Advertisement

മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ ട്രാൻസ്ഫർ വൈകുന്നു; അഴിമതിക്കാരെ സംരക്ഷിക്കാനെന്ന് ആക്ഷേപം

September 6, 2022
Google News 4 minutes Read
motor vehicle inspectors transfer

മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെയും അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെയും ട്രാൻസ്ഫർ ഓഡർ ഇറങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും ഉത്തരവ് നടപ്പാക്കാതെ ​ഗതാ​ഗത വകുപ്പ്. ആർ.ടി ഓഫിസുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയിട്ടും സ്ഥലമാറ്റം സംബന്ധിച്ച അന്തിമ ഉത്തരവിറക്കാൻ ​ഗതാ​ഗത വകുപ്പ് ഇനിയും തയ്യാറായിട്ടില്ല. സ്ഥലം മാറ്റം സംബന്ധിച്ച കരട് ഉത്തരവിൽ ഉദ്യോ​ഗസ്ഥർ മാറ്റങ്ങൾ നിർദേശിച്ചെങ്കിലും അതിന്റെ ഡ്രാഫ്റ്റ് പൂർത്തിയാക്കിയിട്ടില്ല. എന്നാൽ, സ്ഥലം മാറ്റം സംബന്ധിച്ച ഡ്രാഫ്റ്റ് തയ്യാറാക്കുകയാണെന്നും എത്രയും പെട്ടെന്ന് തന്നെ അന്തിമ പട്ടിക പുറത്തിറക്കുമെന്നും ​ഗതാ​ഗത വകുപ്പ് സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ കെ.ലാലി ട്വന്റിഫോറിനോട് പറഞ്ഞു ( motor vehicle inspectors transfer ).

മേയ് നാലിനായിരുന്നു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ സ്ഥലം മാറ്റം സംബന്ധിച്ച് കരട് പട്ടിക ​ഗതാ​ഗത വകുപ്പ് പുറത്തിറക്കിയത്. ഇതിന് പിന്നാലെ 22ന് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെയും കരട് സ്ഥലം മാറ്റപ്പട്ടിക പുറത്തിറക്കി. ഇതിൽ തടസവാദം സമർപ്പിക്കുന്നതിനും അവസരം നൽകി. എന്നാൽ അതിനുശേഷം ഇതുവരെയും അന്തിമപട്ടിക ഇറക്കിയിട്ടില്ല.

ആർ.ടി ഓഫിസുകളിൽ നടക്കുന്ന കൈക്കൂലി ഇടപാടിന്റെ തുടർച്ചയാണ് സ്ഥലം മാറ്റം വൈകാൻ ഇടയാക്കുന്നതെന്ന ആക്ഷേപമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. നിലവിൽ പല ആർടി ഓഫിസുകളിലും തുടരുന്ന ഉദ്യോ​ഗസ്ഥർക്ക് മറ്റിടങ്ങളിലേക്ക് സ്ഥലം മാറുന്നതിൽ എതിർപ്പുണ്ട്. കൂടാതെ ഇഷ്ടപ്പെട്ട സ്ഥലം ലഭിക്കാത്തതു കാരണവും ചില ഉദ്യോ​ഗസ്ഥർ ഇടപെട്ട് തന്നെ ലിസ്റ്റ് വൈകിപ്പിക്കുകയാണെന്നാണ് ​ഗതാ​ഗത വകുപ്പിലെ തന്നെ ഒരു വിഭാ​ഗം ഉദ്യോ​ഗസ്ഥർ ആരോപിക്കുന്നത്. ഉദ്യോ​ഗസ്ഥരുടെ ഉന്നതരാഷ്ട്രീയ ബന്ധം ഉപയോ​ഗപ്പെടുത്തിയാണ് ഉത്തരവ് വൈകിപ്പിക്കുന്നതെന്നാണ് ആക്ഷേപം.

കഴിഞ്ഞ ദിവസം വിജിലൻസ് നടത്തിയ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയ 12 ആർ.ടി സബ് ആർ.ടി ഓഫിസുകളിലെ ഉദ്യോ​ഗസ്ഥർ ഈ സ്ഥലം മാറ്റപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ക്രമക്കേടുകൾ കണ്ടെത്തിയ കൊണ്ടോട്ടി സബ് ആർടി ഓഫിസിൽ രണ്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരും ചടയമം​ഗത്ത് ഒരാളും മൂവാറ്റുപുഴയിലും കോട്ടയത്തും നാലു വീതവും ചങ്ങനാശേരിയിൽ രണ്ടും ആലപ്പുഴയിൽ ഒന്നും പാലക്കാട് മൂന്നും റാന്നിയിൽ രണ്ടും കോഴിക്കോട് ആർടി ഓഫിസിൽ എട്ടും കരുനാ​ഗപ്പിള്ളിയിലും വടകരയിലും രണ്ട് വീതം വെഹിക്കിൾ ഇൻസ്പെക്ടർമാരും ട്രാൻസ്ഫർ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.

അതുപോലെ കൊട്ടാരക്കര ആർടി ഓഫിസിൽ മൂന്ന്, റാന്നിയിൽ രണ്ട്, പത്തനംതിട്ടയിൽ അഞ്ച്, കോട്ടയത്ത് 11, പാലക്കാട് രണ്ട്, കോഴിക്കോട് നാല്, വടകര ഒന്ന് എന്ന നിലയിലും അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരും സ്ഥലം മാറ്റപ്പട്ടികയിൽ ഉൾപ്പെട്ടു.

‘ഓപ്പറേഷൻ ജാസൂസ്’ എന്നപേരിൽ വിജിലൻസ് നടത്തിയ മിന്നൽപരിശോധനയിൽ ഏജന്റുമാർ ഗൂഗിൾപേ വഴി വെഹിക്കിൾ ഇൻസ്‌പെക്ടർമാർക്ക് പണം നൽകുന്നതായും ഓൺലൈനായി അപേക്ഷയിൽ തീരുമാനമെടുക്കാൻ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായും വ്യക്തമായിരുന്നു. ഏജന്റുമാരെ തിരിച്ചറിയുന്നതിനായി പ്രത്യേക അടയാളം രേഖപ്പെടുത്തി സൂക്ഷിച്ചിരുന്ന ഒട്ടേറെ അപേക്ഷകൾ വിജിലൻസ് പിടിച്ചെടുത്തു.

Read Also: പേവിഷബാധ വാക്സിന്റെ ഗുണനിലവാരം പരിശോധിക്കണം; കേന്ദ്ര ആരോഗ്യ മന്ത്രിക്ക് വീണാ ജോര്‍ജ് കത്തയച്ചു

മൂവാറ്റുപുഴ ആർ.ടി. ഓഫിസിലെ ഒരു അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറിൽനിന്നും പിടിച്ചെടുത്ത ഒൻപത് എ.ടി.എം. കാർഡുകളിൽ അഞ്ചെണ്ണം അയാളുടെ പേരിലുള്ളതല്ലായിരുന്നു. ഇതിൽ പരിശോധന തുടരുകയാണ്. പരിവാഹൻ എന്ന സോഫ്റ്റ്‌വെയർ മുഖേനയാണ് മോട്ടോർ വാഹനവകുപ്പുമായി ബന്ധപ്പെട്ട അപേക്ഷ സ്വീകരിക്കുന്നത്. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതോടൊപ്പം പകർപ്പ് ഓഫിസുകളിൽ സമർപ്പിക്കണം. ഈ സമയത്ത് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നെന്നതടക്കം ഒട്ടേറെ പരാതികളാണ് ലഭിച്ചിരുന്നത്. ഏജന്റുമാർ ശേഖരിക്കുന്ന കൈക്കൂലിപ്പണം നേരിട്ട് കൈപ്പറ്റുന്ന ഉദ്യോഗസ്ഥരുണ്ട്. എന്നാൽ, ചില സ്ഥലങ്ങളിൽ ഏജന്റുമാർ അവരുടെ പേരിലോ ബന്ധുക്കളുടെ പേരിലോ ബാങ്ക് അക്കൗണ്ട് ആരംഭിച്ചശേഷം എടിഎം കാർഡ് ഉദ്യോഗസ്ഥർക്ക് കൈമാറും.

കോട്ടയം ആർ.ടി. ഓഫിസിൽ 1,20,000 രൂപയും അടിമാലിയിൽ 97,000 രൂപയും ചങ്ങനാശേരിയിൽ 72,200 രൂപയും കാഞ്ഞിരപ്പള്ളിയിൽ 15,790 രൂപയും ഏജന്റുമാർ ഉദ്യോഗസ്ഥർക്ക് ഗൂഗിൾ പേ വഴി നൽകിയെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. നെടുമങ്ങാട് ഓട്ടോ കൺസൾട്ടൻസി ഓഫിസിൽനിന്ന് കിട്ടിയത് 1,50,000 രൂപ. കോട്ടയം-36,050 രൂപ, കൊണ്ടോട്ടി-1,06,205 രൂപ, ആലപ്പുഴ-72,412 രൂപ, വെള്ളരിക്കുണ്ട്- 38,810 രൂപ, ചടയമംഗലം-32,400 രൂപ, കൊട്ടാരക്കര-34,300 രൂപ, പാലക്കാട്-26,900 രൂപ, റാന്നി-15,500 രൂപ, പത്തനംതിട്ട-14,000 രൂപ, പുനലൂർ-8100 രൂപ, കരുനാഗപ്പള്ളി-7930 രൂപ, കാക്കനാട്-8000 രൂപ എന്നിങ്ങനെ ഇവിടങ്ങളിലെ ആർ.ടി.ഓഫിസ് ഏജന്റുമാരിൽനിന്ന് പിടിച്ചെടുത്തു.

Read Also: ശശി തരൂരിന് മത്സരിക്കാന്‍ അര്‍ഹതയുണ്ട്; എന്നാല്‍ ജയം തീരുമാനിക്കേണ്ടത് വോട്ടര്‍മാരെന്ന് കെ.സുധാകരന്‍

വടകര ആർ.ടി. ഓഫിസിൽ ടൈപ്പിസ്റ്റിന്റെ ബാഗിൽനിന്ന് ഒട്ടേറെ അപേക്ഷകളും ആർ.സി. ബുക്കുകളും സ്റ്റിക്കറുകളും പിടിച്ചെടുത്തു. നെടുമങ്ങാട് ആട്ടോ കൺസൾട്ടൻസിയിൽനിന്ന് അനധികൃതമായി സൂക്ഷിച്ച 84 ആർ.സി. ബുക്കുകളും നാല് ലൈസൻസുകളും കണ്ടെടുത്തിരുന്നു. കരുനാഗപ്പള്ളിയിലെ ഏജന്റിന്റെ ഓഫിസിൽനിന്നും കഴക്കൂട്ടം എസ്ആർടിഒ പരിസരത്ത് ഉപേക്ഷിക്കപ്പെട്ട ബാഗിൽനിന്നും ആർ.സി ബുക്കുകൾ, ലൈസൻസുകൾ വാഹനസംബന്ധമായ മറ്റുരേഖകൾ എന്നിവ കണ്ടെത്തി. കോഴിക്കോട് ആർ.ടി. ഓഫിസിൽ വാഹന രജിസ്‌ട്രേഷനുവേണ്ടിയുള്ള 2523 അപേക്ഷകളിൽ 1469 എണ്ണം നടപടികൾ സ്വീകരിക്കാതെയും 1056 എണ്ണം നടപടി സ്വീകരിച്ചശേഷം പ്രിന്റ് ചെയ്യാതെയും കണ്ടെത്തിയിരുന്നു.

Story Highlights: motor vehicle inspectors transfer delayed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here