Advertisement

അച്ഛന്റെ മരണത്തെ തുടർന്ന് പഠനം നിർത്തി; 60 വർഷങ്ങൾക്ക് ശേഷം വീണ്ടും തുല്യതാ പരീക്ഷയെഴുതി നടി ലീന; അമ്മയെ പരീക്ഷയ്ക്കായി ഒരുക്കിവിട്ട സന്തോഷത്തിൽ മകൻ ലാസർ ഷൈൻ

September 12, 2022
Google News 1 minute Read
malayalam actress leena writes 10th equivalent exam

സാധാരണ മക്കളെ പരീക്ഷയ്ക്കായി ഒരുക്കി സ്‌കൂളിൽ പറഞ്ഞയക്കുന്നത് അമ്മമാരാണ്. എന്നാൽ ചേർത്തലയിൽ കാലചക്ര തിരിഞ്ഞുമറിഞ്ഞ് അമ്മയെ പരീക്ഷയ്ക്കയച്ചതിന്റെ ‘ത്രില്ലിലാണ്’ മകനും എഴുത്തുകാരനുമായ ലാസർ ഷൈൻ. നടി ലീന ആന്റണിയാണ് ആ ഭാഗ്യവതിയായ അമ്മ.

പതിമൂന്നാം വയസിൽ പഠിത്തം നിർത്തിയതാണ് മഹേഷിന്റെ പ്രതികാരത്തിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ ലീന. പ്രാദേശിക കമ്യൂണിസ്റ്റ് നേതാവായിരുന്നു ലീനയുടെ അച്ഛൻ ശൗരി. കോളറ മഹാമാരി പടർന്ന് പിടിച്ച കാലത്ത്, സംസ്‌കരിക്കാൻ ആരും തയാറാകാതെ കോളറ ബാധിച്ച മരിച്ച ബാലികയുടെ മൃതദേഹം ഒറ്റയ്ക്ക് സംസ്‌കരിച്ച് ഒടുവിൽ പകർച്ചവ്യാധി ബാധിച്ചായിരുന്നു അദ്ദേഹത്തിന്റെ മരണം. അന്ന് മുടങ്ങിയതാണ് ലീനയുടെ പഠനം. പിന്നീട് ലീനയായി കുടുംബത്തിന്റെ ഏക അത്താണി. ലീന അഭിനയത്തിലേക്ക് കടക്കുന്നത് അങ്ങനെയാണ്. അങ്ങനെ അരങ്ങിൽ ലീന തകർത്തുവാണു. പിന്നീട് വിവാഹം കഴിഞ്ഞു. നാടക രംഗത്ത് നിന്ന് തന്നെയുള്ള കെ.എൽ ആന്റണി ജീവിതത്തിലേക്ക് കടന്നുവന്നു.

നാടകവും സിനിമയുമെല്ലമായി തിരക്കിലായ ലീനയ്ക്ക് രണ്ട് മക്കളും പിറന്നു. കുടുംബവും അഭിനയ ജീവതവുമെല്ലാമായി തിരക്കിലായ ലീന പഠനത്തെ കുറിച്ച് ചിന്തിച്ചതേയില്ല. ഒടുവിൽ ഭർത്താവിന്റെ വിയോഗം സൃഷ്ടിച്ച ശൂന്യതയാണ് 73 കാരിയായ ലീനയെ പഠനത്തിലേക്ക് വീണ്ടും എത്തിച്ചത്.

Read Also: അമ്പലപ്പറമ്പിൽ അതിഥികളെ സ്വീകരിച്ചതും സദ്യ വിളമ്പിയതും മുസ്ലിം ലീഗ് പ്രവർത്തകർ; എല്ലാത്തിനും ചേർന്ന് നിന്ന് ക്ഷേത്ര ഭാരവാഹികൾ; ഗിരിജയുടെ മാംഗല്യത്തിനായി ഒരു നാട് ഒന്നിച്ചത് ഇങ്ങനെ

മകൻ ലാസർ ഷൈനിന്റെ ഭാര്യ അഡ്വ.മായാകൃഷ്ണനാണ് ലീനയോട് പഠനത്തെ കുറിച്ച് ആദ്യം പറയുന്നത്. ജീവിതത്തിന്റെ ഒറ്റപ്പെടലിൽ നിന്ന് കരകയറാൻ എന്തിലെങ്കിലും മുഴുകണമെന്ന ചിന്ത അങ്ങനെ തുല്യതാ പരീക്ഷ എഴുതുക എന്ന ആശയത്തിലെത്തി.

സാക്ഷരതാ യജ്ഞത്തിന്റെ കാലത്ത് പലരേയും അക്ഷരം പഠിപ്പിക്കാൻ മുന്നിൽ നിന്ന ലീന ടീച്ചർ വീണ്ടും വിദ്യാർത്ഥിയായി സർക്കാരിന്റെ സാക്ഷരതാ മിഷൻ പദ്ധതി പ്രകാരം തുല്യതാ പരീക്ഷ എഴുതാനുള്ള തയാറെടുപ്പിലായി. കൊറോണ വന്നതോടെ സ്‌കൂളിൽ പോക്ക് മുടങ്ങിയെങ്കിലും ഓൺലൈനായി പഠനം തുടർന്നു. ലാസർ ഷൈനിന്റെ സുഹൃത്തിന്റെ മകൾ വൈഗയുടെ മൊബൈലിലേക്കാണ് ലീനയുടെ പാഠഭാഗങ്ങൾ എത്തിയിരുന്നത്. അങ്ങനെ അഞ്ചാം ക്ലാസുകാരിക്കൊപ്പം ലീനയും പഠിച്ചു.

Read Also: ‘ഇപ്പോ ആലോചിക്കുമ്പോഴാണ് അതിന്റെ പേടി മനസിലാകുന്നത്’; ഷൂട്ടിംഗ് അനുഭവം പറഞ്ഞ് മഞ്ജു വാര്യർ

അതിനിടെ ജോ ആന്റ് ജോ, മകൾ എന്നീ സിനിമകളുടെ ഷൂട്ട് വന്ന് പഠനം മുടങ്ങിയെങ്കിലും സഹപാഠി ലളിതയുടെ സഹായത്തോടെ വർധിത വീര്യത്തോടെ പാഠഭാഗങ്ങളെല്ലാം പഠിച്ചെടുത്തു.

‘അമ്മച്ചി എന്നോട് രണ്ട് പേന വാങ്ങണമെന്ന് പറഞ്ഞിരുന്നു. പക്ഷേ ഞാൻ മറന്ന് പോയി. രാത്രിയാണ് ഓർക്കുന്നത്. പക്ഷേ മഷി ഒഴിക്കുന്ന തരം രണ്ട് പേനയും വാങ്ങി പരീക്ഷയ്ക്ക് തയാറായിരുന്നു അമ്മച്ചി. അത് കണ്ടപ്പോൾ എനിക്ക് ചെറിയ വിഷമമായി. അമ്മച്ചിക്ക് വേഗത്തിൽ പരീക്ഷ എഴുതാൻ സാധിക്കുമോ എന്നൊരു ചെറിയ ആശങ്ക ഉണ്ട്. അമ്മച്ചിയെ പരീക്ഷയ്ക്ക് ഒരുക്കി വിടുന്നതിൽ വളരെ സന്തോഷം തോന്നുന്നു. ഏത് സാരിയാണ് ഉടുക്കുന്നതൊക്കെ തലേ ദിവസം രാത്രി ചോദിച്ചിരുന്നു. സാധാരണ അത്തരം കാര്യങ്ങൾ ഞാൻ ചോദിക്കാറില്ല. രാവിലെ ഞാൻ നാല് ബോൾ പോയിന്റ് പേനയുമായി വന്നപ്പോഴേക്കും അമ്മച്ചി പോയിക്കഴിഞ്ഞിരുന്നു. പത്താം ക്ലാസ് തുല്യതാ പരീക്ഷ കഴിഞ്ഞാൽ മുന്നോട്ട് തന്നെ പഠിക്കണമെന്നാണ് അമ്മച്ചി പറയുന്നത്’- ലാസർ ഷൈൻ ട്വന്റിഫോർ ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

സർക്കാരിന്റെ സാക്ഷരതാ മിഷൻ വളരെ മികച്ചൊരു പദ്ധതിയാണെന്നും പ്രായം ചെന്നവരുടെ മാനസിക -ശാരീരിക ആരോഗ്യത്തിന് ഇത്തരം ശ്രമങ്ങൾ ഉത്തമമാണെന്നും ലാസർ ഷൈൻ പറഞ്ഞു. പഠനം മുടങ്ങിപ്പോയ പലരും നമ്മുടെ ചുറ്റുമുണ്ട്. അവർക്കെല്ലാം മുന്നോട്ട് ജീവിക്കാനുള്ള പ്രത്യാശയുടെ കിരണം കൂടിയാകും ഇത്തരം പദ്ധതികളെന്നും ലാസർ ഷൈൻ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here