ബിൽക്കിസ് ബാനോ ബലാത്സംഗക്കേസ്: പ്രതികൾ ബ്രാഹ്മണരും സംസ്ക്കാരവുമുള്ളവരാണെന്ന് ബിജെപി എംഎൽഎ

Bilkis Bano case: ബിൽക്കിസ് ബാനോ ബലാത്സംഗ കേസ് പ്രതികളെ പിന്തുണച്ച് ബിജെപി എംഎൽഎ. കേസിൽ ശിക്ഷിക്കപ്പെട്ട 11 പേർ “ബ്രാഹ്മണരും” “നല്ല സംസ്‌കാരവും” ഉള്ളവരാണെന്ന് ഗുജറാത്തിലെ ഗോധ്രയിൽ നിന്നുള്ള സിറ്റിംഗ് എംഎൽഎ സി.കെ റൗൾജി പ്രസ്താവിച്ചു. 2002-ലെ ഗോധ്ര കലാപത്തിൽ ബിൽക്കിസ് ബാനോയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളും തിങ്കളാഴ്ച ജയിൽ മോചിതരായിരുന്നു.
“പ്രതികൾ കുറ്റകൃത്യം ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല. എന്നാൽ അവർ ബ്രാഹ്മണരാണ്. നല്ല സംസ്ക്കാരത്തിന് പേരുകേട്ടവരാണ് ബ്രാഹ്മണർ. അവരെ മൂലക്കിരുത്താനും ശിക്ഷിക്കാനുമുള്ള ദുരുദ്ദേശം ആർക്കെങ്കിലും ഉണ്ടായിരുന്നിരിക്കാം. ജയിലിൽ കഴിഞ്ഞിരുന്ന കാലത്ത് കുറ്റവാളികളുടെ പെരുമാറ്റം മികച്ചതായിരുന്നു” – സി.കെ റൗൾജി ഒരു അഭിമുഖത്തിൽ പറഞ്ഞു.
ബലാത്സംഗികളെ മോചിപ്പിക്കാൻ ഏകകണ്ഠമായി തീരുമാനിച്ച ഗുജറാത്ത് സർക്കാർ പാനലിലെ രണ്ട് ബിജെപി നേതാക്കളിൽ ഒരാളായിരുന്നു സി.കെ റൗൾജി. ശിക്ഷയിൽ ഇളവ് തേടി പ്രതികളിലൊരാൾ സുപ്രീം കോടതിയെ സമീപിക്കുകയും, വിഷയം സംസ്ഥാന സർക്കാരിന് കൈമാറുകയും ചെയ്തതിനെ തുടർന്നാണ് തീരുമാനം.
15 വർഷത്തിലേറെ ജയിൽവാസം അനുഭവിച്ചതിന് ശേഷമാണ് പ്രതികൾ മോചനത്തിനായി സുപ്രീം കോടതിയെ സമീപിച്ചത്. ബിൽക്കിസ് ബാനോയുടെ കുടുംബത്തിലെ ഏഴുപേരെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 2008 ജനുവരി 21ന് മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് പതിനൊന്ന് പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. ഇവരുടെ ശിക്ഷ പിന്നീട് ബോംബെ ഹൈക്കോടതി ശരിവച്ചിരുന്നു.
2002 മാർച്ച് 3 ന് ഗോധ്രാ കലാപത്തിനിടെയാണ് ദാഹോദ് ജില്ലയിലെ രൺധിക്പൂർ ഗ്രാമത്തിൽ ബിൽക്കിസ് ബാനോയുടെ കുടുംബാംഗങ്ങളെ ജനക്കൂട്ടം ആക്രമിച്ചത്. അന്ന് അഞ്ച് മാസം ഗർഭിണിയായിരുന്ന ബിൽക്കിസ് ബാനോ കൂട്ടബലാത്സംഗത്തിനിരയാകുകയും അവരുടെ കുടുംബത്തിലെ ഏഴ് പേർ കൊല്ലപ്പെടുകയും ചെയ്തു. മറ്റ് ആറ് അംഗങ്ങൾ ഓടി രക്ഷപ്പെട്ടു. 2004ലാണ് കേസിലെ പ്രതികൾ അറസ്റ്റിലായത്.
Story Highlights: BJP MLA says Bilkis Bano’s rapists ‘are Brahmins with good sanskaar’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here