Advertisement

ഭിന്നതയും കലഹങ്ങളുമില്ലാത്ത ഒരു നല്ല നാളെയെ സ്വപ്‌നം കാണാം, ഒരുമിച്ചൊരു ജീവനായി നമുക്ക് ജീവിക്കണം: സിദ്ദിഖ് കാപ്പന്‍റെ മകളുടെ സ്വാതന്ത്ര്യ ദിന പ്രസംഗം

August 15, 2022
Google News 2 minutes Read

ഹത്രാസ് ഗുഢാലോചന കേസില്‍ തടവിലടയ്ക്കപ്പെട്ട മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മകളുടെ സ്വാതന്ത്ര്യ ദിന പ്രസംഗം ശ്രദ്ധ നേടുന്നു. മലപ്പുറം വേങ്ങര നൊട്ടപ്പുറം ജിഎൽപിഎസ് സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് സ്കൂൾ ലീഡർ കൂടിയായ മെഹനാസ് കാപ്പൻ. ​ഞാന്‍ മെഹ്നാസ് കാപ്പന്‍, എല്ലാ സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട് ഇരുട്ടറയില്‍ അടയ്ക്കപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ മകള്‍ എന്നാണ് പ്രസംഗം ആരംഭിക്കുന്നത്. (siddique kappan daughter viral independence day speech)

ഇന്ത്യയുടെ അന്തസ്സ് ആരുടേയും മുന്നില്‍ അടിയറവ് വെച്ചുകൂടാ. ഒരുമിച്ചൊരു ജീവനായി നമുക്ക് ജീവിക്കണം. ഭിന്നതയും കലഹങ്ങളുമില്ലാത്ത ഒരു നല്ല നാളെയെ നാം സ്വപ്നം കാണണമെന്നും മെഹ്നാസ് പറയുന്നു.ദളിത്​ പെൺകുട്ടി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയാണ് രാജ്യദ്രോഹം ആരോപിക്കപ്പെട്ട് സിദ്ദീഖ്​ കാപ്പൻ അറസ്റ്റിൽ ആകുന്നത്.

Read Also: ട്രെയിനിന്റെ എഞ്ചിന് മുമ്പില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തി

മെഹ്നാസ് കാപ്പന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം

ഞാന്‍ മെഹ്നാസ് കാപ്പന്‍. ഒരു പൗരന്റെ എല്ലാവിധ സ്വാതന്ത്ര്യവും തകര്‍ക്കപ്പെട്ട് ഇരുട്ടറയില്‍ തളയ്ക്കപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ മകള്‍. ഇന്ത്യ മഹാരാജ്യം 76ാം സ്വാതന്ത്ര്യ ദിനത്തിലേക്ക് കാലെടുത്തുവെച്ച ഈ മഹത്തരവേളയില്‍ ഒരു ഭാരതീയനെന്ന അഭിമാനത്തോടെയും അധികാരത്തോടെയും ഞാന്‍ പറയട്ടെ, ഭാരത് മാതാ കീ ജയ്. ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും ഭഗത് സിങ്ങിനെയും, എണ്ണിയാല്‍ ഒടുങ്ങാത്ത പുണ്യാത്മാക്കളുടെയും വിപ്ലവനായകന്മാരുടെയും ജീവത്യാഗത്തിന്റെ ഫലമായി നമുക്ക് നേടിയെടുക്കാന്‍ സാധിച്ചതാണ് ഈ സ്വാതന്ത്ര്യം.

ഇന്ന് ഓരോ ഭാരതീയനും അവന്‍ എന്ത് സംസാരിക്കണം, എന്ത് കഴിക്കണം, ഏത് മതം തെരഞ്ഞെടുക്കണം എന്നെല്ലാം ചോയ്സുകളുണ്ട്, അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. ഇറങ്ങി പോകാന്‍ പറയുന്നവരെ എതിരിടാന്‍ ഓരോ ഭാരതീയനും അവകാശമുണ്ട്. ഓഗസ്റ്റ് 15ന് ഉയര്‍ത്തെഴുന്നേല്‍ക്കപ്പെട്ട ഇന്ത്യ മഹാരാജ്യത്തിന്റെ അന്തസ്സ് ആരുടേയും മുന്നില്‍ അടിയറവ് വെച്ചുകൂടാ. എന്നാല്‍ ഇന്നും അശാന്തി എവിടെയൊക്കെയോ പുകയുന്നുണ്ട്. അതിന്റെ പ്രതിഫലനമാണ് മതം, വര്‍ണ്ണം, രാഷ്ട്രീയം, ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ നടക്കുന്ന അക്രമങ്ങള്‍.

ഇതിനെയെല്ലാം സ്‌നേഹത്തോടെ ഐക്യത്തോടെ ഒരുമിച്ച് നിന്ന് പിഴുതെറിയണം. അശാന്തിയുടെ നിഴലിനെ പോലും നാം മായ്ച്ച് കളയണം.ഒരുമിച്ച് ഒരു ജീവനായി നമുക്ക് ജീവിക്കണം.ഇന്ത്യയെ ഉന്നതിയുടെ കൊടുമുടിയിലെത്തിക്കണം. ഭിന്നതയും കലഹങ്ങളുമില്ലാത്ത ഒരു നല്ല നാളെയെ നാം സ്വപ്നം കാണണം.ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ എല്ലാ ദേശാഭിമാനികളെയും സ്മരിച്ചുകൊണ്ട് ഇന്ത്യയിലെ സാധാരണ പൗരന്മാരുടെ സ്വാതന്ത്ര്യം ഇല്ലാതാക്കരുതെന്ന് പറഞ്ഞുകൊണ്ട് ഞാന്‍ നിര്‍ത്തുന്നു.. ജയ് ഹിന്ദ്.

അതേസമയം, മാധ്യമ പ്രവർത്തകൻ എന്ന നിലയിലാണ് ഹാഥ്‍റാസിൽ പോയതെന്ന സിദ്ദിഖ് കാപ്പന്റെ വാദം നിലനിൽക്കില്ലെന്ന് അലഹാബാദ് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. സിദ്ദിഖിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് അലഹാബാദ് ഹൈക്കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

Story Highlights: siddique kappan daughter viral independence day speech

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here