ഭർത്താവിന്റെ വെട്ടേറ്റ് കൈപ്പത്തി അറ്റുപോയ യുവതിയെയും മാതാപിതാക്കളെയും സന്ദർശിച്ച് മന്ത്രി വീണാ ജോർജ്

ഭർത്താവിന്റെ വെട്ടേറ്റ് കൈപ്പത്തിയ്ക്ക് ശസ്ത്രക്രിയ കഴിഞ്ഞ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള പത്തനംതിട്ട കലഞ്ഞൂർ സ്വദേശി വിദ്യയെ (27) ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് സന്ദർശിച്ചു. എംഡിഐസിയുവിൽ ചികിത്സയിലുള്ള വിദ്യ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. താൻ അനുഭവിച്ച വേദനകളെപ്പറ്റി മന്ത്രിയോട് പറയുമ്പോൾ വിദ്യയുടെ കണ്ണ് നിറയുകയായിരുന്നു. മനസിന് ധൈര്യമുണ്ടെങ്കിൽ വേഗം സുഖപ്പെടുമെന്ന് പറഞ്ഞ് വിദ്യയെ മന്ത്രി ആശ്വസിപ്പിക്കുകയായിരുന്നു. ചികിത്സ പൂർണമായും സൗജന്യമായാണ് ലഭ്യമാക്കുന്നത്.
ഐസിയുവിലുള്ള ഡോക്ടർമാരുമായും മറ്റ് ജീവനക്കാരുമായും മന്ത്രി സംസാരിച്ചു. ഇടതുകൈപ്പത്തി പൂർണമായി അറ്റ് തൂങ്ങിയ നിലയിലായിരുന്നു. വലത് കൈയ്ക്കും വെട്ടേറ്റ് വിരലുകളുടെ എല്ലിന് പൊട്ടലുണ്ട്. മന്ത്രി വീണാ ജോർജിന്റെ നിർദേശമനുസരിച്ചാണ് മെഡിക്കൽ കോളജിൽ ക്രമീകരണങ്ങൾ നടത്തിയത്. രോഗിയെ കൊണ്ടുവന്ന് അര മണിക്കൂറിനകം ശസ്ത്രക്രിയ നടത്താനായി. രാത്രി 12 മണിക്ക് തുടങ്ങിയ ശസ്ത്രക്രിയ 8 മണിക്കൂറോളമെടുത്താണ് പൂർത്തിയായത്. വിദ്യയുടെ പൊതു ആരോഗ്യസ്ഥിതി പുരോഗമിച്ച് വരുന്നു. കൈയ്ക്ക് സ്പർശന ശേഷിയും കൈ അനക്കുന്നുമുണ്ട്. ഇത് പോസിറ്റീവ് സൂചനകളാണ്. വീഡിയോ കോൾ വഴി വിദ്യ കുഞ്ഞുമായി സംസാരിച്ചു. 48 മണികൂർ കൂടി നിരീക്ഷണം തുടരുമെന്നും ഡോക്ടർമാർ അറിയിച്ചു.
Read Also: ഭാര്യയെ കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവം; അനാഥരായ മൂന്ന് കുട്ടികൾക്ക് കൈതാങ്ങായി വീണാ ജോർജ്
വിദ്യയുടെ മാതാപിതാക്കളുമായും മന്ത്രി സംസാരിച്ചു. വെട്ടേറ്റ് ചികിത്സയിലുള്ള പിതാവിന്റെ ആരോഗ്യനില തൃപ്തികരമാണ്. മകളെപ്പറ്റി പറയുമ്പോൾ ഇരുവരും വിതുമ്പുന്നുണ്ടായിരുന്നു. മന്ത്രിയുടേയും കണ്ണ് നനഞ്ഞു. വനിത ശിശുവികസന വകുപ്പിന്റെ നിയമപരമായ സഹായവും ഉറപ്പ് നൽകി. മന്ത്രിയുടെ ഇടപെടലിനും ഡോക്ടർമാർ കൃത്യസമയത്ത് ഇടപെട്ട് ശസ്ത്രക്രിയ നടത്തിയതിനും അവർ നിറകണ്ണുകളോടെ നന്ദിയറിയിച്ചു.
വിദ്യയുടെ ചികിത്സ പൂർണമായും സൗജന്യമായി ലഭ്യമാക്കാൻ മന്ത്രി ആശുപത്രി സൂപ്രണ്ടിന് നിർദേശം നൽകി. സ്വകാര്യ ആശുപത്രിയിൽ പത്തരലക്ഷമാകുമെന്ന് പറഞ്ഞ ചികിത്സയാണ് മെഡിക്കൽ കോളേജിൽ സൗജന്യമായി ചെയ്തത്. വിദ്യയുടെ ശസ്ത്രക്രിയയ്ക്കും തുടർന്നുള്ള പരിചരണത്തിനും പങ്കുവഹിച്ച മുഴുവൻ ടീമിനേയും മന്ത്രി അഭിനന്ദിച്ചു.
Story Highlights: Veena George visited the woman who was injured in the attack by her husband
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here