Advertisement

കണ്ണൂർ സർവകലാശാല വിസിക്കെതിരായ ക്രിമിനൽ പരാമർശം; ഗവർണർ മാപ്പ് പറയണമെന്ന് പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ

August 22, 2022
Google News 1 minute Read

കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫ. ഡോ. ഗോപിനാഥ് രവീന്ദ്രനെ ക്രിമിനൽ എന്ന് വിളിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാപ്പ് പറയണമെന്ന് ഓൾ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ. വാർത്താ കുറിപ്പിലൂടെയാണ് എകെപിസിടിഎ ഗവർണർ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടത്. കേരളത്തിലെ സർവകലാശാലകളെ അപമാനിക്കാനും അവയെ ചെളിവാരിയെറിയാനും രാജ്ഭവൻ കേന്ദ്രീകരിച്ച് തുടർച്ചയായി നടക്കുന്ന സംഘപരിവാർ ഗൂഡാലോചയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണ് ഇത് എന്ന് വാർത്താ കുറിപ്പിൽ അസോസിയേഷൻ ആരോപിക്കുന്നു. (akptca arif mohammad khan)

പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ പുറത്തിറക്കിയ വാർത്താകുറിപ്പ്:

കേരള നിയമസഭ പാസാക്കിയ സർവകലാശാലാ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഗവർണർ പദവിയിൽ നിയമിക്കപ്പെടുന്ന ആൾ സർവകലാശാലയുടെ ചാൻസലർ കൂടി ആയി കണക്കാക്കപ്പെടുന്നത്. ഇന്നത്തെ സാഹചര്യത്തിൽ അത് പഴയ ആചാരത്തിന്റെ പേരിൽ തുടരുന്ന ആലങ്കാരികമായ ഒരു പദവി മാത്രമാണ്. അത് കൊണ്ട് തന്നെ ഗവർണറുടെ അക്കാദമിക് യോഗ്യതകൾ ആരും പരിശോധിക്കാറില്ല. നേരെ മറിച്ച് വർത്തമാനകാല കേരളത്തിൽ മികച്ച അക്കാദമിക നിലവാരം ഉള്ളവർ മാത്രമേ സർവ്വകലാശാലകളുടെ ഭരണ സാരഥ്യം വഹിക്കുന്ന വൈസ് ചാൻസലർ പദവിയിൽ നിയമിതരാവാറുള്ളൂ എന്നത് തർക്കമറ്റ സംഗതിയാണ്. അത്തരത്തിൽ നിയമിക്കപ്പെട്ട ആളാണ് കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ ആയ പ്രശസ്ത ചരിത്രകാരൻ പ്രൊഫ (ഡോ) ഗോപിനാഥ് രവീന്ദ്രൻ. അദ്ദേഹത്തെയാണ് ചാൻസലർ ആയ ഗവർണർ ടെലിവിഷൻ ചാനൽക്യാമറകളെ സാക്ഷി നിർത്തി “ക്രിമിനൽ” എന്ന് വിളിച്ച് ആക്ഷേപിച്ചിരിക്കുന്നത്. ഇത് ഒറ്റപ്പെട്ട സംഭവം അല്ല. കേരളത്തിലെ സർവകലാശാലകളെ അപമാനിക്കാനും അവയെ ചെളിവാരിയെറിയാനും രാജ്ഭവൻ കേന്ദ്രീകരിച്ച് തുടർച്ചയായി നടക്കുന്ന സംഘപരിവാർ ഗൂഡാലോചയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണ് ഇത്. സർവ്വകലാശാലയിലെ അധ്യാപക നിയമനത്തിന് കേന്ദ്രസർക്കാർ തന്നെ നടപ്പിലാക്കിയ യുജിസിയുടെ 2018 റെഗുലേഷൻ അനുസരിച്ചുള്ള വ്യവസ്ഥകളാണ് സംസ്ഥാനത്തെ സർവകലാശാലകളും പാലിച്ചു പോരുന്നത് എന്നിരിക്കെ അത്തരം കാര്യങ്ങളെല്ലാം മറച്ചുവച്ചുകൊണ്ട് കേരളത്തിലെ സർവ്വകലാശാലാ നിയമനങ്ങളെ മുഴുവൻ മാധ്യമങ്ങളിലൂടെ അപഹസിക്കുന്ന തരത്തിലുള്ള ഗവർണറുടെ നീക്കം അപലപനീയമാണ്. രാജ്യത്തെ കേന്ദ്ര സർവകലാശാലകളിൽ ഉൾപ്പെടെ നടക്കുന്ന നിയമനങ്ങൾക്ക് ഇതേ മാതൃകയാണ് പിന്തുടരുന്നത് എന്ന വസ്തുത ഗവർണർ മറച്ചുവയ്ക്കുകയാണ്. രണ്ടാം പിണറായി സർക്കാർ ഉന്നത വിദ്യാഭ്യാസ രംഗത്തെ മികവ് ലക്ഷ്യമാക്കി നടത്തുന്ന പ്രവർത്തനങ്ങളെ തകർക്കുക എന്ന ലക്ഷ്യത്തോടുകൂടി ഗവർണറുടെ ഓഫീസ് പ്രവർത്തിക്കുന്നു എന്നുവേണം മനസ്സിലാക്കാൻ.

രാജ്യത്തെ തന്നെ മികച്ച റാങ്കിംഗ് നേടിയ കേരള സർവകലാശാലയിൽ ഉൾപ്പെടെ ഗവർണർ ഇപ്പോൾ നടത്തുന്ന ഇടപെടലുകൾ അക്കാദമിക സമൂഹത്തിൻറെ ആത്മവീര്യം കെടുത്തുന്ന തരത്തിലുള്ളതാണ്. പുതിയ ഉയരങ്ങൾ കീഴടക്കി മുന്നേറുന്ന കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയ്ക്ക് ചാൻസലർ ആയ ഗവർണർ ആകെ ചെയ്യുന്ന സംഭാവന ഇത്തരം തരം താണ പ്രസ്താവനകളും പ്രവർത്തനങ്ങളുമാണ്. സർവകലാശാലകളുടെ ദൈനംദിന പ്രവർത്തനങ്ങളെ പോലും സ്തംഭിപ്പിക്കുന്ന ഒരു വഴിമുടക്കി ഓഫീസ് ആയി രാജ്ഭവൻ മാറിയിട്ട് കുറച്ച് കാലമായി. അക്കാദമിക് സംസ്കാരത്തിന് നിരക്കാത്ത പ്രയോഗങ്ങൾ ചാൻസലറുടെ നിഘണ്ടുവിൽ സുലഭമായി കണ്ടേക്കാമെങ്കിലും അത് എടുത്ത് പ്രയോഗിക്കാൻ പറ്റിയ ഇടമല്ല കേരളത്തിലെ അക്കാദമിക് മേഖല എന്ന് ഗവർണർ തിരിച്ചറിയണം. സംഘപരിവാർ അജണ്ട അനുസരിച്ച് കേരളത്തിലെ സർവകലാശാലകളെ തകർക്കാൻ അവയുടെ അധിപൻ തന്നെയായ ഗവർണർ ഇറങ്ങി തിരിച്ചാൽ കേരളത്തിലെ അക്കാദമിക് സമൂഹത്തിനും പൊതുസമൂഹത്തിനും നോക്കി നിൽക്കാൻ കഴിയില്ല. അത്തരമൊരു സ്ഥിതിവിശേഷത്തിലേക്ക് കാര്യങ്ങൾ എത്തിക്കാതെ പരിഹാസ്യമായ തന്റെ പ്രസ്താവന പിൻവലിച്ച് വൈസ് ചാൻസലറോടും പൊതുസമൂഹതോടും മാപ്പ് പറയാൻ ചാൻസലർ ആയ ഗവർണർ തയ്യാറാവണം എന്ന് എകെപിസിടിഎ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെടുന്നു.

Story Highlights: akptca arif mohammad khan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here