Advertisement

‘നല്ല സംസ്‌കാരവും മൂല്യവുമുള്ള ബ്രാഹ്മണര്‍’; ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ കുറിച്ച് ബിജെപി എംഎല്‍എ

August 19, 2022
Google News 7 minutes Read
BJP MLA about Bilkis Bano case convicts

ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസില്‍ പുറത്തിറങ്ങിയ പ്രതികളെ പുകഴ്ത്തി ബിജെപി എംഎല്‍എ. കേസില്‍ ശിക്ഷയില്‍ ഇളവ് ലഭിച്ചതിനെ തുടര്‍ന്ന് പുറത്തിറങ്ങിയ പ്രതികളെല്ലാവരും ബ്രാഹ്മണരാണെന്നും നല്ല മൂല്യങ്ങള്‍ കൊണ്ടുനടക്കുന്നവരാണെന്നുമാണ് ബിജെപി എംഎല്‍എ സി.കെ റൗള്‍ജിയുടെ പരാമര്‍ശം.

‘അവര്‍ കുറ്റം ചെയ്‌തോ ഇല്ലയോ എന്ന് എനിക്കറിയില്ല…. പക്ഷേ ജയിലില്‍ അവരുടെ പെരുമാറ്റം നല്ലതായിരുന്നു, അവര്‍ ബ്രാഹ്മണരായിരുന്നു… നല്ല സംസ്‌കാരവും മൂല്യവുമുള്ള മനുഷ്യര്‍….’ എന്നാണ് ബിജെപി എംഎല്‍എ കുറ്റവാളികളെ വിശേഷിപ്പിച്ചത്. ഗോദ്ര മണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനിധിയാണ് സി.കെ റൗള്‍ജി. ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികളായ 11 പേരെ വിട്ടയക്കാന്‍ തീരുമാനമെടുത്ത ഗുജറാത്ത് സര്‍ക്കാരിന്റെ പാനലില്‍ അംഗം കൂടിയായിരുന്നു ഇയാള്‍.

കേസില്‍ ശിക്ഷയനുഭവിച്ച് വന്ന 11 കുറ്റവാളികളെയാണ് ഗോദ്ര ജയിലില്‍ നിന്ന് മോചിപ്പിച്ചത്. 2008ലാണ് കേസില്‍ 11 പേരും കുറ്റവാളികളെന്ന് മുംബൈ കോടതി വിധിച്ചത്. 2002 ലെ ഗുജറാത്ത് കലാപത്തിനിടെ 5 മാസം ഗര്‍ഭിണിയായ 19 കാരിയെ കൂട്ടബലാത്സംഗം ചെയ്യുകയും കുഞ്ഞിനെയടക്കം കുടുംബത്തിലെ എഴു പേരെ കോലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികളെയാണ് വിട്ടയച്ചത്.

Read Also: പ്രതികളെ മോചിപ്പിച്ച സംഭവം നീതിന്യായ വ്യവസ്ഥയിലെ വിശ്വാസം നഷ്ടമാക്കുന്നതാണെന്ന് ബിൽക്കിസ് ബാനു

2008 ജനുവരിയിലാണ് ബിജെപി നേതാവ് ഷൈലേഷ് ഭട്ടടക്കമുള്ള പ്രതികള്‍ക്ക് മുംബൈ പ്രത്യേക സിബിഐ കോടതി ജീവപര്യന്തം തടവിന് വിധിച്ചത്. 15 വര്‍ഷത്തിലേറെ ജയില്‍വാസം അനുഭവിച്ചതായി കാണിച്ച്പ്രതികളില്‍ ഒരാള്‍ മോചനത്തിനായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ശിക്ഷാ ഇളവ് പരിശോധിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

പഞ്ച്മഹല്‍സ് കളക്ടര്‍ സുജല്‍ മയാത്ര യുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ച സമിതിയുടെ ഏകകണ്ഠമായ ശുപാര്‍ശ അംഗീകരിച്ചാണ് പ്രതികളെ വിട്ടയാക്കാനുള്ള തീരുമാനം.

Story Highlights: BJP MLA about Bilkis Bano case convicts

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here