പൊലീസ് നിരീക്ഷണത്തില്‍ ആശുപത്രിയിലുള്ളവര്‍ എങ്ങനെ സിപിഐഎം ഓഫിസിന് കല്ലെറിയും: വി.വി.രാജേഷ്

സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസ് ആക്രമണ കേസിൽ എബിവിപി പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ വിമർശനവുമായി ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്. പൊലീസ് നിരീക്ഷണത്തില്‍ ആശുപത്രിയിലുള്ളവര്‍ എങ്ങനെ സിപിഐഎം ഓഫിസിന് കല്ലെറിയുമെന്ന് വി.വി.രാജേഷ് ചോദിച്ചു ( BJP VV Rajesh criticizes cpim office attack case ).
വിഷയം സംഘടനാപരമായും നിയമപരമായും നേരിടും. സിപിഐഎം ജില്ലാ സെക്രട്ടറിയുടെ വീടിന് കല്ലെറിഞ്ഞത് ബിജെപിക്കാരല്ല. കല്ലേറ് സിപിഐഎം ആസൂത്രണം ചെയ്തതാണ്. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ മറയ്ക്കാനാണ് സിപിഐഎം ശ്രമമെന്നും വി.വി.രാജേഷ് പറഞ്ഞു.
അതേസമയം, സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫിസിന് നേരെ കല്ലെറിഞ്ഞ എബിവിപി പ്രവര്‍ത്തകരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. വഞ്ചിയൂർ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എബിവിപി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ രാത്രിയില്‍ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് പിന്മാറുകയായിരുന്നു.
വഞ്ചിയൂരിലെ എബിവിപി-സിപിഐഎം സംഘര്‍ഷത്തിന് പിന്നാലെയാണ് ഇന്നലെ പുലര്‍ച്ചെ സിപിഐഎമ്മിന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസിന് നേരെ കല്ലേറുണ്ടായത്. ബൈക്കില്‍ എത്തിയ സംഘം കല്ലെറിയുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആക്രമിച്ചത് എബിവിപി പ്രവര്‍ത്തകരാണെന്ന് പൊലീസ് കണ്ടെത്തിയത്. ആറു പേരെയാണ് തിരിച്ചറിഞ്ഞത്. ഇവരില്‍ മൂന്നു പേര്‍ ആറ്റുകാലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
വഞ്ചിയൂരില്‍ കൗണ്‍സിലര്‍ ഗായത്രി ബാബുവിന് എബിവിപി പ്രവര്‍ത്തകര്‍ പൊതുവേദിയിൽ ബലം പ്രയോഗിച്ചു നിവേദനം നല്‍കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് തുടക്കം. ഈ സംഘത്തിൽ സംഘത്തില്‍ ഉണ്ടായിരുന്നവര്‍ തന്നെയാണ് പാര്‍ട്ടി ഓഫിസ് ആക്രമിച്ചത്. സംഘര്‍ഷത്തിന് ശേഷം ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പുലര്‍ച്ചെ ആശുപത്രിയില്‍ നിന്ന് ഇറങ്ങിപോയാണ് പാര്‍ട്ടി ഓഫിസിന് കല്ലെറിഞ്ഞത്.ഇത് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ആശുപത്രിയില്‍ നിന്ന് പൊലീസ് ശേഖരിച്ചു. പൊലീസ് എത്തിയതോടെ ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകരും ആശുപത്രി പരിസരത്ത് സംഘടിച്ചു. ഇതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത് പൊലീസ് ഇന്നത്തേക്ക് മാറ്റിയത്.
കൗണ്‍സിലര്‍ ഗായത്രി ബാബുവിനെ കൈയേറ്റം ചെയ്ത കേസില്‍ പൊലീസ് ഈ മൂന്ന് എബിവിപി പ്രവര്‍ത്തകരുടെയും അറസ്റ്റ് ഇന്നലെ വൈകിട്ട് രേഖപ്പെടുത്തിയിരുന്നു. മജിസ്‌ട്രേറ്റ് ആശുപത്രിയില്‍ എത്തി ജാമ്യം നല്‍കി. പിന്നാലെയാണ് കല്ലേറ് കേസില്‍ അറസ്റ്റ് രേഖപ്പെടുത്താന്‍ തമ്പാനൂര്‍ പൊലീസ് എത്തിയത്. ആശുപത്രിയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.
ഇന്നലെ രാത്രിയായിരുന്നു സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീടിന് നേരെ കല്ലേറ്. കല്ലേറിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. ഇന്നലെ പുലർച്ചെ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസിന് നേരെ ആക്രമണമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ രാത്രി തന്നെ വീണ്ടും സിപിഐഎം ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണമുണ്ടാകുന്നത്. ജനൽ ചില്ലുകൾ തകർന്നതിന് പുറമെ പോർച്ചിൽ നിർത്തിയിട്ട കാറഇനും കേടുപാടുകൾ സംഭവിച്ചിരുന്നു.
ആക്രമണം നടക്കുന്ന സമയത്ത് ആനാവൂർ നാഗപ്പൻ വീട്ടിലുണ്ടായിരുന്നില്ല, ഇന്നലെ അദ്ദേഹം ജില്ലാ കമ്മിറ്റി ഓഫിസിലായിരുന്നു അതുകൊണ്ട് തന്നെ പ്രാദേശിക നേതാക്കളാണ് ഇക്കാര്യം അറിയിച്ചത്.
Story Highlights: BJP VV Rajesh criticizes cpim office attack case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here