എനിക്കൊരു നല്ല ഷെഫിനെ കിട്ടുമെന്ന് സുരേഷ് പിള്ള; വൈറലായി രണ്ടാം ക്ലാസ്സുകാരന്റെ കുറിപ്പ്

കുഞ്ഞു കുഞ്ഞു സ്വപ്നങ്ങളെ താലോലിച്ചാണ് ഓരോരുത്തരും വളരുന്നത്. ചെയ്യണമെന്ന് ആഗ്രഹിക്കുന്ന, നേടണമെന്ന് കരുതുന്ന നിരവധി സ്വപ്‌നങ്ങൾ നമുക്ക് ഉണ്ടാവാറുണ്ട്. വ്യക്തമായ ലക്ഷ്യങ്ങളോട് കൂടിയാണ് മിക്ക കുട്ടികളും വളരുന്നത്. എന്താണ് ആഗ്രഹമെന്ന് ചോദിച്ചാൽ വ്യക്തമായ ഉത്തരവും അവരുടെ കയ്യിലുണ്ടാകും. അതുകൊണ്ടാണ് അവരുടെ സ്വപ്നങ്ങൾ നമുക്ക് അത്രമേൽ പ്രിയപെട്ടതാകുന്നത്. അത്തരത്തിൽ തന്റെ ജീവിത ലക്ഷ്യത്തെ കുറിച്ചുള്ള ഒരു രണ്ടാം ക്ലാസുകാരന്റെ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ഷെഫ് സുരേഷ് പിള്ളയാണ് കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
റിഹാൻ മൻസൂർ എന്ന കൊച്ചുമിടുക്കനാണ് കുറിപ്പ് പങ്കിട്ടിരിക്കുന്നത്. ഭാവിയിൽ ഒരു ഷെഫ് ആകുക എന്നതാണ് എന്റെ സ്വപ്നം എന്നും ഷെഫ് സുരേഷ് പിള്ളയാണ് തന്റെ റോൾ മോഡൽ എന്നുമൊക്കയാണ് ഈ രണ്ടാം ക്ലാസ്സുകാരൻ നോട്ടുബുക്കിൽ കുറിച്ചത്. ‘ഒരു പത്ത് പതിനഞ്ച് വർഷം കഴിയുമ്പോൾ എനിക്കൊരു നല്ല ഷെഫിനെ കിട്ടും, നന്ദി റിഹാൻ’ എന്ന അടികുറിപ്പോടെയാണ് സുരേഷ് പിള്ള ഈ മിടുക്കന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കിട്ടിരിക്കുന്നത്.
“ജീവിതത്തിൽ എല്ലാവർക്കും ലക്ഷ്യങ്ങളുണ്ട്. എന്റെ ലക്ഷ്യം ഒരു ഷെഫ് ആകുക എന്നതാണ്. അമ്മ എനിക്കായി എല്ലാ ദിവസവും പാചകം ചെയ്യുന്നത് ഞാൻ കാണാറുണ്ട്. പാചക വിഡിയോകൾ കാണുന്നതും എനിക്ക് വളരെയേറെ ഇഷ്ടമാണ്. എനിക്ക് പാചകം വളരെയധികം ഇഷ്ടമാണ്. അതുതന്നെയാണ് ഷെഫ് ആകുക എന്ന സ്വപ്നത്തിന് പിന്നിലും.” എന്നിങ്ങനെയാണ് റിഹാൻ കുറിച്ചിരിക്കുന്നത്.
എന്തുതന്നെയാണെങ്കിലും റിഹാൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമാണ്. റിഹാൻ ലോകമറിയുന്ന ഷെഫ് ആകട്ടെ തുടങ്ങി നിരവധി ആശംസകളാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.
Story Highlights: chef suresh pillai post a note by little boy rihan mansoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here