സൈക്കിളില്‍ പോകുകയായിരുന്ന കുട്ടിയ്ക്ക് മേല്‍ തെരുവുനായ ചാടിവീണ് കൈയില്‍ കടിച്ചുതൂങ്ങി; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

കോഴിക്കോട് അരക്കിണറില്‍ തെരുവുനായ വിദ്യാര്‍ത്ഥികളെ ആക്രമിക്കുന്നതിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. സൈക്കിളിലിരിക്കുകയായിരുന്ന കുട്ടിയെ കടിച്ചുവീഴ്ത്തിയ നായ കുട്ടിയുടെ കൈയില്‍ കടിച്ചുതൂങ്ങുന്നതിന്റെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. അരക്കിണറില്‍ രണ്ടിടങ്ങളിലായി മൂന്ന് കുട്ടികളെയാണ് തെരുവുനായ ആക്രമിച്ചത്. (stray dog attack latest cctv visuals from kozhikode)
ഏഴാം ക്ലാസുകാരനായ കുട്ടിയെയാണ് തെരുവുനായ ആക്രമിച്ചത്. പ്രദേശത്ത് ഇന്നലെ വൈഗ എന്ന ആറാംക്ലാസുകാരിക്കും തെരുവുനായയുടെ കടിയേറ്റിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ തന്നെ സൈക്കിളിലില്‍ പോകുകയായിരുന്ന കുട്ടിയുടെ മുകളിലേക്ക് തെരുവുനായ ചാടിവീഴുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. വഴിയിലൂടെ നടന്നുപോകുന്ന പെണ്‍കുട്ടിയെ നായ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ശരീരത്തിലെ മാസം പുറത്തുവരുന്ന രീതിയില്‍ ആഴത്തിലുള്ള മുറിവുകള്‍ കുട്ടികള്‍ക്കുണ്ടായിട്ടുണ്ട്.
സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരുന്നുണ്ട്. പേവിഷ പ്രതിരോധ കര്‍മ്മപദ്ധതി വിശദമായി ചര്‍ച്ച ചെയ്യും. തെരുവുനായ വന്ധ്യംകരണം, വാക്‌സിനേഷന്‍ എന്നിവയില്‍ പ്രഖ്യാപിച്ച കര്‍മ്മപദ്ധതി ഇന്ന് അവലോകനം ചെയ്യും.
തദ്ദേശ, ആരോഗ്യ, മൃഗസംരക്ഷണ വകുപ്പുകളുടെ സംയുക്ത യോഗമാണ് ഇന്ന് നടക്കുന്നത്. യോഗത്തില്‍ മൂന്ന് വകുപ്പുകളുടെയും മന്ത്രിമാര്‍ പങ്കെടുക്കും. തെരുവുനായ ശല്യത്തില്‍ ഉടന്‍ പരിഹാരം കണ്ടെത്തുമെന്ന് മന്ത്രി എം ബി രാജേഷ് ഇന്നലെ വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ ഇന്ന് മുഖ്യമന്ത്രിയുമായി കൂടികാഴ്ച നടത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു.
Story Highlights: stray dog attack latest cctv visuals from kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here