Advertisement

ഗവർണർ സംഘപരിവാരത്തിന്റെ അക്ജ്ഞനുവർത്തി, തിരിച്ചടി നേരിടേണ്ടി വരും; കാനം രാജേന്ദ്രൻ

September 20, 2022
Google News 1 minute Read

ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ പദവിയുടെ അന്തസ് ഹനിക്കുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സർക്കാരിനെ ദുർബലപ്പെടുത്തി ഒരു സാമാന്തര സർക്കാരിനെ പോലെ സംഘപരിവാരത്തിന്റെ അക്ജ്ഞനുവർത്തിയായി പ്രവർത്തിക്കുകയാണ് ഗവർണർ. മാധ്യമങ്ങൾക്ക് മുന്നിൽ ഭരണഘടന മൂല്യങ്ങൾ ഉയർത്തുന്ന അദ്ദേഹം രാജ്ഭവനിൽ നടത്തിയത് പച്ചയായ കീഴ്‌വഴക്ക ലംഘനമാണ്. ഗവർണറുടെ നടപടികൾക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും കാനം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം:
ഭരണഘടന ഗവർണർ പദവിക്ക് കല്പ്പിച്ചു കൊടുത്തിട്ടുള്ള അന്തസ് ഇല്ലാതാക്കുന്ന തരത്തിൽ കഴിഞ്ഞ കുറച്ചു നാളുകളായി പ്രവർത്തിക്കുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ കേരളത്തിലെ LDF സർക്കാരിനും മുഖ്യമത്രിക്കുമെതിരെ നിർണായക തെളിവുകൾ പുറത്തുവിടുമെന്ന വാദത്തോടെ രാജ്ഭവനിൽ വിളിച്ചു ചേർത്ത അസാധാരണ പത്ര സമ്മേളനം കേവലം രാഷ്ട്രീയ പ്രസംഗത്തിലൊതുങ്ങി. ഗവർണരുടെ വെളിപ്പെടുത്തലുകൾക്ക് കാതോർത്തു നിന്ന കേരള ജനത കണ്ടത് ഗവർണരുടെ മറ്റൊരു രാഷ്ട്രീയ അന്തർനാടകം മാത്രമായിരുന്നു. സർക്കാരിനെതിരെ അദ്ദേഹം സംഘപരിവാറിന്റെ നാവായി പറയുന്ന രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതും അതോടൊപ്പം അബദ്ധജഢിലമായതുമായ കാര്യങ്ങളല്ലാതെ മറ്റൊന്നും ഈ കൊട്ടിഘോഷിച്ച രാജ്ഭവൻ വാർത്ത സമ്മേളനത്തിൽ പറയാൻ അദ്ദേഹത്തിനായില്ല. മാധ്യമങ്ങൾക്ക് മുൻപിൽ നിരന്തരം ഭരണഘടന മൂല്യങ്ങൾ ഉയർത്തുന്ന ഗവർണർ രാജ്ഭവനിൽ നടത്തിയത് പച്ചയായ കീഴ്‌വഴക്ക ലംഘനമാണ്.

കേരളത്തിലെന്നല്ല രാജ്യത്ത് തന്നെ ആദ്യമായിരിക്കാം ഒരു ഗവർണർ വാർത്ത സമ്മേളനം വിളിച്ചു സ്വന്തം സർക്കാരിനെ തന്നെ അപഹസിക്കുന്നത്. 2019- ൽ കണ്ണൂരിലെ ചരിത്ര കോൺഗ്രസിൽ ഗവർണർ നടത്തിയ ചില ചരിത്ര വിരുദ്ധമായ പരാമർശങ്ങൾക്കെതിരായുള്ള സ്വാഭാവിക പ്രതിഷേധങ്ങളെ ആസൂത്രിത അക്രമമാക്കി മാറ്റാനുള്ള ഗൂഡ ശ്രമമാണ് ഗവർണറും സംഘപരിവാറും. വർഷങ്ങൾ കഴിഞ്ഞ് ചരിത്രകാരനായ ഇർഫാൻ ഹബീബിനെതിരെ വിചിത്ര വാദങ്ങളുന്നയിച്ചു മാധ്യമങ്ങളെ കാണുന്നത് സംഘപരിവാറിന് ഗവർണർ നൽകുന്ന രാഷ്ട്രീയ പ്രത്യുപകാരമാണ്.RSS നു വേണ്ടി രാഷ്ട്രീയ ദാസ്യവേല ചെയ്യുന്ന പ്രവർത്തിയാണ് കഴിഞ്ഞ നാളുകളിൽ ഗവർണർ ആവർത്തിക്കുന്നത്.

നിയമ നിർമ്മാണ സഭ പാസാക്കിയ ബില്ലുകൾ ഒപ്പിടില്ലെന്ന് പരസ്യ പ്രസ്താവന നൽകുകയും ഭരണഘടന സ്ഥാപനങ്ങൾ തമ്മിൽ കൈമാറിയ രഹസ്യ സ്വഭാവമുള്ള കത്തുകൾ പരസ്യപെടുത്തിയതും സ്വയം അധികാരം കല്പ്പിച്ചു പ്രവർത്തിക്കുന്നതുമെല്ലാം ഭരണഘടാനയോടുള്ള വെല്ലുവിളിയാണ്. നിയമനിർമ്മാണ സഭകൾ പാസ്സാക്കുന്ന ബില്ലുകളിൽ ഒപ്പിടുക എന്നത് ഗവർണരുടെ ബാധ്യതയാണ് വിയോജിപ്പുകൾ ചൂണ്ടികാണിച്ചുകൊണ്ട് തിരിച്ചയക്കാനുള്ള അധികാരമുണ്ടെകിലും അതെ ബില്ല് തന്നെ വീണ്ടും നിയമസഭ പാസ്സാക്കുകയാണെങ്കിൽ ഗവർണർക്ക് ഒപ്പിടുകയല്ലാതെ മറ്റുപാധികളില്ല. സർവകലാശാലകളുടെ പ്രവർത്തനം എങ്ങനെയാവണമെന്നും നിയമനിർമ്മാണ സഭ പാസ്സാക്കുന്ന ബില്ലുകൾ എങ്ങനെയാവണം എന്നും രാഷ്‌ടീയ നേതൃത്വം എങ്ങനെ പെരുമാറണം എന്നൊക്കെ ഗവർണർ തീരുമാനിക്കാൻ ശ്രമിക്കുമ്പോൾ അതിനെതിരെ ജനാധിപത്യ വിശ്വാസികളിൽ നിന്നും കനത്ത പ്രതിരോധം നേരിടും.

സർക്കാരിനെ ദുർബലപ്പെടുത്തി ഒരു സാമാന്തര സർക്കാരിനെ പോലെ സംഘപരിവാരത്തിന്റെ അക്ജ്ഞനുവർത്തിയായി പ്രവർത്തിക്കുകയാണ് ഗവർണർ. ഗവർണറും സംസ്ഥാന സർക്കാരും തമ്മിൽ തുടരുന്ന പ്രശ്നങ്ങൾ രാഷ്ട്രീയ വിവാദമോ രാഷ്ട്രീയ പ്രശ്നമോ മാത്രമല്ല മറിച് അത് ഭരണഘടന പ്രതിസന്ധിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഈ പ്രശ്നങ്ങളുടെ കാരണം ഗവർണർമാരുടെ രാഷ്ട്രീയ പക്ഷപാത മാണെന്നുള്ളതിനു ഏറെ തെളിവുകളുണ്ട്. പക്ഷെ തന്റെ രാഷ്ട്രീയ പക്ഷപാതം ഭരണഘടനപരമായ ചുമതലകളും ഔദ്യോഗിക കൃത്യനിർവഹണവുമായി സംയോജിപ്പിക്കുക വഴി ജനാധിപത്യ തത്വങ്ങളെയും ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങളെയും പ്രത്യക്ഷത്തിൽ തന്നെ ലംഘിക്കുകയാണ് ഗവർണർ ചെയ്തിരിക്കുന്നത്.

Story Highlights: Kanam Rajendran against governor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here