Advertisement

പുതിയ സ്‌കൂൾ പാഠ്യപദ്ധതിക്ക് രൂപം കൊടുക്കുമ്പോൾ

September 5, 2022
Google News 2 minutes Read
forming new school syllabus

..

എൽ. സുഗതൻ

അധ്യാപകൻ, വി വി എച്ച് എസ് എസ്സ് താമരക്കുളം, ആലപ്പുഴ
(സംസ്ഥാന അധ്യാപക -സംസ്ഥാന വനമിത്ര അവാർഡ് ജേതാവ്, ബാലാവകാശ പ്രവർത്തകൻ )

ലോകത്തിനു തന്നെ മാതൃകയായ വിദ്യാഭ്യാസ സമ്പ്രദായമാണ്, കേരളമെന്ന ഈ കൊച്ചു സംസ്ഥാനത്തെ ലോക ജനതയുടെ ശ്രദ്ധയിൽ കൊണ്ട് വന്നത്. ആ നേട്ടത്തിൽ എല്ലാ മലയാളികൾക്കും അഭിമാനിക്കാം. ലോകത്ത് എവിടെയും മുക്കിലും മൂലയിലും ഉയർന്ന മേഖലകളിൽ ജോലി ചെയ്യുന്ന മലയാളികൾ അതിന്റെ അടയാളപ്പെടുത്തലുകളാണ്. എന്നിരുന്നാലും ആധുനിക കാലഘട്ടത്തിനും പുത്തൻ സാങ്കേതിക വിദ്യയിലും പുതു തലമുറയുടെ മാറുന്ന അഭിരുചിയിലും ഊന്നിയുള്ള നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം കുറേ കൂടി മെച്ചപ്പെടേണ്ട ആവശ്യകത ഏറെയാണ്. അതിന് ഉപയുകതമായ രീതിയിലുള്ള ഒരു പുത്തൻ പാഠ്യപദ്ധതിക്കാണ് വിദ്യാഭ്യാസ വകുപ്പ് രൂപം കൊടുക്കാൻ പോകുന്നതെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം.സാമൂഹ്യ ബോധത്തിൽ അധിഷ്ഠിതമായ ഒരു പാഠ്യപദ്ധതിക്കാണ് മുൻഗണന നൽകുന്നതെന്നും വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞു. അതിന് മുന്നോടിയായി പൊതുസമൂഹത്തിന്റെയും വിദ്യാഭ്യാസ വിചക്ഷണരുടെയും വിരമിച്ച അധ്യാപകരുടെയും പൂർവ വിദ്യാർത്ഥികളുടെയും, സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തുള്ളവരുടെയും അഭിപ്രായങ്ങൾ സ്വരൂപിക്കാനും അതിലുപരി കുട്ടികളുടെ അഭിപ്രായങ്ങൾ ആരായാനും വരെ ഉത്തരവാദിത്വപ്പെട്ടവർ നടപടികൾ ആരംഭിച്ചു കഴിഞ്ഞു എന്നത് ആ പ്രവർത്തനത്തിന്റെ ഉദ്ദേശലക്ഷ്യങ്ങൾ സുതാര്യമാണെന്ന് തെളിയിക്കുന്നതാണ്. അത്തരത്തിലുള്ള ആദ്യ ചർച്ച തലസ്ഥാന നഗരിയിലെ ഒരു സ്‌കൂളിൽ ഈ അടുത്ത സമയത്ത് തുടക്കം കുറിച്ചു. അത് അങ്ങനെ തന്നെയാണ് വേണ്ടതും.

‘സൈനും കോസും പഠിച്ചിട്ട് ഒരു കുട്ടി തന്റെ വ്യക്തിജീവിതത്തിൽ എന്ത് നേടിയെന്ന സാമൂഹ്യ മാധ്യമത്തിലെ കമന്റുകൾ ഇവിടെ ഓർക്കാതിരിക്കാൻ കഴിയുന്നില്ല ‘. സ്‌കൂൾ പാഠ്യ പദ്ധതിയിലെ ഓരോ പാഠഭാഗങ്ങളും തെരെഞ്ഞെടുക്കുമ്പോൾ അത് പഠിക്കുന്ന കുട്ടിക്ക് ഇന്നല്ലെങ്കിൽ നാളെ എന്ത് പ്രയോജനമുണ്ടാകും എന്നുകൂടി കണക്ക് കൂട്ടി വേണം പാഠ്യ പദ്ധതി തീരുമാനിക്കാൻ.

കാരണം ഓരോ ക്ലാസ് മുറികളിലും ഇരിക്കുന്ന ഓരോ കുട്ടിയും വ്യത്യസ്ത മനോഭാവമുള്ള, ചിന്താശേഷിയുള്ള, വിഭിന്നമായ അഭിരുചികളുള്ള, വിവിധ സാഹചര്യങ്ങളിൽ നിന്നും വരുന്നവരാണ്. ആ വ്യത്യസ്ത നാം മനസിലാക്കണം. അവരെല്ലാം നാളയുടെ നാഴികക്കല്ലുകളാണ്. അപ്പോൾ അവരെ വളരെ ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസ കാഴ്ചപ്പാടുകളിലൂടെയും സാമൂഹ്യ നിരീക്ഷണങ്ങളിലൂടെയും നല്ല വ്യക്തികളായി വളർത്തി കൊണ്ട് വരേണ്ടത് ഭരണകർത്താക്കളുടെയും പൊതുസമൂഹത്തിന്റെയും കടമയും കർത്തവ്യവുമാണ്. ഈ അടുത്ത കാലത്തായി പൊതുവിദ്യാഭ്യാസ രംഗത്ത് ഉണ്ടായിട്ടുള്ള വലിയ മുന്നേറ്റം ഒരു നാടാകെ അത് ആത്മാർത്ഥമായി ഏറ്റെടുത്തത് കൊണ്ടാണ്. അടച്ചു പൂട്ടലിന്റെ വക്കിലെത്തിയ നൂറുകണക്കിന് സ്‌കൂളുകളാണ് ഈ മുന്നേറ്റത്തിലൂടെ കരുത്താർജിച്ചത്.ഈ മാതൃകാ പ്രവർത്തനം വീണ്ടും കരുത്താർജിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. ഈ അവസരത്തിൽ തികച്ചും സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരധ്യാപകനെന്ന നിലയിൽ കുറച്ചു ആശയങ്ങൾ പൊതു സമൂഹത്തിന് മുന്നിൽ സമർപ്പിക്കുകയാണ്.

സാമൂഹ്യ വീക്ഷണത്തോടെയുള്ള വിദ്യാഭ്യാസം

ഒരു വ്യക്തിയെ സമൂഹത്തിനും രാഷ്ട്രത്തിനും ഉപയോഗപ്പെടുന്ന തരത്തിൽ അവനെ വളർത്തിയെ ടുക്കുക എന്നതാണ് വിദ്യാഭ്യാസം കൊണ്ടുദേശിക്കുന്നത്.അതിനാ യി പാഠപുസ്തകങ്ങൾക്കും അപ്പുറമുള്ള അറിവുകൾ പകർന്നു നൽകുകയാണ് നമുക്ക് ചെയ്യാൻ കഴിയുന്ന പ്രഥമവും പ്രധാനപ്പെട്ടതുമായ കാര്യം.സ്വന്തം വീട്ടിൽ, പൊതുയിടങ്ങളിൽ വിദ്യാലയങ്ങളിൽ, ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ എങ്ങനെ പെരുമാറണമെന്ന സാമൂഹ്യ ബോധം അവനിലുണ്ടാകണം. കുട്ടികളിൽ സാമൂഹ്യ അവബോധം ഉളവാക്കുന്ന തരത്തിൽ നിരവധി യൂണിറ്റുകൾ സ്‌കൂൾ തലത്തിൽ നിലവിലുണ്ടെങ്കിലും അതിൽ ഭൂരിപക്ഷവും ഗ്രേസ് മാർക്കിനോ മറ്റ് താല്പര്യങ്ങളിലൊ അധിഷ്ഠിതമാണ്. ഈ മൊബൈൽ യുഗത്തിൽ പല കുട്ടികളും മൊബൈലിനും മറ്റ് മയക്കു മരുന്നുകൾക്കും വശംവദരായി സ്‌കൂൾ ജീവിതം തള്ളി നീക്കുമ്പോൾ ഇത്തരം പ്രവർത്തനങ്ങൾ അതിന് ബദലായി മാറുവാനും അതിലൂടെ ഒരു വലിയ ശതമാനം കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുവാനും നമുക്ക് കഴിയണം.കുട്ടികളിൽ സാമൂഹ്യ പ്രതിബദ്ധതയും കാരുണ്യവും പാരിസ്ഥിതിക അവബോധവും ജീവിതക്രമവും നിസ്വാർത്ഥ മനോഭാവവും സഹജീവി സ്‌നേഹവും ഉത്തരവാദിത്വ ബോധവുമൊക്ക പ്രാവർത്തികമാക്കുക എന്ന ലക്ഷ്യത്തോടെ
എൻ സി സി, എസ് പി സി, ജെ ആർ സി, ലിറ്റിൽ കൈറ്റ്‌സ്,നേച്ചർ ക്ലബ്, ഒ ആർ സി തുടങ്ങിയ യൂണിറ്റുകൾ സ്‌കൂളുകളിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും അതിന്റെ പ്രയോജനം ഒരു നിശ്ചിത ശതമാനം കുട്ടികളിൽ ഒതുങ്ങി പോവുകയാണ് പതിവ്.പല സ്‌കൂളുകളിലും ഇത് ഒരു വഴിപാട് പോലെ കാട്ടിക്കൂട്ടുകയാണ്. ഈ കാട്ടിക്കൂട്ടലിൽ ഒരു വിഭാഗം സ്‌കൂൾ അധികൃതർക്കും അധ്യാപകർക്കും പങ്കുണ്ട്.

എന്നാൽ യു പി ക്ളാസുമുതൽ എല്ലാ കുട്ടികളൂം ഏതെങ്കിലുമൊക്കെ സാമൂഹ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്ന തരത്തിൽ അത് പാഠ്യ പദ്ധതിയുമായി കൂട്ടിചേർക്കണം ഒപ്പം, ചെറു പ്രായത്തിൽ തന്നെ സാമൂഹ്യ പ്രവർത്തനങ്ങളിൽ വ്യാപൃതരായി ജീവിത വിജയം നേടിയ വ്യക്തികളുടെ അനുഭവകുറിപ്പുകൾ ഉൾപ്പെടുത്താം. ഇത്തരം കഥകൾ കുഞ്ഞു മനസ്സിൽ പതിയാതിരിക്കില്ല .സ്‌കൂൾ കാലഘട്ടത്തിൽ ലഭിക്കുന്ന ഈ അവസരങ്ങൾ അവരുടെ ഭാവി ജീവിതത്തിന് കരുത്തേകുമെന്ന കാര്യത്തിലും രണ്ടഭിപ്രായമില്ല.

ശുചിത്വവും ആരോഗ്യ ചിന്തകളും (മര്യാദകളും )

തീരെ ചെറിയ ക്ളാസുകൾ മുതൽ കുട്ടികൾ പഠിക്കേണ്ട, അനുവർത്തിക്കേണ്ട ശീലങ്ങളാണ് ശുചിത്വവും ആരോഗ്യ അറിവുകളും. അത് വീട്ടിൽ തന്നെ തുടങ്ങേണ്ടതും എന്നാൽ പാഠപുസ്തകത്തിൽ അതിന്റെ ശാസ്ത്രീമായ അറിവുകളും നേട്ടങ്ങളും കോട്ടങ്ങളും ഉൾപ്പെടുത്തുകയും വേണം.ചെറുപ്പ കാലത്ത് കുട്ടികൾ ശീലിക്കുന്ന ദിനചര്യകൾ ഭാവിയിൽ അവന്റെ വ്യക്തിത്വ രൂപീകരണത്തിലും ആരോഗ്യ കാര്യത്തിലും കാര്യമായ സ്വാധീനം ചെലുത്തുമെന്നുള്ളത് നിസ്തർക്കമായ വസ്തുതയാണ്.

നല്ല വിദ്യാഭ്യാസത്തോടൊപ്പം നല്ല ആരോഗ്യവും കുട്ടികൾക്ക് അത്യന്താപേക്ഷിതമാണ്. എന്നാൽ ബഹുഭൂരിപക്ഷം കുട്ടികളും ഈ കാലഘട്ടത്തിൽ തങ്ങളുടെ ആരോഗ്യ കാര്യത്തിലും ഭക്ഷണകാര്യത്തിലും അജ്ഞരും അലസരുമാണ്.പുതിയ ഭക്ഷ്യ സംസ്‌കാരം നമ്മുടെ പുതിയ തലമുറയെ നിത്യ രോഗികളാക്കി മാറ്റിക്കൊണ്ടിക്കുകയാണ്.ഫാസ്റ്റ് ഫുഡ് ഏറ്റവും വലിയ ഇഷ്ട ഭക്ഷണമായി കരുതുന്നവരാണ് തൊണ്ണൂറ് ശതമാനം കുട്ടികളും. അതിനാൽ തന്നെ പുതു തലമുറയെ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് മലാശയ ക്യാൻസറാണെന്ന ആരോഗ്യ വിധഗ്ദരുടെ വെളിപ്പെടുത്തൽ വളരെ ഗൗരവത്തോടെ കാണണം. നല്ല ഭക്ഷണം തെരെഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകതയും, പ്രാധാന്യവും മറിച്ചുള്ളത്തിന്റെ പ്രത്യാഘാതവും കുട്ടികൾ അറിഞ്ഞിരിക്കണം. അതിനായി വിദഗ്ധരുടെ വിവരണങ്ങൾ ചെറിയ ക്ളാസിലെ പാഠപുസ്തകങ്ങളിൽ തന്നെ ഉൾപ്പെടുത്തുവാൻ കഴിയണം.

ലഹരിയുടെ ഉപയോഗവും താളം തെറ്റുന്ന തലമുറയും

വിദ്യാർത്ഥികളുടെ ലഹരി ഉപയോഗവും ക്രയവിക്രയവും ഇപ്പോൾ നിത്യ സംഭവങ്ങളായി മാറികഴിഞ്ഞു. നമ്മുടെ കുട്ടികളെ പല വിധത്തിലും സ്വാധീനിക്കുവാൻ ലഹരി മാഫിയ വല വീശികഴിഞ്ഞു. അതിനെ തടയുവാൻ നമ്മുടെ എക്സൈസ് വകുപ്പും പൊതു സമൂഹവും കിണഞ്ഞു പരിശ്രമിച്ചിട്ടും ഇതിന്റെ വ്യാപനം കൂടി വരുന്നതല്ലാതെ കുറയുന്നില്ല എന്നതാണ് വാസ്തവം. ഇതിന്റെ വ്യാപനത്തിൽ ഏറ്റവും കൂടുതൽ വാഹകരായിട്ടുള്ളത് കേരളത്തിനകത്തും പുറത്തുമുള്ള പ്രൊഫഷണൽ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥിനികൾ ഉൾപ്പെടെയുള്ളവരാണെന്നുള്ളതാണ് വസ്തുത.ഇപ്പോൾ സ്‌കൂൾ കുട്ടികളും ഉണ്ടെന്നാണ് അറിവ്. ഈ അടുത്ത സമയത്ത് ഒരു സ്‌കൂളിന് മുൻപിൽ വെച്ച് രണ്ട് പെൺകുട്ടികൾ ബൈക്കിലെത്തിയ ആളുടെ പക്കൽ നിന്നും സാധനം വാങ്ങുന്നതും അതിന്റെ തുക കൊടുക്കുന്നതും ഒരു വീഡിയോയിലൂടെ കാണാൻ കഴിഞ്ഞു. ഒരു ഹയർ സെക്കണ്ടറി പ്രിൻസിപ്പാളിന്റെ ശബ്ദ സന്ദേശത്തിൽ കേൾക്കാൻ കഴിഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്. അവർ നടത്തിയ അന്വേഷണത്തിലും അഭിമുഖീകരിച്ച വിഷയങ്ങളിലും അനുഭവിച്ച് അറിയാൻ കഴിഞ്ഞത് സ്‌കൂളിലെ തൊണ്ണൂറ് ശതമാനം കുട്ടികളും ഇതിന്റെ വാഹകരോ ഉപഭോക്താക്കളോ ആണെന്നാണ്.

ഇത് ഒരു വരുമാന മാർഗമായി കാണുന്ന കുട്ടികളും അവരെ സപ്പോർട്ട് ചെയ്യുന്ന രാഷ്ട്രീയ സംഘടനകളും ഉണ്ടെന്നാണ് ടീച്ചർ ആ സംഭാഷണത്തിൽ പറയാതെ പറഞ്ഞത്. ഇത് ഒരു സ്‌കൂളിന്റെ വിഷയമാണെങ്കിൽ ഇത് തന്നെയാണ് മറ്റ് സ്‌കൂളുകളിലും നടക്കുന്നത്.

കേരളത്തെ ഒന്നാകെ ബാധിച്ചിരിക്കുന്ന ഈ ദുരന്തത്തെ എന്ത് വിലകൊടുത്തും പ്രതിരോധിക്കേണ്ടത് നമ്മുടെ ഏവരുടെയും ഉത്തരവാദിത്വമാണ് .
അതിന് മുന്നോടിയായി ഇതിന്റെ ദൂഷ്യ വശങ്ങൾ വരച്ചു കാട്ടി പുതു തലമുറയെ രക്ഷിക്കണം. അതിനായി യൂ പി ക്ലാസുകളിലെങ്കിലും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം മൂലം തിക്ത ഫലങ്ങൾ അനുഭവിച്ച, അതിൽ നിന്നും മുക്തനായ, ഒരു വ്യക്തിയുടെ ജീവചരിത്രം പാഠപുസ്തകത്തിൽ ഉൾപ്പെടുത്താം.

ഗതാഗതബോധം (മര്യാദ ) ചെറു പ്രായത്തിൽ തന്നെ ഉണ്ടാകണം

വയൽ വരമ്പിലൂടെയും പറമ്പിലൂടെയും പാടത്തിലൂടെയും കാൽനടയായി സ്‌കൂളിൽ പോയിരുന്ന ഒരു കാലഘട്ടത്തിൽ നിന്നും വീടിന്റെ പടിയിൽ നിന്നും സ്‌കൂൾ വാനിൽ കയറി പോകുന്ന ഒരു തലമുറയെയാണ് ഇന്ന് നമുക്ക് കാണാൻ കഴിയുന്നത്. പലതും കണ്ടും കേട്ടും അനുഭവിച്ചും വളർന്ന കുട്ടികളായിരുന്നു പണ്ട്. എന്നാൽ ഇന്നവർ എല്ലാ സുഖ സൗകര്യങ്ങളും സാഹചര്യങ്ങളും പുത്തൻ സാങ്കേതിക വിദ്യയിലെ അറിവുകളും മാത്രം അനുഭവിച്ചാണ് വളരുന്നത്. അതുകൊണ്ട് തന്നെ അവരിൽ ഭൂരിഭാഗവും ജീവിതയാഥാർഥ്യങ്ങൾ അറിയാതെ വളർന്നു വരുന്നവരാണ്. അതുപോലെ തന്നെ ഇപ്പോൾ കേരളത്തിലെ കുട്ടികളിൽ അറുപതു ശതമാനവും പതിനെട്ട് വയസ്സ് പൂർത്തിയാക്കുന്നതിന് മുൻപ് ടൂവീലറോ ഫോർ വീലറോ ഉപയോഗിച്ചു കൊണ്ട് നിരത്തിലിറങ്ങുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

അതിൽ ഭൂരിഭാഗവും രക്ഷിതാക്കളറിയതയാണ് യാത്ര. ഇത് പലപ്പോഴും അപകടങ്ങൾക്ക് കാരണമായിട്ടുണ്ട്. ഇന്ന് പൊതു നിരത്തിൽ ന്യൂ ജനറേഷൻ ബൈക്കുകളുടെ മരണപ്പാച്ചിൽ പൊതു സമൂഹത്തിനു തന്നെ തലവേദന ആയി മാറിയിരിക്കുകയാണ്. ഈ അടുത്ത കാലത്ത് മധ്യ കേരളത്തിലെ ഒരു സ്‌കൂളിൽ പത്താംക്ളാസിൽ പഠിക്കുന്ന രണ്ട് കുട്ടികൾ സ്ഥിരമായി ബൈക്കിൽ യാത്ര ചെയ്യുന്നതിനെ കുറിച്ച് അന്വേഷിച്ചപ്പോൾ , വീട്ടുകാർ അറിഞ്ഞല്ല ബൈക്ക് യാത്ര, അത് ആരുടെ ആണെന്നും അറിയില്ല. പിന്നീട് ആണ് അറിയുന്നത് ഇത് ആരൊ മോഷ്ടിച്ച ബൈക്കാണെന്നും അതിന് ഇന്ധനം നിറക്കുന്നത് കഞ്ചാവ് വിറ്റു കിട്ടുന്ന പണം ഉപയോഗിച്ചാണെന്നും . ഇതാണ് ഇന്നത്തെ അവസ്ഥ.ഗതാഗതനിയമങ്ങൾ കാറ്റിൽ പറത്തിയും ലഹരിയുടെ ഉപയോഗവും വിപണനവും നടത്തിയും പുതുതലമുറ ജീവിതം ആഘോഷിക്കുകയാണ്. ഇതിന് കണിഞ്ഞാണിട്ടില്ലെങ്കിൽ നമ്മുടെ പുതുതലമുറ എവിടെയെത്തി നിൽക്കും.

പൊതു നിരത്തിൽ ഇറങ്ങിയാൽ എങ്ങനെ യാത്ര ചെയ്യണമെന്നെന്നും എങ്ങനെ വാഹനം ഓടിക്കണമെന്നും മറിച്ചായാൽ എന്തെല്ലാം ഭവിഷത്തുകൾ അനുഭവിക്കേണ്ടി വരുമെന്നും ചെറിയ ക്ളാസിൽ തന്നെ അവനെ ധവൽക്കേണ്ടിയിരിക്കുന്നു.അതിനായി ഗതാഗത നിയമങ്ങൾ പ്രൈമറി ക്ലാസ് മുതൽ തന്നെ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തണം. നിരത്തുകളിൽ യാത്ര ചെയ്യുന്ന ഓരോ വ്യക്തിയുടെയും ജീവന് തന്റെ ജീവന് തുല്യമായ വിലയുണ്ടെന്നും തന്നെ പോലെ മറ്റുള്ളവർക്കും ഒരു ജീവിതം ഉണ്ടെന്നുമുള്ള ബോധം ഇവരിൽ ചെറു പ്രായത്തിൽ തന്നെ ഉണ്ടാക്കിയെടുക്കണം.

ലൈംഗിക വിദ്യാഭ്യസം കാലഘട്ടത്തിന്റെ അനിവാര്യത

ജന്റർ ഇക്വാളിറ്റിയുടെ പേരിൽ വലിയ വാഗ്വാദങ്ങൾ കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയമണല്ലോ. എന്നാൽ അതിന് മുൻപേ സ്‌കൂൾ തലങ്ങളിൽ നടപ്പാക്കേണ്ട ഒരു സുപ്രധാന വിഷയമാണ് ലൈംഗിക വിദ്യാഭ്യാസം. ഏഴാം ക്ലാസ് മുതലെങ്കിലും ഇത് നമ്മുടെ സ്‌കൂളുകളിൽ നടപ്പാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ചെറു പ്രായത്തിൽ തന്നെ ഓരോ കുട്ടിയേയും ‘ഗുഡ് ടച്ചും ബാഡ് ടച്ചും ( നല്ല സ്പർശനവും മോശ സ്പർശനവും ) എന്താണെന്ന് അവരെ ബോധ്യപ്പെടുത്താൻ കഴിയണം ഒപ്പം നോ പറയാനും ‘.സംസ്ഥാനത്ത് കൂടി വരുന്ന ലൈംഗിക അതിക്രമങ്ങൾ ചൂണ്ടി കാട്ടി കഴിഞ്ഞ ദിവസം ഹൈകോടതി തന്നെ അഭിപ്രായപ്പെട്ടത് ലൈംഗികാതിക്രമം തടയാനുള്ള കർമപദ്ധതി സിലബസിൽ ഉൾപ്പെടുത്തണമെന്നാണ്.

ഓരോ പ്രായത്തിലും ലൈംഗികതയെ കുറിച്ച് അവർ ആർജിക്കേണ്ട അറിവനുസരിച്ച് വേണം ഇത് നടപ്പാക്കാൻ. ഈ അടുത്ത കാലത്ത് പതിനെട്ടു വയസിൽ താഴെയുള്ള കുട്ടികൾ ലൈംഗിക അതിക്രമങ്ങൾക്ക് കൂടുതലായും വിധേയരാകുന്നുവെന്നത് ഞെട്ടലുള്ളവാക്കുന്നതാണ്. ഇതിനാണ് തടയിടെണ്ടത്. ലൈംഗികത പ്രകൃതിയുടെ നിലനിൽപ്പിന്റെ അഭിഭാജ്യ ഘടകമാണെന്നും എല്ലാ ജീവജാലങ്ങളും അത് നിറവേറ്റുന്നുണ്ടെന്നും കുഞ്ഞു പ്രായത്തിൽ തന്നെ അവരെ ബോധ്യപ്പെടുത്തുവാൻ കഴിയണം. അതിലൂടെ പീഡനം ഉൾപ്പെടെയുള്ള കുറ്റങ്ങളിൽ നിന്നും മാറി ചിന്തിക്കാനും എതിർ ലിംഗത്തിലുള്ളവരെ ബഹുമാനിക്കാനും കുട്ടികൾ ശീലിക്കും. കാരണം ഈ കാലഘട്ടത്തിൽ നമ്മുടെ കുട്ടികൾ എല്ലാ അറിവുകളും സ്വയം സാംശീകരിക്കുന്ന കൂട്ടത്തിലാണ്. പുത്തൻ സാങ്കേതിക വിദ്യയിൽ മുതിർന്നവരെക്കാൾ കൂടുതൽ കാര്യ ശേഷിയും കാര്യ പ്രാപ്തിയും അവരിലുണ്ട്. അതിനോട് പൊരുത്തപ്പെടുവാനും കാര്യങ്ങൾ തുറന്ന് സംസാരിക്കുവാനും അവരോടൊപ്പം ചേർന്ന് നിൽക്കുവാനും നമുക്ക് കഴിയണം.

സാമ്പത്തിക അച്ചടക്കം

വ്യക്തി ജീവിതത്തിൽ ഒഴിവാക്കാൻ കഴിയാത്ത മറ്റൊരു ഘടകമാണ് സാമ്പത്തിക അച്ചടക്കം. പല രക്ഷിതാക്കളും തങ്ങളുടെ മക്കളെ ഇപ്പൊൾ ബുദ്ധിമുട്ടും പ്രയാസങ്ങളും ഒന്നും അറിയിക്കാതെയാണ് വളർത്തുന്നത്. ഒരു കൊച്ചു കുട്ടിക്ക് പെൻസിൽ വേണമെന്ന് പറഞ്ഞാൽ ഒരു പെട്ടി പെൻസിലാണ് വാങ്ങി നൽകുന്നത്. ഫലമോ അവൻ ഓരോ പെൻസിലും പൂർണമായും ഉപയോഗിക്കാതെ വെട്ടി കളയുന്നു. ഈയൊരു ചെറിയ ശീലം പോലും അവനിൽ ധാരാളിത്തത്തിന്റെയും അർഭാടത്തിന്റെയും വിത്തുകൾ പാകിയിരിക്കും. പെൻസിലിന്റെ കാര്യത്തിൽ മാത്രമല്ല അവൻ ആവശ്യപ്പെടുന്നതിലുമപ്പുറം വാരി കോരി കൊടുക്കുന്നവരാണ് ഇന്നത്തെ രക്ഷിതാക്കളിൽ ഭൂരിപക്ഷം. ഞാൻ ബുദ്ധിമുട്ടി കഷ്ടപ്പെട്ടാണ് പഠിച്ചത് എന്റെ കുട്ടി അങ്ങനെ ആകരുത്. അവൻ ഒരു ബുദ്ധിമുട്ടും അറിയരുത്. ഈ മനോഭാവമാണ് പല രക്ഷിതാവിനും ഉള്ളത്. അത് തികച്ചും തെറ്റായ ഒരു ധാരണയാണ്. ഇത്തരത്തിൽ ഒരു ബുദ്ധിമുട്ടും അറിയിക്കാതെ വളർത്തുന്ന കുട്ടികളാണ് ഭാവിയിൽ പല ബുദ്ധിമുട്ടുകളും രക്ഷിതാക്കൾക്ക് തിരിച്ചു നൽകുന്നത്. ഓരോ കുട്ടിയും ചെറു പ്രായത്തിൽ തന്നെ തന്റെ കുടുംബത്തിലെ ആകെ വരുമാനവും ചെലവും അറിഞ്ഞിരിക്കണം.

സാമ്പത്തിക ബുദ്ധിമുട്ടും പ്രയാസങ്ങളും അറിഞ്ഞു തന്നെയാണ് കുട്ടികൾ വളരേണ്ടത്. അതിനായി കുടുംബ ബഡ്ജറ്റുകൾ ചെറുപ്പത്തിലേ കുട്ടികളെ കൊണ്ട് തയാറാക്കാം.ഇത് രൂപയുടെ മൂല്യവും പ്രാധാന്യവും മനസിലാക്കാൻ കുട്ടിയെ സഹായിക്കും. സാമ്പത്തിക ഭദ്രതയും സാമ്പത്തിക അച്ചടക്കവും കുട്ടികൾ മനസിലാക്കാൻ ഉതകുന്ന തരത്തിലുള്ള ഭാഗങ്ങൾ പാഠ്യ പുസ്തകത്തിൽ ഉൾപ്പെടുത്തണം. അത് അറിവും ആരോഗ്യവും പോലെ ഒരു വ്യക്തിയുടെ ജീവിതത്തിലെ ജയ പരാജയങ്ങൾ തീരുമാനിക്കുന്ന നിർണ്ണായക ഘടകമാണ്.

ആദ്യം പിറന്ന നാടിന്റെ ചരിത്രമറിയട്ടെ

ഈ അടുത്ത കാലത്ത് ഒരു എൻ എസ് എസ് ക്യാമ്പിൽ പരിശീലകനായി ക്ളാസെടുക്കുന്ന വേളയിൽ സ്വന്തം പഞ്ചായത്ത് ഏതെന്ന് ചോദിച്ചപ്പോൾ ഉത്തരം അറിയാത്ത കുട്ടികളുടെ എണ്ണം കൂടുതൽ ആയിരുന്നു. ഇതാണ് അവസ്ഥ. അതല്ലേ അവർ ആദ്യം പഠിക്കേണ്ടതും അറിയേണ്ടതും. ഓരോ പാഠഭാഗങ്ങളും തെരെഞ്ഞെടുക്കുമ്പോൾ അത് പഠിക്കുന്ന കുട്ടിക്ക് കിട്ടുന്ന അടിസ്ഥാന അറിവായി മാറണം.ആദ്യം കുട്ടികൾക്ക് അവരവരുടെ പ്രാദേശിക ചരിത്രം പഠിക്കുവാൻ സൗകര്യമൊരുക്കി കൊടുക്കണം.

സ്വന്തം ജില്ലയിൽ എത്ര താലൂക്കുകൾ ഉണ്ടെന്നും എത്ര പഞ്ചായത്തുകൾ ഉണ്ടെന്നും സ്വന്തം പഞ്ചായത്തിൽ എത്ര വാർഡുകൾ ഉണ്ടെന്നുമുള്ള അടിസ്ഥാന വിവരമെങ്കിലും പത്താംക്ലാസ് കഴിഞ്ഞു വരുന്ന ഒരു കുട്ടിക്ക് ഉണ്ടായിരിക്കണം.പിന്നീട് മതി ലോകചരിത്രം പഠിക്കുന്നത്.

തൊഴിലധിഷ്ഠിതമാകണം പുതിയ പാഠ്യ പദ്ധതി

പുതിയ പാഠ്യ പദ്ധതിക്ക് രൂപം കൊടുക്കുമ്പോൾ ഏറ്റവും മുന്തിയ പരിഗണന കൊടുക്കേണ്ട ഒന്നാണ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം. ഒരു ക്ളാസിലെ എല്ലാ കുട്ടികളും പഠനത്തിൽ മികച്ച നിലവാരം പുലർത്തണമെന്നില്ല. എന്നാൽ മറ്റ് പല മേഖലകളിലും അവർ ആഗ്രകണ്യന്മാർ ആയിരിക്കും. അത് കണ്ടെത്തി പരിശീലിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നിടത്താണ് ഓർധ്യാപകന്റെ അല്ലെങ്കിൽ രക്ഷിതാവിന്റെ മിടുക്ക് എന്ന് പറയുന്നത്. അതാണ് പ്രയാസവും. ഇപ്പോൾ അത് കണ്ടെത്താനുള്ള ശാസ്ത്രീയ സംവിധാനങ്ങൾ നമുക്കുണ്ട്.

ഹൈസ്‌കൂൾ ക്ളാസുകളിൽ എത്തുമ്പോൾ അത്തരം കുട്ടികളെ കണ്ടെത്തുകയും അവരുടെ താല്പര്യം കൂടി കണക്കിലെടുത്ത് വിവിധ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നൽകുകയും വേണം. സോഷ്യൽ മീഡിയയുടെ അവീർഭാവത്തോടെ വിവിധ മേഖലകളിൽ വ്യാപൃതരായിട്ടുള്ള നിരവധി കുട്ടികൾ നമ്മുടെ ചുറ്റിലും ഉണ്ട്. വിവിധ നിർമ്മാണ പ്രവർത്തികൾ, കണ്ടു പിടുത്തങ്ങൾ സംഗീതത്തിലും, ചിത്രകലയിലും അലങ്കാര വൃക്ഷങ്ങളിലും , ചെടികളും ആകൃഷ്ടരായവർ മറ്റ് കലാരംഗങ്ങളിൽ തിളങ്ങുന്നവർ കൂടാതെ അലങ്കാര മത്സ്യങ്ങൾ വളർത്തുന്നവർ, അതിൽ നിന്നൊക്കെ വരുമാനം കണ്ടെത്തുന്നവർ, കുട്ടി വ്‌ലോഗർമാരായും അവതാരകാരുമൊക്കെയായി തിളങ്ങുന്നവരുമുണ്ട് നമുക്ക് ചുറ്റും. അക്കൂട്ടരെ അവരവരുടെ താല്പര്യം അനുസരിച്ചുള്ള മേഖലകളിൽ വഴിതിരിച്ചു വിടുന്നതായിരിക്കണം വിദ്യാഭ്യാസം.

സ്വയം പ്രചോദിതരാകുന്ന കഥകൾ ഉണ്ടാകണം

നമ്മുടെ ക്ളാസിൽ ഇരിക്കുന്ന കുട്ടിക്ക് ഒരു പക്ഷേ നമ്മുടെ ഒരു വാക്കോ സമ്മാനമോ അവരുടെ ജീവിതത്തിലെ വഴിത്തിരിവാകാം. അതുപോലെ തന്നെയാണ് അവർ പഠിക്കുന്ന പാഠപുസ്തകത്തിലെ പ്രചോദനകഥകളും. പ്രതിസന്ധികളിലൂടെയും പ്രയാസങ്ങളിലൂടെയും ജീവിത വിജയം നേടിയ ആളുകളുടെ കഥ ഭാഷാ പുസ്തങ്ങളിലെങ്കിലും ഉൾപ്പെടുത്തുവാൻ ശ്രമിക്കണം.ജീവിതത്തിലെ സുഖം മാത്രം അനുഭവിച്ചു വളർന്ന് വരുന്ന ഇന്നത്തെ തലമുറക്ക് അതിന്റെ മറുവശം കൂടി ബോധ്യപ്പെടുത്തി കൊടുക്കാൻ കഴിയണം.

അരിയാഹാരം എങ്ങനെ ഉണ്ടാകുന്നുവെന്നും അവർ പഠിക്കട്ടെ

2015 ൽ എന്റെ സ്‌കൂളിൽ കരനെൽകൃഷി നടത്തിയ വർഷം അഞ്ചാം ക്ളാസിലെ ഒരു കുട്ടി നെൽച്ചെടി ചൂണ്ടി കാണിച്ചു കൊണ്ട് എന്നോടായി ഒരു ചോദ്യം ചോദിച്ചു. ‘സർ ഇത് എന്നാ ചെടിയാണെന്ന് ‘ . പിന്നീട് നെൽകൃഷിയുടെ ഓരോ ഘട്ടങ്ങളും അവരെ ബോധ്യപ്പെടുത്തി ആ അരികൊണ്ട് അവർക്ക് അന്നം വിളമ്പി കൊടുക്കേണ്ടി വന്നു. ഇത് ഒരു കുട്ടിയിൽ മാത്രം ഒതുങ്ങുന്ന വിഷയമല്ല. നമ്മുടെ മിക്ക കുട്ടികൾക്കും അറിയില്ല മൂന്നു നേരം കഴിക്കുന്ന അരിയാഹാരം എങ്ങനെ ഉണ്ടാകുന്നുവെന്ന്.ഭാവിയിൽ നമ്മുടെ രാജ്യത്ത് കൃഷി ചെയ്യുന്നവരും വേണമല്ലോ. അന്യം നിന്നുപോയ കാർഷിക സംസ്‌കാരം നമ്മുടെ കുട്ടികളിൽ തിരിച്ചു കൊണ്ടുവരണം. കൃഷിയുടെ പ്രാധാന്യവും അതിലൂടെയുള്ള ഭക്ഷണത്തിന്റെ ശുദ്ധിയും കുട്ടികൾ പഠിക്കട്ടെ.

അതിനായി ആഴ്ചയിൽ ഒരു പീരീഡ് കൃഷി പാഠത്തിനായി മാറ്റിവെയ്ക്കാം.വിവിധ കാർഷിക വിളകളെ കുറിച്ചും കർഷകർ നേരിടുന്ന പ്രതിസന്ധികളെകുറിച്ചും കാലാവസ്ഥാ വ്യതിയാനവും കൃഷിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചും കൃഷി പാഠത്തിൽ ഉൾപെടുത്താം. പഠനത്തിന്റെയും പരീക്ഷകളുടെയും മാനസിക സംഘർഷത്തിൽ നിന്നും അവർ മുക്തരാക്കുന്നതോടൊപ്പം നമ്മുടെ നാട്ടിൽ ഭാവിയിലെ മികച്ച കർഷകരും ഉണ്ടാകട്ടെ. എന്നാലല്ലേ ഭാവിയിൽ അവർക്ക് മൂന്നു നേരം കഴിക്കാൻ പറ്റുകയുള്ളൂ…..

Story Highlights: forming new school syllabus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here