രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് ഇന്ന് തുടക്കമാകും

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് ഇന്ന് തുടക്കമാകും. വൈകിട്ട് അഞ്ചിന് കന്യാകുമാരിയിലെ മഹാത്മാഗാന്ധി മണ്ഡപത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയാണ് രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിക്കുന്നത്.
വിലക്കയറ്റം, തൊഴിലില്ലായ്മ, പണപ്പെരുപ്പം തുടങ്ങി കേന്ദ്ര സർക്കാരിനെതിരെ വിവിധ ആരോപണങ്ങൾ ഉന്നയിച്ചാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോണ്ഗ്രസ് പദയാത്ര സംഘടിപ്പിച്ചിരിക്കുന്നത്. കന്യാകുമാരി മുതൽ കശ്മീർ വരെ 5 മാസം നീളുന്ന യാത്രക്ക് ഇന്ന് വൈകിട്ട് കന്യാകുമാരിയിൽ തുടക്കമാകും. അച്ഛന്റെ രക്തം ചിന്തി ചുവന്ന ശ്രീ പെരുമ്പത്തൂരിലെ മണ്ണിലെത്തി ആദരാഞ്ജലികൾ അർപ്പിച്ച ശേഷമാകും രാഹുൽ ഗാന്ധി പദയാത്രക്ക് തുടക്കം കുറിക്കുക. കേന്ദ്ര സർക്കാരിനെതിരെയുള്ള യാത്ര പക്ഷേ കോൺഗ്രസിന്റെ ഉയിർത്തെഴുന്നേൽപ്പ് കൂടി ലക്ഷ്യമിട്ടാണ് നടത്തുന്നത്. കോൺഗ്രസ് രാഷ്ട്രീയത്തിൽ രാഹുൽ ഗാന്ധിയുടെ അപ്രമാതിത്യം ഉറപ്പിക്കാൻ കൂടി ലക്ഷ്യമിട്ട് നടത്തുന്ന യാത്രയ്ക്കിടെ, സംഘടനാ തെരഞ്ഞെടുപ്പിലൂടെ പാർട്ടി കടന്നുപോകും എന്നുള്ളതും ശ്രദ്ധേയമാണ്. എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധി എത്തുമോ അതോ മറ്റാരെങ്കിലും കടന്നുവരുമോ എന്നുള്ളതും ഈ യാത്രക്കിടയിൽ അറിയാം.
രാഹുലിനെ വെല്ലുവിളിച്ച് സംഘടനാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ചില നേതാക്കൾ. നിർണായക യാത്രയ്ക്കിടെ സംഘടനാ പ്രശ്നങ്ങൾ കോണ്ഗ്രസിനെ കലുഷിതമാക്കുമെന്ന് ചുരുക്കം. അഞ്ച് മാസം നീണ്ടു നിൽക്കുന്ന പദയാത്രയിൽ 3,500ലധികം കിലോമീറ്ററാണ് രാഹുൽ നടന്നു തീർക്കുക. കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള യാത്രയിൽ രാഹുലിനൊപ്പം മുഴുവൻ സമയവും 300 പേർ ഉണ്ടാകും.
Story Highlights: rahul gandhi bharat jodo yatra today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here