Advertisement

‘മോദി സര്‍ക്കാരിന്റെ ചട്ടുകമായ ഗവര്‍ണറും മതനിരപേക്ഷതയില്‍ ഉറച്ചുനില്‍ക്കുന്ന എല്‍ഡിഎഫും’; ഗവര്‍ണര്‍ക്കെതിരെ കോടിയേരി

August 25, 2022
Google News 3 minutes Read
kodiyeri balakrishnan against arif mohammad khan

സര്‍ക്കാരുമായുള്ള പോര് തുടരുന്നതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ‘ഗവര്‍ണര്‍ വളയമില്ലാതെ ചാടരുത്’ എന്ന പേരില്‍ ദേശാഭിമാനി പത്രത്തിലെഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ വിമര്‍ശനം. ഗവര്‍ണര്‍ സമാന്തരഭരണം അടിച്ചേല്‍പ്പിക്കേണ്ടെനന്നും ആരിഫ് മുഹമ്മദ് ഖാന്‍ കമ്യൂണിസ്റ്റ് വിരുദ്ധ ജ്വരം പടര്‍ത്തുന്നുവെന്നും കോടിയേരി ലേഖനത്തില്‍ പറഞ്ഞു.(kodiyeri balakrishnan against arif mohammad khan)

‘ഉന്നതവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട നിയമഭേദഗതികള്‍സഭയില്‍ വരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് വലിയൊരു പുകമറ സൃഷ്ടിക്കാന്‍ പ്രതിപക്ഷം സഭയ്ക്കുള്ളിലും പുറത്തും പരിശ്രമിക്കുകയാണ്. സഭയ്ക്ക് പുറത്ത് ആക്ഷേപവ്യവസായത്തില്‍ കോണ്‍ഗ്രസുകാരേക്കാള്‍ മുന്നിലാണെന്നു വരുത്താന്‍ ബിജെപിയുമുണ്ട്. അതിനുവേണ്ടി സര്‍വകലാശാലയില്‍ നടക്കുന്ന നിയമനങ്ങളെ വന്‍ക്രമക്കേടായി ചിത്രീകരിക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിന് പ്രതിപക്ഷകക്ഷികള്‍ താങ്ങ് നല്‍കുകയും ചെയ്യുന്നുണ്ടെന്ന് കോടിയേരി പറഞ്ഞു.

കേരളത്തിലെ വിവിധ സര്‍വകലാശാലകളിലായി കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ അയ്യായിരത്തിലധികം നിയമനം നടന്നിട്ടുണ്ട്. എന്നാല്‍, അതില്‍ മൂന്നോ നാലോ വേര്‍തിരിച്ചുയര്‍ത്തി സിപിഐ എം നേതാക്കളുടെ ബന്ധുക്കള്‍ക്ക് ചട്ടംലംഘിച്ച് നിയമനമെന്ന് ആക്ഷേപം ഉന്നയിക്കുകയാണ്. വിവാദമാക്കുന്ന ഈ നിയമനങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഉയര്‍ന്ന അക്കാദമിക് യോഗ്യതയും മതിയായ പ്രാഗത്ഭ്യവുമുണ്ട്. എന്നിട്ടും സര്‍വകലാശാലകളെ സിപിഐ എം നേതാക്കളുടെ ഭാര്യമാര്‍ക്കുമാത്രം ജോലി കിട്ടുന്ന ഇടമെന്നു സ്ഥാപിക്കാനുള്ള കുത്സിതശ്രമമാണ് നടക്കുന്നത്.

ഇതിലൂടെ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് കമ്യൂണിസ്റ്റുവിരുദ്ധ ജ്വരം പടര്‍ത്തുകയാണ് ഗവര്‍ണറും ചെയ്യുന്നത്. ഇവിടെ ഗവര്‍ണറും മുഖ്യമന്ത്രിയോ അല്ലെങ്കില്‍ ഏതെങ്കിലും മന്ത്രിമാരോ തമ്മിലുള്ള വ്യക്തിപരമായ പ്രശ്‌നങ്ങളല്ല ഉള്ളത്. മോദി സര്‍ക്കാരിന്റെ ചട്ടുകമായ ഗവര്‍ണറും മതനിരപേക്ഷതയില്‍ ഉറച്ചുനില്‍ക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരും തമ്മിലുള്ള ഭിന്നതയാണ് കാതലായ വസ്തുത. ഗവര്‍ണര്‍ക്ക് ചൂട്ടുപിടിക്കുകയാണ് കോണ്‍ഗ്രസ് പ്രതിപക്ഷമെങ്കിലും ഗവര്‍ണര്‍–സര്‍ക്കാര്‍ ഏറ്റുമുട്ടലിന്റെ രാഷ്ട്രീയം ജനങ്ങള്‍ തിരിച്ചറിയും. ഗവര്‍ണറുടെ വളയമില്ലാ ചാട്ടത്തിന്റെ രാഷ്ട്രീയവും നിലവാരവും എന്തെന്ന് വ്യക്തമാക്കുന്നതാണ് കണ്ണൂര്‍ വൈസ്ചാന്‍സലര്‍ക്കെതിരായ ആക്രോശവും ചുവടുവയ്പും.

കണ്ണൂര്‍ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്‍ ഇന്ത്യയിലെ അറിയപ്പെടുന്ന മുന്‍നിര ചരിത്രകാരനാണ്. ഡല്‍ഹി ജാമിയ മിലിയ കേന്ദ്രസര്‍വകലാശാലയില്‍ ചരിത്രവിഭാഗം തലവനായിരുന്ന അദ്ദേഹം കേരളത്തിന്റെ കാര്‍ഷിക ചരിത്രത്തിലും ജനസംഖ്യാശാസ്ത്രപഠനത്തിലും ചരിത്രത്തിലും അവഗാഹത അടയാളപ്പെടുത്തിയിട്ടുണ്ട്. അക്കാദമിക് ലോകത്തെ യശസ്സാര്‍ന്ന ഈ വ്യക്തിത്വത്തെയാണ് ക്രിമിനലെന്ന് ഗവര്‍ണര്‍ അധിക്ഷേപിച്ചത്. അതിന്‍മേല്‍ ദേശവ്യാപക പ്രതിഷേധം ഉയര്‍ന്നെങ്കിലും അതുപോലും മാനിക്കാതെ ലോകം ബഹുമാനിക്കുന്ന ചരിത്രകാരനായ പ്രൊഫ. ഇര്‍ഫാന്‍ ഹബീബിനെ തെരുവുഗുണ്ടയെന്ന് വിളിക്കുന്നതിലേക്ക് ഗവര്‍ണറുടെ അവിവേകം എത്തിയിരിക്കുകയാണ്.

Read Also: സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് തുടരുന്നു; കണ്ണൂര്‍ വിസിക്കെതിരായ നടപടിയില്‍ തീരുമാനം ഇന്ന്

ഗവര്‍ണര്‍ പദവിയെ കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയക്കളിക്കുള്ള ഉപകരണമാക്കി അധഃപതിപ്പിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിനും ഫെഡറല്‍ സംവിധാനത്തിനും ഹാനികരമാണെന്ന് കോടിയേരി കുറ്റപ്പെടുത്തി. ഗവര്‍ണര്‍ക്ക് ഭരണഘടന നല്‍കിയിരിക്കുന്ന അധികാരങ്ങള്‍ വളരെ വിപുലമാണ്. അവയെ മുഖവിലയ്‌ക്കെടുത്താല്‍ അവ ഗംഭീരമാണെന്ന് തോന്നാമെങ്കിലും ഗവര്‍ണര്‍ സാധാരണഗതിയില്‍ സംസ്ഥാനത്തിന്റെ ‘വ്യവസ്ഥാപിത’ തലവന്‍ മാത്രമാണെന്ന് ഡോ. ബി ആര്‍ അംബേദ്കര്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്വന്തം കൃത്യനിര്‍വഹണത്തില്‍ അദ്ദേഹം ചീഫ് എക്‌സിക്യൂട്ടീവ് എന്നപേരില്‍ അറിയപ്പെടുന്നുവെങ്കിലും യഥാര്‍ഥ അധികാരങ്ങള്‍ മന്ത്രിസഭയുടെ കൈയിലാണെന്ന് അര്‍ഥം. ജനാധിപത്യ വ്യവസ്ഥയില്‍ അധിഷ്ഠിതമായ ഒരു സര്‍ക്കാര്‍ നിലവിലുള്ളപ്പോള്‍ ഗവര്‍ണര്‍ യഥാര്‍ഥ അധികാരിയായി ചമയുന്നത് അപഹാസ്യമാണ്.’. ലേഖനത്തില്‍ പറയുന്നു.

Story Highlights: kodiyeri balakrishnan against arif mohammad khan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here