ബഫര്‍ സോണിനായി സമിതി രൂപീകരിക്കണം; മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടെന്ന് ജോസ് കെ.മാണി

ബഫര്‍ സോണിനായി സമിതി രൂപീകരിക്കാന്‍ മുഖ്യമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടെന്ന് ജോസ് കെ. മാണി എം.പി. പരിസ്ഥിതി ലോല പ്രദേശത്തുള്ള വീടുകള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവയുടെ കണക്ക് ശേഖരിക്കാന്‍ സമിതി രൂപീകരിക്കണമെന്നാണ് ജോസ് കെ മാണിയുടെ ആവശ്യം. ഈക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചു.
പരിസ്ഥിതിലോല മേഖല വനത്തിനുള്ളില്‍ തന്നെ പുനര്‍നിര്‍ണയിക്കണമെന്ന് ആവശ്യപ്പെട്ട് സെന്‍ട്രല്‍ എംപവേഡ് കമ്മിറ്റി ചെയര്‍മാന് നിവേദനവും നല്‍കി.
കേരളം നല്‍കിയ പുന പരിശോധനാ ഹര്‍ജിക്കെതിരെ താമരശേരി രൂപത രംഗത്തെത്തി. നിര്‍ദിഷ്ട ബഫര്‍ സോണില്‍ താമസിക്കുന്നവര്‍ വനം കയ്യേറിയവരും ആദിവാസികളുമാണെന്ന പ്രസ്താവന തിരിച്ചടിയാകുമെന്ന് താമരശേരി രൂപത വ്യക്തമാക്കി. ജനങ്ങളോട് പരാതികള്‍ അയക്കാനും രൂപത ആഹ്വാനം ചെയ്തു.
സുപ്രിംകോടതിയില്‍ വനം വകുപ്പ് നല്‍കിയ പുനപരിശോധനാ ഹര്‍ജിയിലെ പഴുതുകള്‍ തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് താമരശേരി രൂപത. നിര്‍ദിഷ്ട ബഫര്‍ സോണില്‍ താമസിക്കുന്നവര്‍ 1977 മുന്‍പ് വനം കയ്യേറിയവരും ആദിവാസികളുമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ഈ പ്രസ്താവന കോടതിയില്‍ ചര്‍ച്ചയാകാനുളള സാധ്യതയാണ് താമരശേരി രൂപത ചൂണ്ടി കാട്ടുന്നത്. സ്ഥിതിവിവര കണക്കുകള്‍ നല്‍കണമെന്ന് സുപ്രിംകോടതി ആവശ്യപ്പെട്ടിട്ടും ഹര്‍ജിയില്‍ ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
Read Also: ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാരിന് താക്കീതുമായി കര്‍ഷക സംഘടനകള്‍
അതിനാല്‍ ഗ്രാമസഭകള്‍ ചേരുമ്പോള്‍ പ്രമേയങ്ങള്‍ പാസാക്കി സര്‍ക്കാരിലേക്ക് നല്‍കാന്‍ കര്‍ഷക കൂട്ടായ്മകളോട് രൂപത ആഹ്വാനം ചെയ്തു. പള്ളികളില്‍ ഹെല്‍പ് ഡെസ്‌ക്കുകള്‍ സ്ഥാപിച്ച് പൊതുജനങ്ങളുടെ പരാതികള്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനും എംപവേര്‍ഡ് കമ്മറ്റിക്കും അയയ്ക്കാനും നിര്‍ദേശമുണ്ട്. നാളെ ഇതുമായി ബന്ധപ്പെട്ട ഇടയലേഖനം പള്ളികളില്‍ വായിക്കുകയും ചെയ്യും.
Story Highlights: Committee should be formed for buffer zone says jose k mani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here