Advertisement

‘തെരുവുനായ്ക്കള്‍ക്ക് പിഞ്ചുകുഞ്ഞുങ്ങളെ എറിഞ്ഞുകൊടുത്ത് ആരെയാണ് തൃപ്തിപ്പെടുത്തുന്നത്’? രൂക്ഷവിമര്‍ശനവുമായി നടി ശ്രീയ രമേഷ്

September 12, 2022
2 minutes Read
sreeya ramesh facebook post about stray dog attack
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ പരിഹാരമുണ്ടാകാത്തതില്‍ പ്രതിഷേധ പോസ്റ്റുമായി നടി ശ്രീയ രമേഷ്. തെരുവുനായ വിഷയത്തില്‍ കേന്ദ്രമോ കേരളമോ പഞ്ചായത്തോ ഉത്തരവാദികള്‍ ആരായാലും ഇനിയെങ്കിലും മലയാളികള്‍ പ്രതികരിയ്ക്കുവാന്‍ തയ്യാറാകണമെന്നാണ് ശ്രീയ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്. മേനക ഗാന്ധിയെയോ അവരെപ്പോലുള്ള വളരെ കുറച്ച് പേരുടെ കൂട്ടരെയോ കേരളത്തിലെ ജനങ്ങളുടെ ജീവനു ഭീഷണിയാകുന്ന തെരുവുനായ വിഷയത്തില്‍ ഇടപെടാാന്‍ ഇനിയും അനുവദിക്കുന്നത് എന്തിനാണെന്നും ശ്രീയ ചോദിക്കുന്നു.

ശ്രീയ രമേഷിന്റെ കുറിപ്പ്;

ഏറെ സങ്കടവും രോഷവും കൊണ്ടാണ് ഇങ്ങിനെ ഒരു പോസ്റ്റ് ഇടേണ്ടി വരുന്നത്. ഈ ഓണക്കാലത്ത് വരുന്ന വാര്‍ത്തകളില്‍ പിഞ്ചുകുട്ടികള്‍ പോലും നായ്ക്കളുടെ ആക്രമണത്തെ തുടര്‍ന്ന് റാബിസ് വന്ന് മരിച്ച വാര്‍ത്തകള്‍. പലര്‍ക്കും നല്‍കിയ വാക്‌സിന്‍ ഗുണനിലവാരം ഇല്ലാ എന്ന ആക്ഷേപം വേറെ. പലരും ഉത്തരവാദിത്വം നിര്‍വ്വഹിക്കാതെയും തെരുവ് നായ്ക്കളുടെ പ്രജനന നിയന്ത്രണത്തിന്റെ മറവില്‍ ഫണ്ട് അടിച്ചു മാറ്റുമ്പോഴും ജനത്തിന് ജീവന്‍ നഷ്ടപ്പെടുന്നു.

തെരുവു പട്ടി വിഷയത്തില്‍ കേന്ദ്രമോ കേരളമോ പഞ്ചായത്തോ ഉത്തരവാദികള്‍ ആരായാലും രാഷ്ട്രീയ കാപ്‌സ്യൂള്‍ ലഹരിയില്‍ പ്രതികരണ ശേഷി നഷ്ടപ്പെട്ട മലയാളികള്‍ ഇനിയെങ്കിലും തെരുവുപട്ടി വിഷയത്തില്‍ പ്രതികരിയ്ക്കുവാന്‍ തയ്യാറാകുക.
ഇനി എത്ര പേപ്പട്ടി വിഷബാധയാല്‍ കുട്ടികള്‍ ഉള്‍പ്പെടെ മനുഷ്യരുടെ മരണം നടന്നാല്‍ ഇവിടത്തെ ഭരണകൂടങ്ങള്‍ കണ്ണ് തുറക്കും?
ഒരു രാഷ്ട്രീയ / മത പ്രമാണിയുടേയും മക്കള്‍ക്കോ പേരക്കുട്ടികള്‍ക്കോ തെരുവുനായയുടെ കടിയേറ്റ വാര്‍ത്ത ഇല്ല എന്നതാണോ വിഷയത്തെ ഗൗരവമായി കാണാത്തത്? അതോ റാബിസ് വാക്‌സിന്‍ മാഫിയ നിങ്ങള്‍ക്ക് വേണ്ടപ്പെട്ടവരോ? ജനത്തിന് മറുപടി തരൂ. നപ്രതിനിധികളേ നിങ്ങള്‍ക്ക് അധികാരം ചാര്‍ത്തി തന്ന സാധാരണക്കാരാണ് ഇവിടെ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ദുരിതം അനുഭവിക്കുന്നത്.

കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിലൂടെ ഏറെ ബുദ്ധിമുട്ടി ഇരുചക്ര വാഹനം ഓടിക്കുന്ന ഒരു പാട് പേര്‍ തെരുവുപട്ടികളുടെ ആക്രമണത്തില്‍ അപകടത്തില്‍ പെടുന്നുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്ന പ്രാഥമിക ഉത്തരവാദിത്വം നിര്‍വ്വഹിക്കുവാന്‍ ഓരോ ജനപ്രതിനിധിക്കും ഉത്തരവാദിത്വം ഉണ്ട് എന്ന് ഓര്‍മ്മപ്പെടുത്തേണ്ടി വരുന്നതില്‍ വലിയ വിഷമം ഉണ്ട്. പക്ഷെ പറയാതെ നിവൃത്തിയില്ല. സഹികെട്ടു.

Read Also: സൈക്കിളില്‍ പോകുകയായിരുന്ന കുട്ടിയ്ക്ക് മേല്‍ തെരുവുനായ ചാടിവീണ് കൈയില്‍ കടിച്ചുതൂങ്ങി; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

തെരുവുനായ്ക്കളുടെ ദംഷ്ട്രകളിലേക്ക് പിഞ്ചുകുഞ്ഞുങ്ങളുടെ ജീവന്‍ പോലും എറിഞ്ഞു കൊടുത്ത് ആരെയാണ് നിങ്ങള്‍ തൃപ്തിപ്പെടുത്തുന്നത് ? മേനക ഗാന്ധിയെയോ അവരെപ്പോലുള്ള വളരെ കുറച്ച് പേരുടെ കൂട്ടരെയോ കേരളത്തിലെ ജനങ്ങളുടെ ജീവനു ഭീഷണിയാകുന്ന തെരുവുപട്ടി വിഷയത്തില്‍ ഇടപെടണ്ടാന്‍ ഇനിയും അനുവദിക്കുന്നത് എന്തിന്? അവരുടെ വീട്ടുകാര്‍ക്ക് ഇവയുടെ കടിയേറ്റിട്ടില്ല,നമ്മുടെ കുട്ടികള്‍ക്കാണ് കടിയേല്‍ക്കുന്നത്.

Read Also: കൊല്ലത്ത് ഓടുന്ന സ്കൂട്ടറിന് നേരെ തെരുവ് നായ ആക്രമണം; രണ്ട് പേര്‍ക്ക് പരുക്ക്

ഉപദ്രവകാരികളായ വന്യജീവികളെ കൊന്നുകളയുവാന്‍ വകുപ്പുള്ള രാജ്യത്ത് തെരുവുനായ്ക്കളെ കൊല്ലാന്‍ പാടില്ലാത്രെ. ശമ്പളവും ആനുകൂല്യങ്ങളും പെന്‍ഷനും വര്‍ദ്ധിപ്പിക്കുവാന്‍ ഒത്തൊരുമയോടെ നില്‍ക്കുന്ന ജനപ്രതിനിധികളേ തെരുവു നായ്ക്കളുടെ വിഷയത്തില്‍ നിങ്ങള്‍ക്ക് വോട്ട് ചെയ്യുന്ന ജനത്തിനോട് അല്‍പ്പം എങ്കിലും പ്രതിബദ്ധത ഉണ്ടേല്‍ ഉടന്‍ ആവശ്യമായ നിയമങ്ങള്‍ കൊണ്ടു വരിക.
തെരുവില്‍ അലയുന്ന നായ്ക്കള്‍ സമൂഹത്തിന് ഭീഷണിയാണ്. ഇനിയും നടപടി ഉണ്ടായില്ലേല്‍ ജനങ്ങള്‍ സംഘടിച്ച് തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യേണ്ടിവരും. അപ്പോള്‍ നിയമം പൊക്കി വരരുത്, തെരുവു പട്ടി സ്‌നേഹികള്‍ എന്ന് പറഞ്ഞ് നടക്കുന്നവര്‍ക്ക് മാധ്യമങ്ങള്‍ സ്‌പേസ് നല്‍കരുത്.

ഇത്തരം ഒരു പ്രതികരണം നടത്തേണ്ടി വന്നത് ഇവിടത്തെ ജനത്തിന്റെ നിസ്സംഗതയും തെരുവു പട്ടികളാല്‍ കടിച്ചു കീറപ്പെടുന്ന മക്കളുടെ അമ്മമാരുടെ കണ്ണുനീര്‍ കണ്ടിട്ടു തന്നെയാണ്.

Story Highlights: sreeya ramesh facebook post about stray dog attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement