‘രാഷ്ട്രീയ നാടകം തന്നെയാണ്, യോഗ്യത ഇല്ലാത്തയാളുടെ നിയമനത്തിലേക്ക് അത് നയിച്ചു’; പ്രിയാ വര്‍ഗീസിന് ഗവര്‍ണറുടെ മറുപടി

കണ്ണൂര്‍ സര്‍വകലാശാല ചട്ടങ്ങള്‍ ലംഘിച്ചെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അധ്യാപക നിയമനത്തില്‍ പ്രഥമദൃഷ്ട്യാ ക്രമക്കേടുകളുണ്ടെന്നും ഇത് സംബന്ധിച്ച് തനിക്ക് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. ചട്ടപ്രകാരമുള്ള നടപടിയാണ് സ്വീകരിച്ചതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനത്തില്‍ സ്വജനപക്ഷപാതം വ്യക്തമെന്ന് ഗവര്‍ണര്‍ ആരോപിച്ചു. (governor arif muhammed khan replay to priya varghese kannur university appointment )
പ്രിയാ വര്‍ഗീസിന് മതിയായ യോഗ്യതയില്ലെന്നാണ് ഗവര്‍ണറുടെ ആരോപണം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയായതിനാല്‍ മാത്രമാണ് പ്രിയാ വര്‍ഗീസിന് സര്‍വകലാശാലയില്‍ നിയമനം ലഭിച്ചത്. നിയമനം റദ്ദാക്കിയതിന് പിന്നാലെ രാഷ്ട്രീയ നാടകം വിജയിച്ചെന്ന പ്രിയാ വര്‍ഗീസിന്റെ പരാമര്‍ശത്തോടും ഗവര്‍ണര്‍ പ്രതികരിച്ചു. അധ്യാപന യോഗ്യത ഇല്ലാത്തയാളുടെ നിയമനത്തിന് പിന്നില്‍ രാഷ്ട്രീയ നാടകം തന്നെയാണെന്നായിരുന്നു ഗവര്‍ണറുടെ പ്രതികരണം. വൈസ് ചാന്‍സലറുടെ നിയമപരമായ നീക്കത്തിന്റെ സാധുത അന്വേഷിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
അതേസമയം മലയാളം വിഭാഗത്തിലെ നിയമന നടപടി സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് നല്‍കിയെന്ന് ഗോപിനാഥ് രവീന്ദ്രന്‍ ട്വന്റിഫോറിനോട് പറഞ്ഞു. അധ്യാപന പരിചയത്തില്‍ ഡെപ്യൂട്ടേഷന്‍ കാലം എക്‌സ്പീരിയന്‍സായി പരിഗണിക്കാറുണ്ട്. അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയിരുന്നു. ഡെപ്യൂട്ടേഷന്‍ കാലം എക്‌സ്പീരിയന്‍സായി പരിഗണിക്കാമെന്ന ഉപദേശം കൂടി നേടിയതോടെയാണ് നിയമനവുമായി മുന്നോട്ടുപോയതെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. ട്വന്റിഫോറിന്റെ സംവാദ പരിപാടിയായ എന്‍കൗണ്ടറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റാങ്ക് ലിസ്റ്റ് മരവിപ്പിച്ച നടപടിയുമായി ബന്ധപ്പെട്ട് ചാന്‍സലര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയില്ലെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. നോട്ടീസ് കിട്ടിയ ശേഷം നിയമനടപടി സ്വീകരിക്കുന്നത് ആലോചിക്കും. ഇന്നലെ ലഭിച്ച ഉത്തരവില്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചെന്നാണ് അറിയിച്ചിട്ടുള്ളത്. എന്നാല്‍ നോട്ടീസ് ആര്‍ക്കൊക്കെ എന്നതില്‍ വ്യക്തതയില്ല. അധ്യാപക നിയമനം മരവിപ്പിച്ച നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുജിസി ചട്ടങ്ങള്‍ പാലിച്ചാണ് പ്രിയാ വര്‍ഗീസിന്റെ നിയമനം നടത്തിയതെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. ഗവര്‍ണര്‍ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ വഴി ഉന്നയിക്കാതെ രേഖാമൂലം എഴുതി ചോദിച്ചാല്‍ വിശദമായി മറുപടി പറയുമെന്നും കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ട്വന്റിഫോറിനോട് പറഞ്ഞു. പ്രിയാ വര്‍ഗീസിന്റെ നിയമനം മരവിപ്പിച്ച നടപടി ചട്ടം പാലിക്കാതെയാണെന്നും വി സി ആവര്‍ത്തിച്ചു.
Story Highlights: governor arif muhammed khan replay to priya varghese kannur university appointment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here