മോൻസൻ മാവുങ്കലിന്റെ തട്ടിപ്പിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ട് ഹൈക്കോടതി ഇന്ന് പരിഗണിക്കും

മോൻസൻ മാവുങ്കലിന്റെ തട്ടിപ്പിൽ ഐ.ജി ജി. ലക്ഷ്മൺ അടക്കം ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്ന ക്രൈം ബ്രാഞ്ച് റിപ്പോർട്ട് ഹൈക്കോടതി ഇന്ന് പരിഗണിക്കും. കെപിസിസി അധ്യക്ഷൻ കെ.സുധാകരനെതിരെയുള്ള ആരോപണങ്ങളിലെ അന്വേഷണവും കോടതി പരിശോധിക്കും. ജസ്റ്റിസ് എ.എ. സിയാദ് റഹ്‌മാന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ( monson mavunkal case high court )
എറണാകുളം ക്രൈം ബ്രാഞ്ച് എസ്.പിയിൽ നിന്ന് അന്വേഷണം മാറ്റണമെന്നും, ഡി.ജി.പിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘത്തെ അന്വേഷണം ഏൽപ്പിക്കണമെന്നും ആവശ്യപ്പെട്ട് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി ഷമീർ എം.ടി. സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. മോൻസൻ മാവുങ്കലിന്റെ തട്ടിപ്പിൽ പങ്കുണ്ടെന്ന് ആരോപണമുയർന്ന ഐ.ജി…ജി. ലക്ഷ്മൺ, മുൻ ഡിഐജി എസ്. സുരേന്ദ്രൻ, സി.ഐ എ. അനന്തലാൽ, എസ്.ഐ എ.ബി. വിബിൻ, മുൻ സി.ഐ പി.ശ്രീകുമാർ എന്നിവർക്കെതിരെ തെളിവില്ലെന്നാണ് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിച്ച സ്റ്റേറ്റ്‌മെന്റിൽ അറിയിച്ചത്. മുൻ ഡിഐജി എസ്. സുരേന്ദ്രനും കുടുംബത്തിനും മോൻസൻ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടായിരുന്നെങ്കിലും തട്ടിപ്പുകേസിൽ പ്രതിയാക്കാനുള്ള തെളിവ് ലഭിച്ചില്ല. കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ സാന്നിധ്യത്തിൽ 25 ലക്ഷം രൂപ മോൻസൻ മാവുങ്കലിന് കൈമാറിയെന്ന അനൂപ് എന്നയാളുടെ പരാതിയിൽ അന്വേഷണം തുടരുകയാണ്. കെ.സുധാകരനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ക്രൈം ബ്രാഞ്ച് അറിയിച്ചിട്ടുണ്ട്.
Story Highlights: monson mavunkal case high court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here