ഷംസീർ ഇനി സ്പീക്കർ; കർക്കശക്കാരനായ കമ്മ്യൂണിസ്റ്റുകാരൻ ശൈലിമാറ്റുമോ?

എസ്.എഫ്.ഐയിലൂടെയും ഡി.വൈ.എഫ്.ഐയിലൂടെയും വളര്‍ന്ന് മുഖ്യധാരാ രാഷ്ട്രീയത്തില്‍ എത്തിയ നേതാവാണ് എ.എന്‍ ഷംസീര്‍. ഷംസീറിലെ വിദ്യാര്‍ത്ഥി നേതാവ് മുതല്‍ നിയമസഭാ സാമാജികന്‍ വരെയുള്ള ശൈലി കേരളത്തിന് പരിചിതമാണ്. ഒരു തികഞ്ഞ രാഷ്ട്രീയക്കാരനില്‍ നിന്നും കേരള നിയമസഭയുടെ നാഥനിലേയ്ക്ക് മാറുമ്പോൾ ശൈലികളിലും ഷംസീർ മാറ്റം വരുത്തേണ്ടി വരും.
എ.എന്‍ ഷംസീര്‍…..1977 ൽ ജനിച്ച് 90 ൽ എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്ന് തലശ്ശേരിക്കാരൻ. ബ്രണ്ണൻ കോളജിൽ പഠിക്കവേ കോളജ് യൂണിയന്റെ ജനറൽ സെക്രട്ടറി. കണ്ണൂർ സർവ്വകലാശാലയുടെ ആദ്യ ചെയർമാൻ. എസ്എഫ്ഐയുടെ ഏരിയ സെക്രട്ടറി എസ്എഫ്ഐയുടെ കണ്ണൂർ ജില്ലാ സെക്രട്ടറി. 2008 ൽ എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറി ആകുന്നത് വരെ നിരവധി പദവികളാണ് ഷംസീർ വഹിച്ചത്.
2014 ൽ തെരഞ്ഞെടുപ്പ് രംഗത്തേക്ക്. വടകരയിൽ നിന്നും ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും ഷംസീർ പരാജയപ്പെട്ടു. പക്ഷേ 2016ൽ തലശ്ശേരി ഷംസീറിനെ കൈവിട്ടില്ല. 34,117 വോട്ടുകളോടെ എ.പി അബ്ദുള്ളക്കുട്ടിയെ ഷംസീർ പരാജയപ്പെടുത്തി. അന്ന് ഡിവൈഎഫ്ഐയുടെ സംസ്ഥാന പ്രസിഡൻറ് ആയിരുന്നു അദ്ദേഹം. 2021ലും തലശ്ശേരി ഷംസീറിനൊപ്പം നിന്നു. 2016 നെക്കാൾ 2000 ൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് 2021 ൽ ജയിച്ചത്.
പദവികൾ മാറ്റിനിർത്തി ഷംസീറിനെ വിലയിരുത്തിയാൽ, ചാനൽ ചർച്ചയിലും തെരുവിലെ സമരത്തിലും നിയമസഭയിലും സിപിഐഎമ്മിന്റെ പോർമുഖമാണ് അദ്ദേഹം. എതിരാളിയെ കടന്ന് ആക്രമിക്കുന്ന കണ്ണൂർ ശൈലി. ശാഠ്യക്കാരൻ എന്ന് തോന്നിപ്പിക്കുന്ന ഭാവങ്ങൾ. പാർട്ടി നിലപാടിൽ നിന്ന് ഒരു ഇഞ്ചു വ്യതിചലിക്കാത്ത കേഡർ സ്വഭാവം. ഇത്തരത്തിൽ വിലയിരുത്തപ്പെടുന്ന ഷംസീർ കേരള നിയമസഭയുടെ നാഥനായി എത്തുമ്പോൾ എല്ലാക്കണ്ണുകളും അദ്ദേഹത്തിലാണ്.
ഏത് പദവി വഹിച്ചാലും അതിൽ 100% ആത്മാർത്ഥത പുലർത്തും എന്നതാണ് ഷംസീനെ സിപിഐഎം സെക്രട്ടറിയേറ്റ് സ്പീക്കർ പദവിയിലേക്ക് എത്തിക്കാൻ കാരണം. എന്നാൽ എം.ബി രാജേഷിന്റെ പിന്മുറക്കാരനാകുന്ന ഷംസീർ മുൻ സ്‌പീക്കറുടെ ശൈലി പിന്തുടരുമോ എന്നത് കണ്ടറിയേണ്ടി വരും.
Story Highlights: Will A N Shamsir change his style?
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here