അട്ടിമറി അഭ്യൂഹങ്ങള്‍ക്കിടയില്‍ ചൈനയില്‍ ഷീ ജിന്‍പിംഗ് ശരിക്കും ചെയ്തതെന്ത്?

ചൈനയില്‍ പട്ടാള അട്ടിമറിയെന്നും പ്രസിഡന്റ് ഷി ജിന്‍പിംഗ് വീട്ടുതടങ്കലിലാണെന്നും അഭ്യൂഹങ്ങള്‍ സജീവമാകുന്നതിനിടെ സ്ഥിരീകരിക്കാത്ത നിരവധി റിപ്പോര്‍ട്ടുകളാണ് ചൈനയില്‍ നിന്നും വരുന്നത്. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പിഎല്‍എ) തലവന്‍ ഷി ജിന്‍പിങ്ങിനെ നീക്കിയതായും വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചതായുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പോസ്റ്റുകളില്‍ പറയുന്നത്. പാര്‍ട്ടി നേതൃത്വമോ ഉന്നതരോ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ലെന്നതും ഏറെ ശ്രദ്ധേയമായി. എന്താണ് ചൈനയില്‍ സംഭവിക്കുന്നത്? ലോകരാജ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഈ പ്രതിസന്ധിക്കിടെ പ്രസിഡന്റ് ഷി ജിന്‍പിംഗ് എന്തു ചെയ്യുകയാണ്? എന്താണ് ഷി യുടെ പ്ലാനുകള്‍?
ഈ അഭ്യൂഹങ്ങള്‍ നടന്നിരുന്ന മൂന്ന് ദിവസങ്ങള്‍ക്കിടെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഷി ജിന്‍പിംഗ് അറസ്റ്റ് ചെയ്തത് ആറ് ഉന്നത ഉദ്യോഗസ്ഥരെയാണ്. പൊതു സുരക്ഷാ മുന്‍ സഹമന്ത്രി സണ്‍ ലിജുനെ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചതാണി ഇതിലൊന്ന്. രണ്ട് വര്‍ഷത്തിന് ശേഷം പരോളില്ലാത്ത ജീവപര്യന്തം തടവിനാണ് ശിക്ഷ. മുന്‍ നീതിന്യായ മന്ത്രിയായിരുന്ന ഫു ഷെങ്ഗുവ കൈക്കൂലി വാങ്ങിയതിന് ജയിലിലായി. മുന്‍ വൈസ് ഗവര്‍ണറും ഷാന്‍സി പ്രവിശ്യയിലെ പൊതു സുരക്ഷാ വിഭാഗം മേധാവിയുമായ ലിയു സിന്‍യുനെ കൈക്കൂലിക്കും ദുരുപയോഗത്തിനും 14 വര്‍ഷം തടവിവാണ് ഷി ശിക്ഷിച്ചത്.
73.43 മില്യണ്‍ യുവാന്‍ (10.4 മില്യണ്‍ ഡോളര്‍) കൈക്കൂലി വാങ്ങിയതിന് ഷാങ്ഹായ് മുന്‍ ഡെപ്യൂട്ടി മേയര്‍ ഗോങ് ദാവോനെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. ചോങ്കിംഗിലെ മുന്‍ പൊലീസ് മേധാവി ഡെങ് ഹുയിലിന് 15 വര്‍ഷത്തെ തടവിനാണ് ശിക്ഷിച്ചത്. ജിയാങ്സു പ്രവിശ്യാ പൊളിറ്റിക്കല്‍ ആന്‍ഡ് ലീഗല്‍ അഫയേഴ്സ് കമ്മീഷന്‍ മുന്‍ സെക്രട്ടറി വാങ് ലൈക്കും ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. ഇങ്ങനെയാണ് അഭ്യൂഹങ്ങള്‍ പരന്നുനടന്ന ദിവസങ്ങളില്‍ തന്റെ അധികാരം ഊട്ടിയുറപ്പിക്കുന്നതിനായി ഷി ജിന്‍പിംഗ് ചെയ്ത വിക്രിയകള്‍. ഈ അഭ്യൂഹങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നത് തന്നെയാണ് ഉദ്യോഗസ്ഥരുടെ ശിക്ഷാവിധിയും. ഷിയെ നേരിടാനിരുന്ന ഒരു വിഭാഗത്തിന്റെ തകര്‍ച്ച കൂടിയാണ് ഇവയൊക്കെ എന്നതില്‍ തര്‍ക്കമില്ല.
Read Also: ചൈനീസ് പ്രസിഡൻ്റ് ഷി ജിൻ പിങ് വീട്ടുതടങ്കലിലോ? [24 ഫാക്ട് ചെക്ക്]
പിഎല്‍എയുടെ വാഹനങ്ങള്‍ ബെയ്ജിങിലേക്ക് നീങ്ങുന്നതായും ബെയ്ജിങ് വിമാനത്താവളത്തില്‍ നിന്ന് ഫ്ളൈറ്റുകള്‍ റദ്ദാക്കിയതായുമൊക്കെയാണ് ഈ ,സംഭവവികാസങ്ങള്‍ക്കിടയില്‍ ചൈനയില്‍ നിന്ന് വരുന്നത്. ഉസ്‌ബെക്കിസ്ഥാനില്‍ ഉച്ചകോടിക്ക് ശേഷം മടങ്ങിയെത്തിയ ഷി ജിന്‍പിംഗ് ക്വാറന്റൈനില്‍ ആണെന്നും ഇതാണ് പൊതുയിടങ്ങളിലെ അദ്ദേഹത്തിന്റെ അഭാവത്തെ കുറിച്ച് അഭ്യൂഹങ്ങള്‍ പരക്കാന്‍ ഇടയാക്കിയതെന്നും സോഷ്യല്‍ മിഡിയ അഭിപ്രായപ്പെട്ടു.
ഷാവോ ലാന്‍ജിയാന്‍ എന്ന ചൈനീസ് പത്രപ്രവര്‍ത്തകനാണ് യുഎസില്‍ വച്ച് ആദ്യം അഭ്യൂഹങ്ങള്‍ പരത്തുന്ന തരത്തിലുള്ള ട്വീറ്റുകള്‍ തൊടുത്തുവിട്ടത്. വിമാനങ്ങള്‍ റദ്ദാക്കിയെന്ന അവകാശവാദങ്ങളായിരുന്നു ട്വീറ്റിന് ആസ്ഥാനം. ഇതോടെ കിംവദന്തികള്‍ ആരംഭിക്കുകയായിരുന്നു. പിന്നാലെ നിരവധി സോഷ്യല്‍ മിഡിയ അക്കൗണ്ടുകള്‍ ഇതേറ്റെടുക്കുകയും ചെയ്തു. ചൈനയിലെ റോഡിലൂടെ സഞ്ചരിക്കുന്ന സൈനിക വാഹന വ്യൂഹത്തിന്റെ ക്ലിപ്പുകളായിരുന്നു കിംവദന്തികളില്‍ അടുത്തതായി വന്നത്.
Read Also: ചൈനയിൽ സൈനിക അട്ടിമറി നടന്നെന്ന് സാമൂഹിക മാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ
അതിനിടെ ചൈനീസ് പാര്‍ട്ടി കോണ്‍ഗ്രസിലേക്കുള്ള പ്രതിനിധികളുടെ അന്തിമ പട്ടികയുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതായി വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മാസം 19ന് ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലറും പ്രതിരോധ മന്ത്രിയുമായ വെയ് ഫെംഗെ, സിയാന്‍ സന്ദര്‍ശനത്തിനിടെ പാകിസ്താന്‍ സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വയെ കണ്ടിരുന്നു. ‘ലോകസാഹചര്യങ്ങള്‍ എങ്ങനെ മാറിയാലും ചൈനയും പാക്കിസ്താനും എപ്പോഴും വിശ്വസ്തരും യഥാര്‍ത്ഥ സുഹൃത്തുക്കളും സഹോദരന്മാരുമായിരിക്കുമെന്നാണ് ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം വെയ് ഫെംഗെ പ്രതികരിച്ചത്. വെല്ലുവിളികളെ ഒരുമിച്ച് നേരിടാന്‍ ഇരു രാജ്യങ്ങളും കഴിവ് മെച്ചപ്പെടുത്തുമെന്നും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും വെയ് പറഞ്ഞിരുന്നു. പാകിസ്താന്റെ നീക്കങ്ങള്‍ക്ക് പുറമേ റഷ്യയും ചൈനയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. റഷ്യന്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി നിക്കോളായ് പത്രുഷേവും ദ്വിദിന സന്ദര്‍ശനത്തിനായി ചൈനയില്‍ എത്തിയിരുന്നു.
Story Highlights: What did Xi Jinping really do in China amid coup rumours
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here