വിജയശില്പിയായി സോഫിയ ഡങ്ക്‌ലി; ഇന്ത്യൻ വനിതകളെ തകർത്ത് ഇംഗ്ലണ്ട്

ഇന്ത്യക്കെതിരായ ആദ്യ ടി-20യിൽ ഇംഗ്ലണ്ട് വനിതകൾക്ക് തകർപ്പൻ ജയം. മത്സരത്തിൽ ഇംഗ്ലണ്ട് 9 വിക്കറ്റിന് ഇന്ത്യയെ തകർത്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 132 റൺസെടുത്തു. 133 റൺസ് വിജയലക്ഷ്യം 13 ഓവറിൽ വെറും ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് മറികടന്നു. 44 പന്തിൽ 61 റൺസെടുത്ത് പുറത്താവാതെ നിന്ന സോഫിയ ഡങ്ക്‌ലിയാണ് ഇംഗ്ലണ്ടിൻ്റെ വിജയശില്പി. ബൗളിംഗിൽ ഇംഗ്ലണ്ടിനായി സാറ ഗ്ലെൻ 4 വിക്കറ്റ് വീഴ്ത്തി. (england woman won india)
Read Also: ഏഷ്യാ കപ്പ്: രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് മുൻതൂക്കമുണ്ടെന്ന് ബാബർ അസം
ടീം സെലക്ഷനിലെ പാളിച്ചകൾ വീണ്ടും തെളിയിക്കപ്പെട്ട മത്സരമായിരുന്നു ഇത്. സമീപകാലത്ത് പലവട്ടം കഴിവ് തെളിയിച്ചിട്ടും സബ്ബിനേനി മേഘ്ന ടീമിൽ ഇടംപിടിക്കാതിരുന്നപ്പോൾ ഏകദിനത്തിലും ടി-20യിലും മോശം റെക്കോർഡുകളുള്ള ഡെയ്‌ലൻ ഹേമലത മൂന്നാം നമ്പറിലിറങ്ങി. ആഭ്യന്തര മത്സരങ്ങളിൽ ഇന്നിംഗ്സ് ഓപ്പൺ ചെയ്തിരുന്ന കിരൺ നവ്‌ഗിരെ ഇറങ്ങിയത് ആറാമത്.
ഇന്ത്യ നന്നായി തുടങ്ങിയെങ്കിലും ആക്രമണ മനോഭാവം നാലാം ഓവറിൽ സ്മൃതി മന്ദനയ്ക്ക് മടക്ക ടിക്കറ്റ് നൽകി. 20 പന്തിൽ 23 റൺസെടുത്ത സ്മൃതിയെ ബ്രിയോണി സ്മിത്ത് പുറത്താക്കുകയായിരുന്നു. ഏഴാം ഓവറിൽ ഷഫാലി വർമയും (13 പന്തിൽ 14) മടങ്ങി. സാറ ഗ്ലെനിനായിരുന്നു വിക്കറ്റ്. 15 പന്തുകൾ നേരിട്ട് 10 റൺസെടുത്ത ഹേമലതയെയും ഗ്ലെൻ മടക്കി. റിച്ച ഘോഷ് (12 പന്തിൽ 16), ഹർമൻപ്രീത് കൗർ (15 പന്തിൽ 20) എന്നിവർക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. ഇരുവരെയും യഥാക്രമം ഫ്രേയ ഡേവിസും സാറ ഗ്ലെനുമാണ് പുറത്താക്കിയത്. കിരൺ നവ്‌ഗിരെയെയും (13 പന്തിൽ 7) ഗ്ലെൻ തന്നെ മടക്കി. പൂജ വസ്ട്രാക്കർ (3) റണ്ണൗട്ടായി. ദീപ്തി ശർമയും (24 പന്തിൽ 29) സ്നേഹ് റാണയും (2) പുറത്താവാതെ നിന്നു.
Read Also: ഏഷ്യാ കപ്പിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 101 റൺസിൻ്റെ ജയം
മറുപടി ബാറ്റിംഗിൽ തുടക്കം മുതൽ ആക്രമിച്ചുകളിച്ച ഇംഗ്ലണ്ട് പവർലേയിൽ വിക്കറ്റ് നഷ്ടമില്ലാതെ 56 റൺസ് ആണ് അടിച്ചുകൂട്ടിയത്. ആതിഥേയർക്ക് ഏഴാം ഓവറിൽ ഡാനിയൽ വ്യാട്ടിനെ (16 പന്തിൽ 24) നഷ്ടമായി. സ്നേഹ് റാണയ്ക്കായിരുന്നു വിക്കറ്റ്. എന്നാൽ, രണ്ടാം വിക്കറ്റിൽ സോഫിയ ഡങ്ക്‌ലിയും ആലീസ് കാപ്സിയും (20 പന്തിൽ 32) ഒത്തുചേർന്ന്. അപരാജിതമായ 74 റൺസ് ആണ് സഖ്യം കൂട്ടിച്ചേർത്തത്.
Story Highlights: england woman won india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here