നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളിലെ നക്ഷത്ര ചിഹ്നം ഒഴിവാക്കി; സ്വർണ്ണക്കടത്ത് ചോദ്യങ്ങൾ ഒഴിവാക്കിയതിനെതിരെ പ്രതിപക്ഷം
നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾ ഒഴിവാക്കിയെന്ന പരാതിയുമായി പ്രതിപക്ഷം. നിയമസഭയിൽ മുഖ്യമന്ത്രി മറുപടി പറയേണ്ട ചോദ്യങ്ങൾ ചട്ടവിരുദ്ധമായി മാറ്റിയെന്നാണ് പരാതി. നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളിലെ നക്ഷത്ര ചിഹ്നം ഒഴിവാക്കിയെന്നാണ് പ്രതിപക്ഷ ആക്ഷേപം. ഇക്കാര്യം ചൂണ്ടിക്കാട്ടി എ.പി.അനിൽകുമാർ സ്പീക്കർക്ക് പരാതി നൽകി ( Asterisks in starred questions omitted ).
ഷാർജ ഭരണാധികാരിയുടെ കേരള സന്ദർശനം, സ്വർണ്ണക്കടത്ത്, എകെജി സെന്റർ ആക്രമണം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് മാറ്റിയത്. ചോദ്യങ്ങൾ മാറ്റിയത് മുഖ്യമന്ത്രി മറുപടി പറയുന്നത് ഒഴിവാക്കാൻ വേണ്ടിയാണെന്ന് യുഡിഎഫ് ആരോപിച്ചു. സംഭവത്തിൽ നിയമസഭാ സെക്രട്ടറിയേറ്റിനെതിരെയാണ് പരാതി. ചട്ടലംഘനം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.
അതേസമയം, ഗവർണറുടെ അധികാരങ്ങൾ വെട്ടിക്കുറക്കുന്ന ബിൽ ബുധനാഴ്ച നിയമസഭ പരിഗണിക്കും. സർവകലാശാല വിഷയങ്ങളിൽ സർക്കാർ ഗവർണർ ഏറ്റുമുട്ടൽ തുടരുന്നതിനിടയിൽ സർവകലാശാല ഭേദഗതി ബില്ലും ബുധനാഴ്ച സഭയിലെത്തും. ലോകായുക്ത ബില്ലും ബുധനാഴ്ച തന്നെ പരിഗണിക്കാനാണ് തീരുമാനം. ഇന്ന് ചേർന്ന കാര്യ ഉപദേശക സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനത്തിലേക്ക് സർക്കാരെത്തിയത്. സിപിഐ ജില്ലാ സമ്മേളനങ്ങൾ നടക്കുന്നത് കാരണം വ്യാഴം, വെള്ളി ദിവസങ്ങളിൽ സഭാ സമ്മേളനം. ഈ സഹാചര്യത്തിൽ വെള്ളിയാഴ്ച പരിഗണിക്കുമെന്ന് കരുതിയ ബില്ലുകളിൽ കൂടി ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. പരിഗണിക്കാൻ കഴിയാതെ പോകുന്ന മറ്റു ബില്ലുകൾ അതിനുശേഷം സഭ ചേരുന്ന ദിവസങ്ങളിൽ പരിഗണിക്കും.
വിസിയെ നിയമിക്കാനുള്ള സേർച്ച് കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം അഞ്ചായി ഉയർത്താനാണു തീരുമാനം. ചാൻസലറുടെയും യുജിസിയുടെയും സർവകലാശാലയുടെയും പ്രതിനിധിക്കു പുറമേ സർക്കാരിന്റെ പ്രതിനിധിയെയും ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനെയും ഉൾപ്പെടുത്തും. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനാകും കൺവീനർ. ഭൂരിപക്ഷം അംഗങ്ങൾ ശുപാർശ ചെയ്യുന്ന പാനൽ മാത്രമേ ഗവർണറുടെ പരിഗണനയ്ക്കു വരൂ. ഇതിൽ ഒരാളെ വിസിയായി നിയമിക്കണം.
ഇപ്പോൾ സേർച്ച് കമ്മിറ്റിക്ക് ഏകകണ്ഠമായോ അംഗങ്ങൾക്കു പ്രത്യേകമായോ പാനൽ സമർപ്പിക്കാം. ഇതിലൊരാളെ ഗവർണർക്കു നിയമിക്കാം. ബിൽ നിയമമായാൽ ഈ അധികാരം ഇല്ലാതാകും. മൂന്നംഗ സേർച്ച് കമ്മിറ്റിയുമായി മുന്നോട്ടു പോയാൽ കേന്ദ്രസർക്കാരിന്റെയും ബിജെപിയുടെയും പ്രതിനിധികൾ വിസിമാരാകുമെന്നാണു മുഖ്യമന്ത്രി മന്ത്രിസഭായോഗത്തിൽ വിശദീകരിച്ചത്. സർക്കാരിന്റെ തീരുമാനം നിയമമാകണമെങ്കിൽ താൻ ഒപ്പിടണമെന്നായിരുന്നു ഗവർണർ വിഷയത്തോട് പ്രതികരിച്ചത്. ബിൽ സഭയിൽ അവതരിപ്പിച്ചാലും ഗവർണർ അംഗീകാരം നൽകാൻ സാധ്യതയില്ല. ഒപ്പിടാതെ തീരുമാനം നീട്ടാനാകും. രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയയ്ക്കാനും കഴിയും.
അതേസമയം, അവതരിപ്പിക്കുന്ന ബില്ലുകളുടെ പട്ടിക സ്പീക്കർ അവതരിപ്പിച്ചപ്പോൾ, ഗവർണർക്കുള്ള അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്ലിന്റെ പേര് ഉൾപ്പെട്ടിരുന്നില്ല. പുനർവിജ്ഞാപനം ചെയ്യാത്തതുമൂലം റദ്ദായ 11 ഓർഡിനൻസുകൾക്കു പകരമുള്ള ബില്ലുകൾ അവതരിപ്പിക്കാനാണ് അടിയന്തരമായി സമ്മേളനം ചേരുന്നതെന്നാണു സ്പീക്കർ എം.ബി.രാജേഷ് വാർത്താസമ്മേളനത്തിൽ വിശദീകരിച്ചത്.
Story Highlights: Asterisks in starred questions omitted
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here