വായില്‍ എപ്പോഴും പുണ്ണ്, പല്ലിന്‍റെ പ്രശ്നമെന്ന് ഡോക്ടര്‍മാര്‍; ഒടുവില്‍ നാവ് നഷ്ടമായി

പലപ്പോഴും രോഗം തെറ്റായി നിർണ്ണയിക്കപ്പെടാറുണ്ട്. ഇത് തീര്‍ച്ചയായും വലിയ രീതിയിലുള്ള സങ്കീര്‍ണതകളാണ് സൃഷ്ടിക്കുക. ഏത് രോഗമായാലും സമയത്തിന് രോഗനിര്‍ണയം നടത്താനായാല്‍ ചികിത്സയും അത്രമാത്രം ഫലപ്രദമായിരിക്കും. ഇന്ന് ലോകത്തില്‍ സംഭവിക്കുന്ന കാന്‍സര്‍ മരണങ്ങളില്‍ ഭൂരിഭാഗം കേസുകളും സമയത്തിന് രോഗനിര്‍ണയം നടത്താൻ സാധിക്കാതിരിക്കുന്നത് മൂലമുണ്ടാകുന്നതാണ്.
അത്തരമൊരു അനുഭവം പങ്കുവയ്ക്കുകയാണ് ഇംഗ്ലണ്ടില്‍ നിന്നുള്ള ഇരുപത്തിയേഴുകാരിയായ ഷാര്‍ലറ്റ് വെസ്റ്റെര്‍ സാള്‍ട്ടര്‍. ഫ്ളൈറ്റ് അറ്റൻഡന്‍റായി ജോലി ചെയ്തുവരികയാണ് ഷാര്‍ലറ്റ് വെസ്റ്റെര്‍ സാള്‍ട്ടര്‍ .2018 മുതല്‍ ഇവരുടെ വായില്‍ നിരന്തരം പുണ്ണ് വന്നുകൊണ്ടിരുന്നു. തുടര്‍ന്ന് പലപ്പോഴായി ഡോക്ടര്‍മാരെ കണ്ടപ്പോള്‍ അവര്‍ ഇത് വിസ്ഡം പല്ല് വരുന്നതിന്‍റെ ഭാഗമായുള്ള പ്രശ്നമാണെന്നും തിരക്കുപിടിച്ച ജീവിതത്തിന്‍റെ ഭാഗമായ മാനസികസമ്മര്‍ദ്ദം മൂലം വരുന്നതാണെന്നുമാണ് അറിയിച്ചത്.
ഓരോ പ്രാവശ്യവും ഡോക്ടര്‍മാരുടെ അടുത്ത് പോകുമ്പോള്‍ അവര്‍ എന്തെങ്കിലും മരുന്ന് നല്‍കും. അത് കഴിക്കുമ്പോള്‍ അല്‍പം ആശ്വാസം തോന്നും. വീണ്ടും ഇത് തിരിച്ചുവരും. അങ്ങനെ ഒരു വര്‍ഷത്തിലധികം കടന്നുപോയി. എന്നാൽ വായ്പുണ്ണില്‍ നിന്നുള്ള വേദന അസഹനീയമായി തുടങ്ങിയപ്പോള്‍ അവസ്ഥയെ കുറെക്കൂടി ഗൗരവത്തോടെ എടുക്കാൻ തുടങ്ങി. അങ്ങനെ 2021ആദ്യം ബയോപ്സി ചെയ്തു. ഇതിന് പിന്നാലെയാണ് നാവില്‍ കാൻസറാണെന്ന വിവരം സ്ഥിരീകരിക്കപ്പെടുന്നത്. രോഗനിര്‍ണയത്തിന് ഇനിയും വൈകിയിരുന്നെങ്കില്‍ ഒരുപക്ഷേ അവസ്ഥ കൂടുതല്‍ മോശമാകുമായിരുന്നു. തനിക്ക് കാൻസറായിരിക്കുമെന്ന് ചിന്തിച്ചിരുന്നില്ലെന്നും അതിന്‍റെ ഒരു സൂചന പോലും ഡോക്ടര്‍മാര്‍ തന്നെ തന്നിരുന്നില്ലെന്നും ഷാര്‍ലറ്റ് പറഞ്ഞു.
കാൻസറാണെന്ന് തിരിച്ചറിഞ്ഞ് അധികം വൈകാതെ തന്നെ ഇവര്‍ സര്‍ജറിക്ക് വിധേയയായി. ശസ്ത്രക്രിയയിലൂടെ നാവിന്‍റെ ഒരു ഭാഗം മുറിച്ചുമാറ്റി. ഇതിന് പകരം തുടയില്‍ മാംസം എടുത്ത് വയ്ക്കുകയും ചെയ്തു. ഇതിന് പുറമെ കഴുത്തിലെ ലിംഫ് നോഡും എടുത്തുമാറ്റി.
Read Also: ഇന്ത്യയിൽ പുകവലിക്കാത്തവരിലും ശ്വാസകോശാർബുദ കേസുകൾ വർദ്ധിക്കുന്നുവെന്ന് പഠനറിപ്പോർട്…
ഇപ്പോള്‍ പൂര്‍ണമായും കാൻസര്‍ രോഗത്തില്‍ നിന്ന് രക്ഷ നേടിയ ഷാര്‍ലറ്റ് സാധാരണനിലയില്‍ സംസാരിക്കുന്നതിനും നാവ് അനക്കുന്നതിനും മറ്റും ഫിസിയോതെറാപ്പിയിലൂടെ പരിശീലനം തേടിവരികയാണ്.
രോഗനിര്‍ണയത്തിന് കാലതാമസം നേരിടുന്നത് എത്രമാത്രം അപകടകരമാണെന്ന് അറിയിക്കുന്നതിനും ഇക്കാര്യത്തില്‍ ബോധവത്കരണം നടത്തുന്നതിനുമാണ് താൻ തന്‍റെ അനുഭവം തുറന്നുപറയുന്നതെന്നാണ് ഷാര്‍ലറ്റ് പറയുന്നത്.
Story Highlights: Woman had tongue ‘re-made’ using leg after devastating diagnosis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here