്തി പൂർണമായും മാച്ച് ഫിറ്റല്ലെന്ന് റിപ്പോർട്ട്

തകർപ്പൻ തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. തുടർബൗണ്ടറികളുമായി രോഹിത് ശർമ ആഞ്ഞടിച്ചപ്പോൾ സൂര്യകുമാർ യാദവും തകർത്തടിച്ചു. ആദ്യ വിക്കറ്റിൽ 53 റൺസിൻ്റെ കൂട്ടുകെട്ടിനു ശേഷം രോഹിത് മടങ്ങി. 16 പന്തുകളിൽ 33 റൺസെടുത്ത താരത്തെ അകീൽ ഹുസൈൻ പുറത്താക്കി. ഏറെ വൈകാതെ സൂര്യകുമാർ യാദവിനെ (24) അൽസാരി ജോസഫും മടക്കി.

മൂന്നാം വിക്കറ്റിൽ ദീപക് ഹൂഡ-ഋഷഭ് പന്ത് സഖ്യം 47 റൺസ് കൂട്ടിച്ചേർത്തു. 19 പന്തുകളിൽ 21 റൺസെടുത്ത ഹൂഡയെ പുറത്താക്കിയ അൽസാരി ജോസഫ് ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. നാലാം വിക്കറ്റിൽ സഞ്ജു-പന്ത് സഖ്യവും മികച്ച രീതിയിൽ ബാറ്റ് വീശി. 38 റൺസാണ് ഇരുവരും ചേർന്ന് കണ്ടെത്തിയത്. ഒടുവിൽ 31 പന്തുകളിൽ 44 റൺസെടുത്ത പന്ത് ഒബേദ് മക്കോയുടെ ഇരയായി മടങ്ങി.

ഈ വിക്കറ്റോടെ ഇന്ത്യയുടെ സ്കോറിംഗ് വേഗത താഴ്ന്നു. അവസാന ഓവറുകളിൽ കൃത്യതയോടെ പന്തെറിഞ്ഞ വിൻഡീസ് ബൗളർമാർ ഇന്ത്യയെ പിടിച്ചുനിർത്തി. ഇതിനിടെ ദിനേഷ് കാർത്തിക് (6) ഒബേദ് മക്കോയ്ക്ക് മുന്നിൽ വീണു. അവസാന രണ്ട് ഓവറിൽ അക്സർ പട്ടേൽ നടത്തിയ കൂറ്റനടികളാണ് ഇന്ത്യയെ 190 കടത്തിയത്. അക്സർ (8 പന്തിൽ 20), സഞ്ജു (23 പന്തിൽ 30) എന്നിവർ നോട്ടൗട്ടാണ്.

Story Highlights: Twenty Twenty: India beat West Indies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here