Advertisement

ബൈ ബൈ ഫെഡെക്‌സ്; ബൈ ബൈ ചക്ദാ എക്‌സ്പ്രസ്

September 25, 2022
Google News 2 minutes Read
Roger Federer jhulan goswami

കായിക രംഗത്തെ രണ്ട് അതുല്യ പ്രതിഭകൾ ഒരേ ദിവസം കളമൊഴിഞ്ഞിരിക്കുകയാണ്. ഒരാൾ ടെന്നീസ് ഇതാഹാസം റോജർ ഫെഡറർ ( Roger Federer ). രണ്ടാമത്തേയാൾ ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ നെടുംതൂൺ ജുലൻ ഗോസ്വാമി ( jhulan goswami ). ഇരുവരുടേയും വിടവാങ്ങൽ മത്സരം ലണ്ടനിലായിരുന്നു എന്നതും നിയോഗമായിരിക്കാം.

ടെന്നീസും ക്രിക്കറ്റും തമ്മിൽ എന്തെന്ന് ചോദിച്ചാൽ രണ്ട് ഇതിഹാസങ്ങൾ തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് ആദ്യം പറയേണ്ടി വരും. റോജർ ഫെഡററും സച്ചിൻ തെൻഡുൽക്കറും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച്. ടെന്നീസ് ജീവശ്വാസമായി കൊണ്ടുനടക്കുമ്പോഴും തികഞ്ഞ ക്രിക്കറ്റ് പ്രേമിയായിരുന്നു ഫെഡറർ. മത്സരങ്ങൾ ഒന്നും വിടാതെ കാണും. സച്ചിൻ ഇരട്ട സെഞ്ച്വറി നേടിയതിലെ സന്തോഷം ഫെഡറർ പങ്കുവച്ചപ്പോഴാണ് ഇന്ത്യൻ ടെന്നീസ് താരം മഹേഷ് ഭൂപതി ഫെഡററിലെ ക്രിക്കറ്റ് ആരാധകനെ തിരിച്ചറിഞ്ഞതും സച്ചിൻ തെൻഡുൽക്കറുമായുള്ള കൂടിക്കഴ്ചയിലേക്ക് നയിച്ചതും.

2011 ജൂണിലായിരുന്നു ആ താരസംഗമം. വിംബിൾഡണിലെ ഫെഡററുടെ മത്സരം നേരിട്ട് കാണാനെത്തി ടെന്നീസ് പ്രേമിയായ സച്ചിൻ തെൻഡുൽക്കർ. താൻ ഫെഡററുടെ വലിയ ആരാധകനാണെന്ന് സച്ചിൻ വ്യക്തമാക്കുകയും ചെയ്തു. മത്സരത്തിന് ശേഷം ഇരുവരും ഒരു മണിക്കൂറോളം ഒരുമിച്ച് സമയം ചെലവിട്ടു.”താങ്കളുടെ മത്സരങ്ങൾ വീക്ഷിക്കുക എന്നത് ഒരു ശീലമാണ്. അത്തരം ശീലങ്ങൾ നമ്മെ ഒരിക്കലും വിട്ടുപോകില്ല” ഫെഡററുടെ വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ സച്ചിൻ എഴുതി.

നിങ്ങൾ പ്രതിഭയല്ല, പ്രതിഭാസമാണെന്നാണ് ലയണൽ മെസി കുറിച്ചത്. ശരിയാണ് റോജർ ഫെഡറർ ടെന്നീസ് ലോകത്തെ ഒരു പ്രതിഭാസം തന്നെയായിരുന്നു. ടെന്നീസ് ഇതിഹാസം ജിമ്മി കോണേഴ്‌സിന്റെ വാക്കുകൾ കടമെടുത്താൽ

‘ആർക്കും പുൽക്കോർട്ടിലെയോ ഹാർഡ് കോർട്ടിലേയോ കളിമൺ കോർട്ടിലേയോ സ്‌പെഷ്യലിസ്റ്റ് ആകാം. അല്ലെങ്കിൽ റോജർ ഫെഡററാകാം”.

എല്ലാ ഗ്രാൻഡ്സ്ലാം കിരീടങ്ങളും ഫെഡറർ സ്വന്തമാക്കിയിട്ടുണ്ട്. 8 വിംബിൾഡൺ, 6 ഓസ്‌ട്രേലിയൻ ഓപ്പൺ, 5 യുഎസ് ഓപ്പൺ, ഒരു ഫ്രഞ്ച് ഓപ്പൺ അങ്ങനെ 20 ഗ്രാൻഡ് സ്ലാമുകൾ. 2003ൽ വിംബിൾഡണിലെ പുൽക്കോർട്ടിൽ ആദ്യ ഗ്രാൻഡ്സ്ലാം. പിന്നീട് തുടർച്ചയായി നാല് വർഷം മറ്റാർക്കും വിട്ടുകൊടുത്തില്ല.

ലേവർകപ്പിൽ തോൽവിയുടെ കണ്ണുനീർ രുചിച്ചാണ് ഫെഡററുടെ മടക്കം. വിടവാങ്ങൽ പ്രസംഗത്തിൽ ഫെഡറർ എടുത്തുപറഞ്ഞൊരു പേരുണ്ട് മിർക്ക. ഫെഡററുടെ പങ്കാളി, ഉപദേശക, പബ്ലിക് റിലേഷൻസ് മാനേജർ എല്ലാം അവരാണ്. 2000ൽ സിഡ്‌നി ഒളിന്പിക്‌സിൽ ഇരുവരും മിക്‌സഡ് ടീമംഗങ്ങളായിരുന്നു. 22കാരിയായ മിർക്കയും 18കാരനായ ഫെഡററും ഗെയിംസ് വില്ലേജിൽ വച്ചാണ് പ്രണയത്തിലാകുന്നത്.

സ്വതവേ നാണക്കാരനായിരുന്നെങ്കിലും മിർക്കയായിരിക്കും തന്റെ ജീവിതത്തെ സ്വാധീനിക്കാൻ പോകുന്ന പെൺകുട്ടിയെന്ന് അന്ന് തന്നെ തിരിച്ചറിഞ്ഞെന്ന് ഫെഡറർ പറഞ്ഞിട്ടുണ്ട്. ഫെഡറർക്ക് വേണ്ടി തന്റെ കരിയർ മിർക്ക ഉപേക്ഷിച്ചു. എല്ലാ മത്സരങ്ങളിലും ലോകം മുഴുവൻ അനുഗമിച്ചു. 2009ലാണ് ഇരുവരും വിവാഹിതരാകുന്നത്. ആദ്യം ഇരട്ട പെൺകുട്ടികൾക്കും പിന്നീട് ഇരട്ട ആൺകുട്ടികൾക്കും മിർക്ക ജന്മം നൽകി.

”നീയില്ലായിരുന്നെങ്കിൽ ഇത്രയധികം നേട്ടങ്ങൾ എനിക്ക് അന്യമായേനേ” വികാര നിർഭരമായി ഫെഡറർ മിർക്കയോട് പറഞ്ഞു.

മൈക്കിന് മുന്നിൽ ഫെഡറർ ഏങ്ങിക്കരയുകയായിരുന്നു. ലോകമെമ്പാടുമുള്ള ടെന്നീസ് ആരാധകരും. ഒപ്പം തൊട്ടപ്പുറത്തിരുന്ന റാഫേൽ നദാലും. ഫെഡറർ-നദാൽ പോരാട്ടങ്ങൾ എന്നും കായിക ലോകത്തിന് ഹരമായിരുന്നു. 2004ൽ മിയാമി ഓപ്പണിലാണ് ഇരുവരും ആദ്യം ഏറ്റുമുട്ടുന്നത്. ലോക ഒന്നാം നമ്പർ താരമായ ഫെഡററെ മുപ്പത്തിനാലാം റാങ്കുകാരൻ നദാൽ അട്ടിമറിച്ചു.

ഗ്രാൻഡ് സ്ലാമിൽ ഇരുവരും ആദ്യം ഏറ്റുമുട്ടുന്നത് 2005ൽ ഫ്രഞ്ച് ഓപ്പണിൽ. തന്റെ പ്രിയപ്പെട്ട കളിമൺ കോർട്ടിൽ നദാൽ ഫെഡററെ കീഴടക്കി. അങ്ങനെ എത്രയെത്ര മത്സരങ്ങൾ. 40 തവണ ഇരുവരും ഏറ്റുമുട്ടിയതിൽ 24 തവണയാണ് നദാൽ ജയിച്ചത്. ആധുനിക ടെന്നീസിനെ ജനപ്രിയമാക്കിയതിൽ ഈ മത്സരങ്ങളെല്ലാം നിർണായക പങ്കുവഹിച്ചെന്ന് നിസംശയം പറയാം. കോർട്ടിൽ ബന്ധവൈരികളെങ്കിലും പുറത്ത് ഉറ്റസുഹൃത്തുക്കളായിരുന്നു ഇരുവരും. അവസാന മത്സരത്തിൽ ഫെഡറർ-നദാൽ ടീം ഒരുമിച്ചിറങ്ങിയപ്പോൾ ടെന്നീസിന്റെ മുഴുവൻ സൗന്ദര്യവും ഒരുമിച്ചെത്തിയതുപോലെ.

”എന്റെ പാതിയാണ് അദ്ദേഹത്തോടൊപ്പം വിടവാങ്ങുന്നത്. പറയാൻ വാക്കുകളില്ല”

അതെ, നദാൽ പറഞ്ഞതുപോലെ വാക്കുകൾക്ക് അതീതമാണ് ഫെഡറർ ബാക്കിവച്ച കളിക്കളത്തിലെ മനോഹരങ്ങളായ ഓരോ മത്സരങ്ങളും.

മണിക്കൂറുകൾക്ക് ശേഷം ലണ്ടനിലെ വിഖ്യാതമായ ലോർഡ്‌സ് സ്റ്റേഡിയവും കണ്ണീരണിഞ്ഞു. അവസാന മത്സരം കളിക്കുന്ന ലോകം കണ്ട മികച്ച ഫാസ്റ്റ് ബൗളർ ജുലൻ ഗോസ്വാമിക്ക് വേണ്ടിയായിരുന്നു ആ കണ്ണീർ. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തൂത്തുവാരി വീരോചിതമായ യാത്രയയപ്പാണ് ജുലൻ ഗോസ്വാമിക്ക് ഇന്ത്യൻ ടീം നൽകിയത്. അവസാന മത്സരത്തിൽ രണ്ട് വിക്കറ്റും ഗോസ്വാമി സ്വന്തമാക്കി.

2002ൽ ഇംഗ്ലണ്ടിനെതിരെ പത്തൊന്പതാം വയസിൽ അരങ്ങേറിയ ജുലൻ ഗോസ്വാമിയുടെ അവസാന മത്സരവും ഇംഗ്ലണ്ടിനെതിരെ തന്നെയായി. 20 വർഷത്തിനിടെ പകരംവയ്ക്കാനാവാത്ത താരമായി മാറിയിരുന്നു ജുലൻ. മൂന്ന് ഫോർമാറ്റിലുമായി അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ സ്വന്തമാക്കി. ബാറ്റിംഗിൽ മിതാലി രാജ്, ബൗളിംഗിൾ ജുലൻ ഗോസ്വാമി. ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ രണ്ട് നെടുംതൂണുകളാണ് വിരമിച്ചത്. വനിതാ ഏകദിനത്തിൽ 250 വിക്കറ്റ് നേടുന്ന ഏകതാരമാണ് ജുലൻ. 2007ൽ ഐസിസിയുടെ ഏറ്റവും മികച്ച വനിതാതാരമായി.

അവസാന മത്സരത്തിൽ ഗാർഡ് ഓഫ് ഓണർ നൽകിയാണ് ഇംഗ്ലീഷ് താരങ്ങളെ ജുലനെ ആദരിച്ചത്. മത്സരത്തിന് മുന്പ് ജുലനെ കെട്ടിപ്പിടിച്ച് വിതുമ്പുകയായിരുന്നു ക്യാപ്റ്റൻ ഹർമൻപ്രീത്. ഹർമനെ തോളിൽത്തട്ടി ആശ്വസിപ്പിക്കുകയാണ് ജുലൻ ചെയ്തത്. എന്നും ആത്മവിശ്വാസം കൈവിടാതെ എതിരാളികളെ എറിഞ്ഞുവീഴ്ത്തിയ അതേ വിജയീഭാവമാണ് മുഖത്ത്.

ഇൻസ്വിങ്ങുകൾ കൊണ്ട് ജുലൻ എന്നെ വെല്ലുവിളിച്ചെന്ന് രോഹിത് ശർമ. നാഷണൽ ക്രിക്കറ്റ് അക്കാദമിയിലെ പരിശീലന ദിനങ്ങൾ ഓർത്തെടുത്ത് കഴിഞ്ഞ ദിവസം ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞ വാക്കുകളാണത്. എതിരാളികളുടെ പേടിസ്വപ്നമായ ആ ഇൻസ്വിങ്ങുകൾ ഇനിയില്ല. ക്രിക്കറ്റ് എന്ന പാഷനോട് ചക്ദ എക്‌സ്പ്രസ് വിടപറഞ്ഞു കഴിഞ്ഞു.

ഇതുവരെ കണ്ടിട്ടുള്ള ഏറ്റവും മികച്ച കായിക ചിത്രം എന്ന് റോജറർ ഫെഡററും റാഫേൽ നദാലും കണ്ണീരണിഞ്ഞ് നിൽക്കുന്ന ചിത്രം പങ്കുവച്ച് കൊണ്ട് മുൻ ഇന്ത്യൻ നായകൻ വിരാട് കോലി കുറിച്ചു. ബദ്ധവൈരികളും ഇത്തരത്തിൽ വികാരാധീനരാകുമെന്ന് ആരറിഞ്ഞെന്നും കോലി ചോദിക്കുന്നു.

അതെ സ്‌പോട്‌സിന്റെ സൗന്ദര്യമാണത്. എല്ലാവരേയും ചേർത്ത് നിർത്തുന്ന വശ്യമായ സൗന്ദര്യം. കായികരംഗത്ത് ഇനിയും പ്രതിഭകൾ ഉദിച്ചുയരും. പക്ഷേ റോജറർ ഫെഡറർക്കും സെറീന വില്യംസിനും ജുലൻ ഗോസ്വമിക്കുമൊക്കെ പകരം വയ്ക്കാൻ മറ്റൊരാളുണ്ടാവില്ല എന്നതാണ് യാഥാർത്ഥ്യം.

Story Highlights: Roger Federer jhulan goswami

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here