പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അതിക്രമത്തിൽ 5 കോടി നഷ്ടം : നഷ്ടപരിഹാരം തേടി കെഎസ്ആർടിസി ഹൈക്കോടതിയിൽ

പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അതിക്രമങ്ങളിൽ നഷ്ടപരിഹാരം തേടി കെഎസ്ആർടിസി ഹൈക്കോടതിയിൽ. അഞ്ച് കോടി ആറ് ലക്ഷത്തിൽപ്പരം രൂപയുടെ നഷ്ടമാണുണ്ടായത്. പോപ്പുലർ ഫ്രണ്ടിൽ നിന്ന് ഈ തുക ഈടാക്കി കിട്ടണമെന്ന് കെഎസ്ആർടിസി ആവശ്യപ്പെട്ടു. ( ksrtc approach kerala hc for compensation )
ഏത് ഹർത്താൽ നടന്നാലും കെഎസ്ആർടിസി ബസുകൾക്ക് നേരെയാണ് അതിക്രമമെന്ന് കെഎസ്ആർടിസി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. ഇതുവരെ കോർപറേഷൻ തന്നെയാണ് നഷ്ടം പരിഹരിച്ചു കൊണ്ടിരുന്നത്. എന്നാൽ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയിൽ കോർപറേഷന് സ്വന്തം നിലയിൽ നഷ്ടം പരിഹരിക്കാൻ സാധിക്കില്ല. കെഎസ്ആർടിസി ബസുകൾ അടിച്ചു തകർത്ത പ്രതിഷേധക്കാരുടെ പ്രവൃത്തി മുറിവിൽ ഉപ്പ് തേക്കുന്നത് പോലെയാണ്.
പോപ്പുലർ ഫ്രണ്ടിന്റെ ഹർത്താലിൽ പൊതുജനങ്ങളിൽ അതീവ ഭയമുണ്ടാക്കുന്ന അക്രമങ്ങളാണ് അരങ്ങേറിയത്. 58 ബസുകൾ തകർത്തു. സർവീസുകൾ നടത്താൻ കഴിയാത്തത് കാരണമുണ്ടായ നഷ്ടം അടക്കം 50621382 രൂപ ഈടാക്കി കിട്ടണം. ഹർത്താൽ ആഹ്വാനം ചെയ്ത പോപ്പുലർ ഫ്രണ്ടിൽ നിന്ന് തുക ഈടാക്കണമെന്നും കെഎസ്ആർടിസി ആവശ്യപ്പെട്ടു.
Read Also: തൃശൂരിൽ ഹർത്താൽ ദിനത്തിൽ വാളുമായി എത്തിയ രണ്ട് പേർ പിടിയിൽ
ഹർത്താലിനിടെയുണ്ടായ അക്രമങ്ങളിൽ ഹൈക്കോടതി രൂക്ഷമായ വിമർശനമാണ് ഉയർത്തിയിരുന്നത്. ചീഫ് സെക്രട്ടറിയോടും, ആഭ്യന്തര സെക്രട്ടറിയോടും റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നഷ്ടം സംബന്ധിച്ച കണക്കുകൾ കെഎസ്ആർടിസി ഹൈക്കോടതിക്ക് കൈമാറിയത്.
Story Highlights: ksrtc approach kerala hc for compensation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here