Advertisement

പാർട്ടിയുടെ സൈദ്ധാന്തിക ആചാര്യൻ ഇനി സംസ്ഥാന സെക്രട്ടറി

August 28, 2022
Google News 3 minutes Read
m v govindan theoretical master

സംഘടനയിലേക്ക് വരുന്നവർ സംഘടന എന്തെന്ന് പഠിച്ച തന്നെ വരണമെന്ന വാശിയുള്ള മാഷാണ് എം.വി.​ഗോവിന്ദൻ. അധ്യാപനജീവിതം നേരത്തേ നിർത്തിയെങ്കിലും പഠിക്കാനും പഠിപ്പിക്കാനുമായിരുന്നു എം.വി.ഗോവിന്ദന് ഏറ്റവും ഇഷ്ടം. അധ്യാപന ജീവിതത്തിൽ തുടങ്ങി ഇന്ന് സിപിഐഎമ്മിന്റെ സൈദ്ധാന്തി മുഖമാണ് എം.വി.​ഗോവിന്ദൻ. അതുകൊണ്ട് തന്നെ പാർട്ടിയുടെ ‘​ഗോവിന്ദൻ മാഷ്’ സിപിഐഎം സംസ്ഥാന സെക്രട്ടറിയായെത്തുമ്പോൾ പ്രതികളേറെയാണ് ( m v govindan theoretical master ).

പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ തുടങ്ങി സിപിഐഎമ്മിന്റെ പ്രമുഖരായിട്ടുള്ള പല നേതാക്കളും പ്രായോ​ഗിക രാഷ്ട്രീയത്തിലൂന്നിയുള്ള പ്രവർത്തനങ്ങളിലൂടെ മുന്നോട്ട് പോകുമ്പോഴും സിപിഐഎമ്മിന്റെ സൈദ്ധാന്തിക ശൈലിയിൽ ഉറച്ച് നിന്നുള്ള പ്രവർത്തനത്തിനാണ് എം.വി.​ഗോവിന്ദൻ എന്നും ശ്രമിച്ചിരുന്നത്.

വീടിനടുത്തെ വായനശാലയിലേക്ക് സ്ഥിരം നടന്നിരുന്ന ഗോവിന്ദൻ പാർട്ടി ക്ലാസുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയാണ് പാർട്ടിയുടെ സൈദ്ധാന്തിക തലത്തിലേക്ക് ​എത്തുന്നത്. പിന്നീട് പാർട്ടി വിദ്യാഭ്യാസത്തിന്റെ ചുമതലക്കാരനായി മാറി, സൈദ്ധാന്തിക പ്രശ്‌നങ്ങളിൽ കേരളത്തിൽ പാർട്ടിയുടെ അവസാന വാക്ക് കൂടിയാണ്.

Read Also: പലപ്പോഴും ‘പാര്‍ട്ടി രക്ഷകനായി’; വിഭാഗീയതയില്‍ ഗോപി കോട്ടമുറക്കല്‍ പുറത്തായപ്പോള്‍ എറണാകുളം ജില്ലാ സെക്രട്ടറി, ചെങ്കൊടിയേന്താന്‍ എം.വി.ഗോവിന്ദനെത്തുമ്പോള്‍

വൈരുദ്ധ്യാത്മക ഭൗതികവാദം സംബന്ധിക്കുന്ന എം.വി.​ഗോവിന്ദന്റെ വിഷയാവതരണങ്ങൾ ഓരേസമയം പാർട്ടി വേദികളിൽ അവേശം കൊള്ളിക്കുകയും വിവാദങ്ങളിൽ അകപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഒടുവിൽ കമ്മ്യൂണിസത്തിന്റെ അടിസ്ഥാനമായ വൈരുദ്ധ്യാത്മക ഭൗതികവാദം രാജ്യത്ത് പ്രായോഗികമല്ലെന്ന് എം.വി.ഗോവിന്ദൻ പറ‍ഞ്ഞത് ഏറെ വിവാദമായിരുന്നു. വിപ്ലവ പാർട്ടികൾക്ക് മുന്നോട്ട് പോകണമെങ്കിൽ വിശ്വാസികളെ അംഗീകരിക്കണം. രാജ്യത്ത് സാധാരണ മനുഷ്യർ ജനിക്കുന്നത് ഹിന്ദുവായാണ്. അല്ലെങ്കിൽ മുസ്ലിമോ പാഴ്‌സിയോ സിഖോ ആയി. അതിനാൽ ഭൗതികവാദം സമൂഹത്തിൽ പകരം വെക്കാനാകില്ല. അത് തിരിച്ചറിഞ്ഞേ മുന്നോട്ട് പോകാൻ കഴിയൂ. ഇന്ത്യയിൽ ഭൂപ്രഭുത്വം അവസാനിച്ചിട്ടില്ല. വൈരുധ്യാത്മക ഭൗതികവാദം ഇതിന് പകരം വെയ്ക്കാമെന്നാണ് പലരും ധരിച്ചിരിക്കുന്നത്. ജനാധിപത്യവിപ്ലവം നടക്കാത്ത രാജ്യമാണിതെന്നും ഇടത് അധ്യാപക സംഘടനയുടെ കണ്ണൂർ ജില്ലാ സമ്മേളനത്തിൽ അദ്ദേഹം സംസാരിച്ചിരുന്നു. എന്നാൽ ഈ വിവാദങ്ങളിൽ നിന്നും വളരെ വിദ്​ഗധമായി തലയൂരാനും അദ്ദേഹത്തിന് കഴിഞ്ഞു.

പറഞ്ഞുകൊടുക്കുന്നത് കൂടാതെ അതെല്ലാം പുസ്തകമാക്കാനും ശ്രമിച്ചു. ഡിവൈഎഫ്‌ഐ രൂപീകരണകാലത്ത് അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് നാലു പതിറ്റാണ്ടുമുൻപെഴുതിയ പുസ്തകം ‘യുവജനപ്രസ്ഥാനത്തിന്റെ ചരിത്രം ആശയസമരങ്ങളുടെ പശ്ചാത്തലത്തിൽ’ ഇന്നും കേരളത്തിൽ യുവജന സംഘടനകളുടെ റഫറൻസ് ഗ്രന്ഥമാണ്. പാർട്ടി ‘സ്വത്വ’ വിവാദത്തിൽപെട്ടപ്പോഴും, പാർട്ടി അംഗങ്ങൾക്കെതിരെ യുഎപിഎ ചുമത്തി ‘മാവോവാദ’ വിവാദത്തിൽപെട്ടപ്പോഴും പുസ്തകങ്ങളിലൂടെ എം.വി.ഗോവിന്ദൻ രക്ഷയ്‌ക്കെത്തി. എഴുതാൻ വേണ്ടി എഴുതുന്നതോ തന്റെ ശീലമല്ലെന്നാണ് എം.വി.ഗോവിന്ദൻ പറയുന്നത്.

കായിക അധ്യാപകനായിരുന്ന ഗോവിന്ദൻ മാഷ് ജോലി രാജിവച്ചാണ് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനാകുന്നത്. കളിക്കളത്തിൽ ചുവട് പിഴയ്ക്കാതെ ഓരോ നീക്കവും തന്ത്രപരമായി ആസൂത്രണം ചെയ്യുന്ന അതേ കൗശലം തന്നെയാണ് പാർട്ടി പ്രവർത്തനത്തിലും ഗോവിന്ദൻ മാഷ് കാഴ്ചവച്ചത്. സംഘടനയ്ക്കകത്ത് പല ഉൾപാർട്ടി പ്രശ്‌നങ്ങളും പൊട്ടിപ്പുറപ്പെട്ടപ്പോഴും അവയെല്ലാം അസാധ്യമായി പരിഹരിക്കാൻ ഗോവിന്ദൻ മാസ്റ്റർക്ക് കഴിഞ്ഞു.

കെ കുഞ്ഞമ്പു, എം.വി. മാധവി എന്നിവരുടെ മകനായി കണ്ണൂർ ജില്ലയിലെ മോറാഴയിൽ 1953 ഏപ്രിൽ 23-നാണ് എം.വി ഗോവിന്ദന്റെ ജനനം. കെഎസ്‌വൈഎഫിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശനം. നേരത്തെ കെ.എസ്.വൈ.എഫ് കണ്ണൂർ പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. ഡി.വൈ.എഫ്.ഐയുടെ ആദ്യത്തെ കേരള സംസ്ഥാന പ്രസിഡന്റും പിന്നീട് സെക്രട്ടറിയുമായി. 1986 ലെ മോസ്‌കോ യുവജന സമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ട്.

ഇരിണാവ് യു.പി. സ്‌കൂളിൽ കായിക അധ്യാപകനായിരുന്നു ഗോവിന്ദൻ. മുഴുവൻ സമയരാഷ്ട്രീയപ്രവർത്തകനായതിനെ തുടർന്ന് പിന്നീട് അധ്യാപകവൃത്തിയിൽ നിന്ന് സ്വയം രാജിവച്ചു.

കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്നപ്പോൾ സി.പി.ഐയുടെ കാസർഗോഡ് ഏരിയ സെക്രട്ടറിയായിരുന്നു അദ്ദേഹം. ഗോവിന്ദൻ മാസ്റ്ററെ അടിയന്തരാവസ്ഥയിൽ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. 1991-ൽ കോഴിക്കോട് സംസ്ഥാന സമ്മേളനത്തിന് ശേഷം സിപിഐഎം കമ്മിറ്റി അംഗമായി. 2006 ലാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1996 ലും 2001 ലും കേരള നിയമസഭയിൽ തളിപ്പറമ്പ് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. 2002-2006 കാലയളവിൽ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു. എറണാകുളം ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പ് നിയോജകമണ്ഡലത്തിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചിട്ടുണ്ട്.

സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി, സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം, കർഷക തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ്, ആദിവാസി ക്ഷേമ സമിതി ജില്ലാ സെക്രട്ടറി, മലബാർ ടൂറിസം സൊസൈറ്റി ചെയർമാൻ എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്നു. എൺപതുകളിൽ ഡിവൈഎഫ്ഐ. സംസ്ഥാന പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഇ.പി.ജയരാജൻ വെടിയേറ്റ് ചികിത്സയിലായപ്പോൾ ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചത് എം.വി. ഗോവിന്ദനായിരുന്നു. എറണാകുളം ജില്ലാ സെക്രട്ടറിയുടെ ചുമതലയും നിർവഹിച്ചിട്ടുണ്ട്.

Story Highlights: m v govindan theoretical master

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here