Advertisement

സുരക്ഷാ ജീവനക്കാരെ മര്‍ദിച്ച കേസ്; പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ജില്ലാ സെക്രട്ടറി പി.മോഹനന്‍

September 17, 2022
Google News 2 minutes Read
p mohanan cpim kozhikode district secretary against police

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സുരക്ഷാ ജീവനക്കാരെ മര്‍ദിച്ച കേസില്‍ പൊലീസിനെതിരെ സിപിഐഎം. സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനാണ് പൊലീസിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചത്. സര്‍ക്കാരിന്റെ നയത്തിന് വിരുദ്ധമായാണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് വിമര്‍ശനം.

സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നേരെയും സിപിഐഎം കുറ്റപ്പെടുത്തലുണ്ടായി. സര്‍ക്കാരിനെ പൊതുസമൂഹത്തില്‍ കരിതേച്ച് കാണിക്കാന്‍ കമ്മിഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുന്നു. കേസില്‍ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത് അസാധാരണ നടപടിയാണ്. പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളില്‍ അസമയത്ത് റെയ്ഡ് നടക്കുന്നു. കേസില്‍ പ്രതികളായ പ്രവര്‍ത്തകരുടെ കുടുംബങ്ങളെ വേട്ടയാടുന്നു. സ്ത്രീകളെയും കുട്ടികളെയും പൊലീസ് വേട്ടയാടുന്നു. തീവ്രവാദ കേസുകളിലെ പോലെയാണ് ഈ കേസിലും പൊലീസിന്റെ പെരുമാററം എന്നും പി മോഹനന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.അരുണ്‍ അടക്കമുള്ളവരാണ് സുരക്ഷാ ജീവനക്കാരെ മര്‍ദിച്ച കേസിലെ പ്രതികള്‍.

പി മോഹനന്റെ കുറിപ്പ്;

സി.പി.ഐ.എമ്മിനെ പൊതുസമൂഹത്തില്‍ കരിതേച്ചു കാണിക്കാനുള്ള ശ്രമത്തെ ചെറുക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ രണ്ട് ആഴ്ചകള്‍ക്ക് മുമ്പ് ഉണ്ടായ ഒരു നിര്‍ഭാഗ്യകരമായ സംഭവത്തെത്തുടര്‍ന്ന് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പൊതു പ്രവര്‍ത്തകരെയും അവരുടെ കുടുംബങ്ങളെയും, പൊലീസ് വേട്ടയാടുന്നത് തുടരുകയാണ്. കോഴിക്കോട് നഗരത്തിലെ ചില പൊലീസ് ഉദ്യോഗസ്ഥന്മാരാണ് ഇതിന് നേതൃത്വം നല്‍കുന്നത്. മെഡിക്കല്‍ കോളേജ് സംഭവത്തില്‍, പൊലീസ് അന്വേഷണത്തിലും നടപടിക്രമങ്ങളിലും സി.പി.ഐഎം ഒരു നിലയിലും ഇടപെട്ടിട്ടില്ല. ഇത്തരമൊരു സംഭവത്തില്‍ പൊലീസ് സ്വതന്ത്രമായ അന്വേഷണ നടപടികള്‍ സ്വീകരിക്കുക എന്ന എല്‍.ഡി.എഫ് സര്‍ക്കാരിന്റേ നിലപാടാണ് എല്ലാവരും സ്വീകരിച്ചത്.

പ്രതിചേര്‍ക്കപ്പെട്ട രണ്ടു പേര്‍ ഒഴികെ എല്ലാവരും സംഭവം നടന്ന അടുത്ത ദിവസം തന്നെ പൊലീസില്‍ പൊലീസിന്റ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഈ സംഭവത്തിന്റെ പേരില്‍ നിരവധി പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളില്‍ അസമയത്ത് റെയ്ഡ് നടത്തുകയാണ് പൊലീസ്. മെഡിക്കല്‍ കോളജിലെ സീനിയര്‍ റിട്ടയേഡ് ഡോക്ടര്‍മാരുടെ വീടുകളിലും ഈ നിലയില്‍ പൊലീസ് കയറിയിറങ്ങി ഭീഷണിപ്പെടുത്തുകയാണ്.

Read Also: സുരക്ഷാ ജീവനക്കാരെ മർദിച്ച കേസ്; ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും

കഴിഞ്ഞദിവസം കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടു എന്ന് പൊലീസ് പറയുന്ന ഒരാളുടെ പൂര്‍ണ്ണഗര്‍ഭിണിയായ ഭാര്യയെ മെഡിക്കല്‍ കോളജിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ചികിത്സ തേടി ഇറങ്ങുമ്പോള്‍ പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തുന്ന നിലയുണ്ടായി. കോഴിക്കോട് പൊലീസ് കമ്മീഷണറുടെ നിര്‍ദ്ദേശാനുസരണമാണ് പൊലീസ് സംഘം ഇത്തരം ഹീനമായ നടപടികള്‍ സ്വീകരിക്കുന്നത് എന്നാണ് മനസ്സിലാക്കുന്നത്. ഇതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം നേരിട്ട് ഇവര്‍ക്ക് വൈദ്യസഹായം തേടേണ്ടി വരികയുണ്ടായി.

സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്നവര്‍ക്കെതിരെ മാരകമായ വകുപ്പുകള്‍ കൂട്ടിചേര്‍ക്കുകയും തീവ്രവാദ കേസുകളിലെ പ്രതികളോട് പോലും സ്വീകരിക്കാത്ത നിലയിലുള്ള
സമീപനം ആണ് ചില പൊലീസ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത്. കോഴിക്കോട് നഗരത്തിന്റെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത നിലയിലാണ് ഒരു സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന പൊതുപ്രവര്‍ത്തകരെ ആഴ്ചകള്‍ക്ക് ശേഷം പൊലീസ് പ്രത്യേക അപേക്ഷ നല്‍കി കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്.

Read Also: മെഡിക്കല്‍ കോളജില്‍ സുരക്ഷാ ജീവനക്കാരെ മര്‍ദിച്ച സംഭവം; പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി

ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാറിന്റെ പ്രഖ്യാപിതമായ പൊലീസ് നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയാണ് കോഴിക്കോട് നഗരത്തിലെ ചില പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍. ഇവര്‍ക്കെതിരായി നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ.എം ആവശ്യപ്പെടുന്നു. സിപിഐ എമ്മിനെയും പാര്‍ട്ടി പ്രവര്‍ത്തകരെയും വേട്ടയാടാനും എല്‍.ഡി.എഫ് സര്‍ക്കാരിനെപൊതുസമൂഹത്തില്‍ കരിതേച്ചു കാണിക്കാനും ആണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്.

ഇത് തുടരാനാണ് നീക്കമെങ്കില്‍ ജനങ്ങളെ അണിനിരത്തി സി.പി.ഐ.എം ചെറുത്ത് തോല്‍പ്പിക്കും. ഇടതുപക്ഷ ജനാതിപത്യ മുന്നണി സര്‍ക്കാരിന്റെ പൊലീസ് നയത്തെ അട്ടിമറിക്കാനും സര്‍ക്കാരിന്റെ പ്രതിശ്ചായ തകര്‍ക്കാനും ശ്രമിക്കുന്ന ഗൂഢശക്തികളുമായി കൂട്ടുചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഇത്തരം
ഉദ്യോഗസ്ഥകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം.

Story Highlights: p mohanan cpim kozhikode district secretary against police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here