‘അധികാരികളുടെ ഒത്താശയോടെയായിരുന്നു ക്വാറിയുടെ പ്രവർത്തനം’; അഡ്വ.പി.എ പൗരൻ ട്വന്റിഫോറിനോട്

അധികാരികളുടെ ഒത്താശയോടെയായിരുന്നു മലപ്പുറം ചേപ്പൂരിലെ കരിങ്കൽക്വാറിയുടെ പ്രവർത്തനമെന്ന് ക്വാറിക്കെതിരായ നിയമപോരാട്ടത്തിന് നേതൃത്വം നൽകിയ അഡ്വ.പി എ പൗരൻ ട്വന്റിഫോറിനോട്. ( adv pouran about malappuram quarry )
ക്വാറിയിലെ ഖനനം മൂലം പ്രദേശത്തെ 67 വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു എന്നത് വില്ലേജ് ഓഫീസർ മറച്ചുവച്ചു. വിഷയം റവന്യൂ, പഞ്ചായത്ത്, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ ഗൗരവത്തോടെ എടുത്തില്ലെന്നും പി.എ പൈരൻ ചൂണ്ടിക്കാട്ടി. വ്യാജരേഖകൾ ഉപയോഗിച്ചാണ് ക്വാറിയുടെ പ്രവർത്തനം, ക്വാറി മാഫിയയിൽ നിന്നും അധികാരികൾ പണം കൈപറ്റിയെന്നും അദ്ദേഹം ആരോപിച്ചു. കോടതി ഉത്തരവ് അധികാരികൾക്കുള്ള മറുപടിയാണ്. ക്വാറി പൂർണമായും അടച്ചുപൂട്ടുന്നതുവരെ നിയമപോരാട്ടം തുടരുമെന്നും പി.എ പൗരൻ അറിയിച്ചു.
മലപ്പുറം ചേപ്പൂരിൽ കരിങ്കൽ ക്വാറിയുടെ പ്രവർത്തനം നിർത്തിവക്കാൻ ഉത്തരവ് ഇന്നലെയാണ് കോടതി ഉത്തരവിടുന്നത്. മഞ്ചേരി മുൻസിഫ് കോടതിയാണ് അനിശ്ചിത കാലത്തേക്ക് ക്വാറിയുടെ പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവിട്ടത്. പ്രതിഭാഗത്തെ രൂക്ഷമായി വിമർശിച്ച കോടതി ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നതുവരെ ക്വാറി പ്രവർത്തിപ്പിക്കരുതെന്ന കർശന നിർദ്ദേശം നൽകി. ക്വാറിയുടെ പ്രവർത്തനം മൂലം 300ലധികം കുടുംബങ്ങളുടെ ജീവിതം ഭീഷണിയിലാണെന്ന് 24 റിപ്പോർട്ട് ചെയ്തിരുന്നു.
2018ലാണ് ക്വാറി പ്രവർത്തനം ആരംഭിച്ചത്. തുടക്കത്തിൽ പത്തോളം കരിങ്കൽ ലോഡുകൾ ഒരു ദിനം ഖനനം നടത്തിയിരുന്ന ക്വാറിയിൽ, ഇപ്പോഴത് നൂറിലധികം ലോഡുകളായി വർധിച്ചു. ക്വാറിയുടെ അൻപത് മീറ്റർ ചുറ്റളവിൽ തന്നെ വീടുകളാണ്. ഖനനം മൂലം പുതിയ വീടുകൾക്ക് പോലും വിള്ളൽ രൂപപ്പെട്ടതായി നാട്ടുകാർ പറയുന്നു.
എല്ലാ അനുമതികളോടും കൂടിയാണ് ക്വാറി പ്രവർത്തിക്കുന്നത് എന്നാണ് ഉടമയുടെ വാദം. എന്നാൽ, ‘പഞ്ചായത്തിൽ അപേക്ഷ നൽകിയപ്പോൾ അവർ ചിറ്റത്തുപാറ എന്ന പ്രദേശമാണ് കാണിച്ചത്. എന്നാൽ ഇത് ചേപ്പൂരാണ്. വാർഡ് എന്ന സ്ഥലത്ത് അവർ ഒന്നും എഴുതാതെ, പഞ്ചായത്തിനെ തെറ്റിദ്ധരിപ്പിച്ചാണ് ലൈസൻസ് സ്വന്തമാക്കിയിരിക്കുന്നത്’- സമരസമിതി അംഗം മുഹമ്മദ് ഷാഫി പി കെ പറഞ്ഞു.
പരാതി കൊടുക്കുന്നവരെ കള്ളക്കേസിൽ കുടുക്കുന്നതായും നാട്ടുകാർ ആരോപിക്കുന്നു. തീർത്തും സാധാരണക്കാരായ പ്രദേശവാസികൾ ഇനിനോടകം നിരവധി തവണ പരാതിയുമായി അധികൃതരെ സമീപിച്ചെങ്കിലും നടപടിയില്ലെന്നാണ് ആക്ഷേപം. ഏറ്റവും ഒടുവിൽ കോടതി ഇടപെടലിൽ ക്വാറിയുടെ പ്രവർത്തനം താത്ക്കാലികമായി തടഞ്ഞു. ക്വാറി എന്നെന്നേക്കുമായി അടക്കണമെന്നും, തങ്ങളുടെ ജീവനിലുള്ള ആശങ്കയെങ്കിലും അധികൃതർ പരിഗണിക്കണമെന്നും മാത്രമാണ് പ്രദേശവാസികൾക്ക് പറയാനുള്ളത്.
Story Highlights: adv pouran about malappuram quarry
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here