ആളും അരങ്ങുമൊരുങ്ങി; കളി ഇനി കാര്യവട്ടത്ത്

മൂന്ന് വർഷത്തിനു ശേഷം രാജ്യാന്തര ക്രിക്കറ്റ് കേരളത്തിലേക്ക് മടങ്ങിയെത്തുകയാണ്. തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഈ മാസം 28ന് രാത്രി ഏഴ് മണിക്ക് നടക്കുന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക മത്സരം സ്റ്റേഡിയത്തിൽ നടക്കുന്ന നാലാമത്തെ മാത്രം രാജ്യാന്തര മത്സരമാണ്. ഇതുവരെ രണ്ട് ടി-20യും ഒരു ഏകദിനവും ഇവിടെ കളിച്ചു. മത്സരത്തിനായി ആരാധകരും കെസിഎയും ഒരുങ്ങിക്കഴിഞ്ഞു. ദക്ഷിണാഫ്രിക്കൻ ടീം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തി. ഇന്ത്യൻ ടീം ഉടൻ സ്ഥലത്തെത്തും.
2017 നവംബർ ഏഴിനാണ് കാര്യവട്ടത്ത് ആദ്യം കുട്ടി ക്രിക്കറ്റ് വിരുന്നിനെത്തുന്നത്. അന്ന് പെയ്ത മഴയിൽ കളി നടക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെ കാര്യവട്ടത്തിൻ്റെ മാജിക്ക് ക്രിക്കറ്റ് പ്രേമികൾ കണ്ടു. മഴ തോർന്ന് വളരെ പെട്ടെന്ന് തന്നെ പിച്ച് കളിക്ക് സജ്ജമായി. സ്റ്റേഡിയത്തിലെ ഡ്രെയിനേജ് സിസ്റ്റം ഏറെ പ്രശംസിക്കപ്പെട്ടു. അന്ന് ന്യൂസീലൻഡിനെതിരായ മത്സരത്തിൽ 8 ഓവറാണ് കളി നടന്നത്. മത്സരത്തിൽ ഇന്ത്യ 6 റൺസിനു ജയിച്ചു. 2018 നവംബർ ഒന്നിന് സ്റ്റേഡിയത്തിൽ ആദ്യത്തെയും അവസാനത്തെയും ഏകദിന മത്സരവും നടന്നു. വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ ഇന്ത്യ 9 വിക്കറ്റിനു വിജയിച്ചു. 2019 ഡിസംബർ 8ന് വീണ്ടും വിൻഡീസ് എതിരാളികളായി. മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് 8 വിക്കറ്റിനു വിജയിച്ചു.
വീണ്ടും തലസ്ഥാന നഗരിയിലേക്ക് ക്രിക്കറ്റ് എത്തുമ്പോൾ ആരാധകർ ആവേശത്തിലാണ്. ടി-20 ലോകകപ്പിനു മുൻപ് ഇന്ത്യ കളിക്കുന്ന അവസാന ടി-20 പരമ്പര എന്ന നിലയിൽ ഈ മത്സരങ്ങൾ ഏറെ ശ്രദ്ധേയമാവും.
Story Highlights: india vs south africa greenfield t20
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here