Advertisement

സിവിക് ചന്ദ്രന്റെ ജാമ്യവിധിയിൽ കോടതി നടത്തിയ പരാമർശം സ്ത്രീവിരുദ്ധവും പ്രതിഷേധാർഹവുമാണ് : അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ

August 17, 2022
Google News 1 minute Read
AIDWA against civic chandran

സിവിക് ചന്ദ്രനെതിരായ ലൈംഗികാതിക്രമക്കേസിൽ ജാമ്യ ഉത്തരവിൽ കോഴിക്കോട് സേഷൻസ് കോടതി നടത്തിയ പരാമർശം അങ്ങേയറ്റം സ്ത്രീവിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ. ( AIDWA against civic chandran )

എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ സിവിക് ചന്ദ്രനെതിരായ ലൈംഗിക അതിക്രമ കേസിലെ പരാതിക്കാരിയായ യുവതിക്കെതിരെ വളരെ മോശമായ പരാമർശങ്ങളാണ് കോടതി നടത്തിയിട്ടുള്ളത്. ലൈംഗികമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് പരാതിക്കാരി ധരിച്ചിരുന്നതെന്നും, ഇന്ത്യൻ ശിക്ഷാ നിയമം 354 ആം വകുപ്പ് പ്രകാരം പ്രഥമദൃഷ്ട്യാ കേസ് എടുക്കാനാകില്ലെന്ന കോടതി പരാമർശം അപഹാസ്യവും അപലനീയവുമാണെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു.

സ്വാതന്ത്ര്യം ലഭിച്ച് 75 ആം വാർഷികം ആഘോഷിക്കുന്ന ഒരു രാജ്യത്ത് ഇന്നും സ്ത്രീകൾ ഇത്തരത്തിലുള്ള അവഹേളനങ്ങൾ നീതിന്യായ വ്യവസ്ഥയുടെ ഭാഗത്തു നിന്നുപോലും നേരിടേണ്ടി വരുന്നു എന്നുള്ളത് അപഹാസ്യമാണ്. ബിൽക്കീസ് ബാനു കൂട്ട ബലാത്സംഗ കേസിലെ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവ് വന്നതിനു തൊട്ടു പിന്നാലെയാണ് കേരളത്തിൽ ഇങ്ങനെയൊരു സംഭവം ഉണ്ടായിരിക്കുന്നത്.

പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാക്കപ്പെടുന്ന സ്ത്രീകൾ അനുഭവിക്കേണ്ടിവരുന്ന മാനസിക വേദനയും പരിഹാസങ്ങളെയും ചൂഷണങ്ങളെയും ഭയന്ന് പരാതിപ്പെടാതെ ജീവിക്കുന്ന ഒരുപാട് ഇരകൾ നമുക്കിടയിലുണ്ട്. പൗരാവകാശങ്ങൾ സംരക്ഷിക്കേണ്ട കോടതിയിൽ നിന്ന് ഇത്തരത്തിലുള്ള പരാമർശങ്ങൾ ഉണ്ടാകുന്നത് സ്ത്രീകളെ കൂടുതൽ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്. നീതി ലഭിക്കില്ല എന്നൊരു പൊതുബോധത്തിലേക്ക് സ്ത്രീ സമൂഹത്തെ തള്ളി വിടാൻ മാത്രമേ ഇത്തരത്തിലുള്ള പരാമർശങ്ങൾ ഉപകരിക്കുകയുള്ളൂ. വിചാരണ നടന്നുകൊണ്ടിരിക്കുന്ന ഒരു കേസിൽ പരാതി നിലനിൽക്കില്ല എന്ന തരത്തിൽ ജാമ്യ ഹർജി പരിഗണിക്കുമ്പോൾ നടത്തിയിട്ടുള്ള പരാമർശം ഒട്ടും ഭൂഷണമല്ല. ഒരു പുരോഗമന സമൂഹത്തിന് ചേരാത്ത തരത്തിലുള്ള ഇത്തരം കോടതി പരാമർശത്തിൽ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ കേരള സംസ്ഥാന കമ്മിറ്റിയുടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും പ്രസ്താവനയിലൂടെ വ്യക്തമാക്കി.

Story Highlights: AIDWA against civic chandran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here