Advertisement

ജയിക്കാൻ 10 പന്തിൽ 5 റൺസ്; എന്നിട്ടും പാകിസ്താനോട് തോറ്റ് ഇംഗ്ലണ്ട്: വിഡിയോ

September 26, 2022
Google News 4 minutes Read
england lost pakistan t20

പാകിസ്താനെതിരായ നാലാം ടി-20 മത്സരത്തിൽ അവിശ്വസനീയ തോൽവി വഴങ്ങി ഇംഗ്ലണ്ട്. അവസാന രണ്ട് ഓവറിൽ 9 റൺസും അവസാന 10 പന്തിൽ 5 റൺസും വേണ്ടിയിരുന്നിട്ടുപോലും ഇംഗ്ലണ്ട് 3 റൺസിൻ്റെ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. 19ആം ഓവർ എറിഞ്ഞ ഹാരിസ് റൗഫ് ആണ് പാകിസ്താന് ആവേശ ജയം സമ്മാനിച്ചത്. ഓവറിൽ വെറും 5 റൺസ് മാത്രം വഴങ്ങിയ റൗഫ് രണ്ട് വിക്കറ്റും വീഴ്ത്തി. (england lost pakistan t20)

Read Also: ട്വന്റി-20 മത്സരത്തിനായി ഇന്ത്യൻ ടീം ഇന്ന് കാര്യവട്ടത്ത് എത്തും

വിജയസാധ്യത മാറിമറിഞ്ഞുനിന്ന മത്സരമാണ് ഇന്നലെ കറാച്ചിയിൽ നടന്നത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 166 റൺസ് നേടി. 88 റൺസ് നേടിയ മുഹമ്മദ് റിസ്വാനാണ് പാക് ഇന്നിംഗ്സിനു ചുക്കാൻ പിടിച്ചത്. മറുപടി ബാറ്റിംഗിൽ 4 വിക്കറ്റ് നഷ്ടത്തിൽ 57 റൺസെന്ന നിലയിൽ പതറിയ ഇംഗ്ലണ്ടിനെ പിന്നീട് ഹാരി ബ്രൂക്ക് (34) ക്യാപ്റ്റൻ മൊയീൻ അലി (29) എന്നിവർ കൈപിടിച്ചുയർത്തി. ബെൻ ഡക്കറ്റും (33) മികച്ചുനിന്നു. ഇവർ മടങ്ങിയതോടെ വീണ്ടും ബാക്ക്ഫൂട്ടിലായ ഇംഗ്ലണ്ടിനെ തട്ടുപൊളിപ്പൻ ബാറ്റിംഗ് പുറത്തെടുത്ത ലിയാം ഡാസൺ ജയത്തിനരികെ എത്തിച്ചു.

Read Also: അവസാന വിക്കറ്റ് മങ്കാദിംഗ്; വിവാദത്തിൻ്റെ അകമ്പടിയോടെ ഇംഗ്ലണ്ടിനെതിരെ പരമ്പര തൂത്തുവാരി ഇന്ത്യ

മുഹമ്മദ് ഹസ്നൈൻ എറിഞ്ഞ 18ആം ഓവറിൽ 24 റൺസ് അടിച്ചുകൂട്ടിയ ഡാസൺ വിജയലക്ഷ്യം രണ്ട് ഓവറിൽ 9 റൺസാക്കി ചുരുക്കി. 19ആം ഓവർ എറിഞ്ഞ ഹാരിസ് റൗഫ് അഞ്ച് റൺസ് വഴങ്ങി ഡാസണെയും (17 പന്തിൽ 34) ഒലി സ്റ്റോണിനെയും (0) പുറത്താക്കി ഇംഗ്ലണ്ടിൻ്റെ വിജയലക്ഷ്യം അവസാന ഓവറിൽ നാല് റൺസ് ആക്കി മാറ്റി. ഇതിനകം 9 വിക്കറ്റ് നഷ്ടപ്പെട്ട ഇംഗ്ലണ്ട് മുഹമ്മദ് വസീം ജൂനിയർ എറിഞ്ഞ അവസാന ഓവറിലെ രണ്ടാം പന്തിൽ ഓൾ ഔട്ടായി. അവസാന വിക്കറ്റായ റീസ് ടോപ്ലെയെ നേരിട്ടുള്ള ത്രോയിലൂടെ ഷാൻ മസൂദ് മടക്കി അയക്കുകയായിരുന്നു.

ജയത്തോടെ ഏഴ് മത്സരങ്ങളടങ്ങിയ പരമ്പരയിൽ പാകിസ്താൻ 2-2 എന്ന നിലയിൽ ഒപ്പമെത്തി.

Story Highlights: england lost pakistan t20

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here