ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടാൻ സിപിഐഎം കേന്ദ്ര നേതൃത്വത്വം

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടാൻ സിപിഐഎം കേന്ദ്ര നേതൃത്വം. കേന്ദ്ര നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഗവർണറുടെ നടപടികൾ എന്ന് പാർട്ടി വിലയിരുത്തുന്നു. ഇതിനെതിരെ പ്രതിപക്ഷ സർക്കാരുകളെ ഒന്നിപ്പിക്കാനുള്ള ചർച്ചകൾ സിപിഐഎം ആരംഭിച്ചു. (arif mohammad khan cpim)
Read Also: ഗവര്‍ണര്‍ – സര്‍ക്കാര്‍ പോര്; തെളിവുകൾ പുറത്തുവിടാനായി നാളെ ഗവർണറുടെ വാർത്താസമ്മേളനം
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കങ്ങൾ, വ്യക്തിപരമല്ല എന്നും, കൃത്യമായ രാഷ്ട്രീയ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ആണ് എന്നുമാണ് സിപിഐഎം കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. ആശയ പ്രചരണത്തിനുള്ള ദീർഘകാല പദ്ധതിയുടെ ഭാഗമായി ആർഎസ്എസിനും ബിജെപിക്കും താത്പര്യമുള്ള വ്യക്തികളെ സർവകലാശാല ചാൻസിലർമാരായി നിയമിക്കാനുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഗവർണറുടെ നീക്കങ്ങൾ എന്നാണ് സിപിഐഎം കണക്കാക്കുന്നത്.
തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും ബംഗാളിലും ഗവർണർമാർ സമാനമായ നീക്കം നടത്തി. എന്നാൽ ബിജെപി ഭരിക്കുന്ന ഗുജറാത്തിൽ സെർച്ച് കമ്മിറ്റി ശുപാർശ ചെയ്യുന്ന മൂന്ന് പേരുകളുടെ പട്ടികയിൽ നിന്ന് വൈസ് ചാൻസലറെ നിയമിക്കാൻ സംസ്ഥാന സർക്കാരിന് സർവകലാശാലാ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ടെന്നു സിപിഐഎം ചൂണ്ടികാണിക്കുന്നു.
Read Also: ഗവർണറെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്ന മുഖ്യമന്ത്രിയുടെ മോഹം നടപ്പാകില്ല: കെ.സുരേന്ദ്രൻ
ഭരണഘടന പ്രതിസന്ധി ഒഴിവാക്കാൻ, ഗവർണറുടെ നീക്കങ്ങൾക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സർക്കാരുകളെ ഒന്നിപ്പിക്കാനാണ് സിപിഐഎം തീരുമാനം. തമിഴ്നാട്, തെലങ്കാന മുഖ്യമന്ത്രിമാരുമായി ഇക്കാര്യത്തിൽ പ്രാഥമിക ചർച്ചകൾ നടത്തിയതായി സൂചനയുണ്ട്. കേരളത്തിൽ സിപിഐഎമിനോടുള്ള രാഷ്ട്രീയ വിരോധത്തിന്റ പേരിൽ കോൺഗ്രസ് ഗവർണറെ പിന്തുണയ്ക്കുന്നു എന്നാണ് സിപിഐഎം നേതൃത്വത്തിന്റെ വിലയിരുത്തൽ. എന്നാൽ കോൺഗ്രസ് മുഖ്യമന്ത്രിമാരെ കൂടി ഒപ്പം നിർത്താനായി പാർട്ടിയുടെ ദേശീയ നേതൃത്വവുമായി ചർച്ച നടത്തണമെന്ന അഭിപ്രായവും CPIM കേന്ദ്ര നേതൃത്വത്തിനുണ്ട്.
Story Highlights: arif mohammad khan cpim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here