സംസ്ഥാനത്തെ 5 ജയിലുകളിൽ കുറ്റവാളികൾക്കുള്ള ഭക്ഷണത്തിനായി സർക്കാർ ചെലവാക്കുന്നത് പ്രതിമാസം 79 ലക്ഷം രൂപ

സംസ്ഥാനത്തെ അഞ്ചു ജയിലുകളിൽ കുറ്റവാളികൾക്കുള്ള ഭക്ഷണത്തിനായി സർക്കാർ ചെലവാക്കുന്നത് പ്രതിമാസം 79 ലക്ഷം രൂപ. തടവുകാർ ജയിലുകളിൽ ചെയ്യുന്ന ജോലികൾക്കുള്ള ശമ്പളം നൽകാൻ അഞ്ചു ജയിലുകളിൽ പ്രതിമാസം വേണ്ടത് മുക്കാൽ കോടി രൂപയെന്നും വിവരാവകാശ രേഖ. തടവുകാരെ ജോലി ചെയ്യിപ്പിക്കുന്നതിലൂടെ 2021-2022 കാലത്ത് 48 ലക്ഷം രൂപയുടെ വരുമാനം ഉണ്ടായതായും സർക്കാർ രേഖ വ്യക്തമാക്കുന്നു. കൊച്ചിയിലെ വിവരാവകാശ പ്രവർത്തകനായ എം.കെ ഹരിദാസിന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യമുള്ളത്. ( kerala govt spend 79 lakh for jail food )
വിയ്യൂർ, പൂജപ്പുര, കണ്ണൂർ എന്നീ സെൻട്രൽ ജയിലുകളിലും ചീമേനി, നെട്ടുകാൽത്തേരി തുറന്ന ജയിലുകളിലുമായാണ് കുറ്റവാളികളുടെ ഭക്ഷണത്തിനും മറ്റു ചെലവിനും മാത്രമായി പ്രതിമാസം സർക്കാർ 79. 49 ലക്ഷം രൂപ ചെലവഴിക്കുന്നത്. ഇതിന് പുറമെ തടവുപുള്ളികൾ ജോലി ചെയ്യുന്നതിന് ശമ്പളം നൽകാൻ ഈ അഞ്ചു ജയിലുകളിലായി സര്ക്കാർ 75.84 ലക്ഷം രൂപയും ചെലവാക്കുന്നു.. വിവിധ കാറ്റഗറി തിരിച്ചാണ് കുറ്റവാളികൾക്ക് ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. അപ്രന്റീസിന് 63 രൂപയും സെമി സ്‌കിൽഡ് ലേബറിന് 127 രൂപയും സ്‌കിൽഡ് ലേബറിന് 150 രൂപയും പ്രെട്രോൾ പമ്പിൽ ജോലി ചെയ്യുന്നവർക്ക് 170 രൂപയുമാണ് പ്രതിദിന വേതനം. ഫുഡ് യൂണിറ്റുകളിൽ പ്രവർത്തിക്കുന്നവര്ക്ക് 148 രൂപയും വേതനം ലഭിക്കും
അതേസമയം, തടവുകാരുടെ പെട്രോൾ പമ്പ് നടത്തിപ്പിലൂടെയും കന്നുകാലി-ഫിഷ് ഫാം പ്രവർത്തനങ്ങളിലൂടെയും അഞ്ചു ജയിലുകളിൽ നിന്നായി കഴിഞ്ഞ സാമ്പത്തിക വർഷം 48.78 ലക്ഷം രൂപയുടെ വരുമാനവും ഉണ്ടായിട്ടുണ്ട്. ജയിൽ അന്തേവാസികൾ ജോലി ചെയ്ത വകയിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയത് വിയ്യൂർ സെൻട്രൽ ജയിലാണ്, 38 ലക്ഷം രൂപ. പൂജപ്പുര സെൻട്രൽ ജയിലിൽ 1114 തടവുകാരും വീയ്യൂരിൽ 879 തടവുകാരും കണ്ണൂരിൽ 1041 തടവുകാരുമാണ് നിലവിൽ ജയിൽ ശിക്ഷ അനുഭവിക്കുന്നത്.
Story Highlights: kerala govt spend 79 lakh for jail food
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here