Advertisement

തീരസംരക്ഷണത്തിന്‌ 2400 കോടിയുടെ കേന്ദ്രസഹായം തേടി

August 17, 2022
Google News 2 minutes Read

തീരസംരക്ഷണത്തിനായി 2400 കോടിയുടെ കേന്ദ്രസഹായം തേടി മന്ത്രി വി അബ്ദുറഹിമാൻ. കേന്ദ്ര മത്സ്യബന്ധന- മൃ​ഗസംരക്ഷണ വകുപ്പ് മന്ത്രി പർഷോത്തം റുപാലയുമായി ഡൽഹിയിൽ കൂടിക്കാഴ്ച്ച നടത്തി. ഇക്കാര്യം പരിശോധിച്ച്‌ അനുകൂല തീരുമാനം കൈക്കൊള്ളുമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു. ഇതിനായി അടുത്ത ദിവസം തന്നെ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ തീരപ്രദേശത്തെ കടലാക്രമണ ഭീഷണി നേരിടുന്നതിന് നൂതന സംരക്ഷണമാർ​ഗങ്ങൾ ആസൂത്രണം ചെയ്യാനും ഉചിതമായ സംരക്ഷണമാർ​ഗങ്ങൾ അവലംബിക്കാനും തീരദേശ ജില്ലകളിലെ ഹോട്ട് സ്പോട്ടുകൾ അടയാളപ്പെടുത്തി തീരസംരക്ഷണത്തിന്‌ അടിയന്തര നടപടികൾ സ്വീകരിക്കാനുമാണ് ധനസഹായം ആവശ്യപ്പെട്ടത്.

സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നില്ക്കുന്ന പരമ്പരാ​ഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിനും പോഷകാഹാരത്തിനുമായി സംസ്ഥാന സർക്കാർ 50% കേന്ദ്ര പിന്തുണയോടെ നടപ്പാക്കുന്ന എസ്.സി.ആർ.എസ് പദ്ധതിയുടെ കേന്ദ്ര വിഹിതം അനുവദിക്കുന്നതിനും ആവശ്യപ്പെട്ടു. ട്രോളിം​ഗ് നിരോധന കാലത്തും ക്ഷാമക്കാലത്തും മത്സ്യതൊഴിലാളികൾക്കുള്ള ഏക പദ്ധതിയാണിത്. 2018-2019 മുതൽ 2021-2022 വരെയുള്ള കേന്ദ്ര​ത്തിന്റെ പദ്ധതി വിഹിതമായി 72.75 കോടി രൂപയ്ക്കൊപ്പം 2022-2023 കാലയളവിലേക്കുള്ള 26.36 കോടി രൂപയും ഉടൻ ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന്‌ മന്ത്രി ആവശ്യപ്പെട്ടു.

ഔട്ട് ബോർഡ് മോട്ടർ ഉപയോ​ഗിക്കുന്ന 36,000 ത്തോളം മത്സ്യബന്ധന യാനങ്ങളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മണ്ണെണ്ണയുടെ ദൗർലഭ്യവും ഉയർന്ന വിലയും മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതപൂർണമാക്കി. സബ്സിഡിയില്ലാത്ത മണ്ണെണ്ണയുടെ വിഹിതം വർദ്ധിപ്പിക്കുക, സബ്സിഡിയില്ലാത്ത മണ്ണെണ്ണ വിതരണത്തിന് മത്സ്യഫെഡിനെ ചുമതലപ്പെടുത്തുന്നതിന് പൊതുമേഖല എണ്ണക്കമ്പനികളോട് നിർദ്ദേശിക്കുക. മത്സ്യബന്ധനത്തിനുള്ള മണ്ണെണ്ണയുടെ വിലനിയന്ത്രണത്തിന് നടപടികൾ സ്വീകരിക്കുക, മത്സ്യബന്ധനയാനങ്ങളിൽ പെട്രോൾ-ഡീഡൽ ഉപയോ​ഗം വർദ്ധിപ്പിക്കുന്നതിന് സബ്സിഡി അനുവദിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.

Story Highlights: Central assistance of 2400 crores has been sought for coastal protection

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here