തകർപ്പൻ സെഞ്ചുറിയുമായി സ്റ്റീവ് സ്മിത്ത്; ഓസ്ട്രേലിയക്ക് മികച്ച സ്കോർ

ന്യൂസീലൻഡിനെതിരായ അവസാന ഏകദിനത്തിൽ ഓസ്ട്രേലിയക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 267 റൺസെടുത്തു. ഓസ്ട്രേലിയക്ക് വേണ്ടി സ്റ്റീവ് സ്മിത്ത് തകർപ്പൻ സെഞ്ചുറി നേടി. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്മിത്ത് ഒരു ഏകദിന സെഞ്ചുറി നേടുന്നത്. 105 റൺസെടുത്ത മുൻ ക്യാപ്റ്റൻ തന്നെയാണ് ഓസീസിൻ്റെ ടോപ്പ് സ്കോറർ. മാർനസ് ലബുഷെയ്ൻ (52), അലക്സ് കാരി (42 നോട്ടൗട്ട്) എന്നിവരും ഓസീസിനായി തിളങ്ങി.
Read Also: ശ്രീലങ്കയോ പാകിസ്താനോ?; ഏഷ്യാ കപ്പിൽ ഇന്ന് കലാശക്കൊട്ട്
ഓപ്പണർമാരായ ജോഷ് ഇംഗ്ലിസും (10), ആരോൺ ഫിഞ്ചും (5) വേഗം മടങ്ങിയതോടെയാണ് മൂന്നാം വിക്കറ്റിൽ ലബുഷെയ്നും സ്മിത്തും ഒത്തുചേർന്നത്. തുടക്കത്തിൽ കരുതലോടെ ബാറ്റ് വീശിയ സഖ്യം മെല്ലെ സ്കോറുയർത്തി. ഇതിനിടെ ലബുഷെയ്ൻ (52) മടങ്ങി. മൂന്നാം വിക്കറ്റിൽ സ്മിത്തുമൊത്ത് 118 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടുയർത്തിയ ശേഷമാണ് ലബുഷെയ്ൻ പുറത്തായത്. നാലാം വിക്കറ്റിലെത്തിയ അലക്സ് കാരിയെ കൂട്ടുപിടിച്ച് സ്മിത്ത് കളി മുന്നോട്ടുകൊണ്ടുപോയി. ഇതിനിടെ താരം തൻ്റെ 12ആം ഏകദിന സെഞ്ചുറിയും കുറിച്ചു. സെഞ്ചുറിക്ക് പിന്നാലെ സ്മിത്തും (105) മടങ്ങി. 69 റൺസാണ് ഈ കൂട്ടുകെട്ടിൽ പിറന്നത്. ഗ്ലെൻ മാക്സ്‌വൽ (14) വേഗം പുറത്തായെങ്കിലും ആറാം വിക്കറ്റിൽ അപരാജിതമായ 40 റൺസ് കൂട്ടിച്ചേർത്ത അലക്സ് കാരിയും കാമറൂൺ ഗ്രീനും (25) ചേർന്ന് ഓസീസിനെ സുരക്ഷിതമായ സ്കോറിലെത്തിക്കുകയായിരുന്നു.
Read Also: ഏഷ്യാ കപ്പ്: രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് മുൻതൂക്കമുണ്ടെന്ന് ബാബർ അസം
Story Highlights: australia 267 newzealand odi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here