അശോക് ഗെലോട്ടും അധ്യക്ഷ സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച ഇന്ന് നടന്നേക്കും

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച ഇന്ന് നടന്നേക്കും. അശോക് ഗെലോട്ട് തന്നെ അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കട്ടെ എന്ന തീരുമാനം സോണിയാ ഗാന്ധി കൈക്കൊണ്ട സാഹചര്യത്തിലാണ് കൂടിക്കാഴ്ച.
കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കാൻ താൻ ഒരു ഘട്ടത്തിലും വിസമ്മതിച്ചിട്ടില്ലെന്ന് അശോക് ഗെലോട്ട് ഇന്നലെ വ്യക്തമാക്കിയിരുന്നു. അശോക് ഗലോട്ട് മുഖ്യമന്ത്രി സ്ഥാനം ഒഴിയുമ്പോൾ പകരം ആര് എന്നത് സോണിയ ഗാന്ധി നിശ്ചയിക്കും. ഡൽഹിയിലെത്തിയ മുതിർന്ന നേതാവ് എ കെ ആന്റണിയുമായും സോണിയ ഗാന്ധി ഇന്ന് കൂടിക്കാഴ്ച നടത്തും എന്നാണ് വിവരം.
മുപ്പതാം തീയതി വരെയാണ് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനായുള്ള നാമനിർദ്ദേശപത്രിക സമർപ്പിക്കാനാവുക. ഇതുവരെ ശശി തരൂരും പവൻകുമാർ ബെൻസലും മാത്രമാണ് നാമനിർദ്ദേശപത്രികകൾ തെരഞ്ഞെടുപ്പ് സമിതി ഓഫീസിൽ നിന്ന് വാങ്ങിയിട്ടുള്ളത്.
താൻ കോൺഗ്രസ് അധ്യക്ഷനാകുമെന്ന് പറയുന്നത് വിഡ്ഡിത്തമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി പറഞ്ഞിരുന്നു. പരിഹരിക്കാൻ സാധിക്കാത്ത പ്രശ്നങ്ങൾ കോൺഗ്രസിലില്ല. വർഷങ്ങൾക്ക് മുൻപ് സജീവ രാഷ്ട്രീയം നിർത്തിയതാണ്. ഡൽഹിയിലേക്ക് പോകുന്നത് പല ആവശ്യങ്ങൾക്കായിയാണെന്നും എ കെ ആന്റണി മാധ്യമങ്ങളോട് പ്രതികരിച്ചു. ഊഹാപോഹങ്ങൾക്ക് മറുപടിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് എത്തുമോ എന്നതിന് ഇപ്പോൾ മറുപടിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളും തർക്കങ്ങളും നിലനിൽക്കെയാണ് കോൺഗ്രസ് ഹൈക്കമാൻഡിൻറെ നിർണായക നീക്കം. ചർച്ചകൾക്കായി മുതിർന്ന നേതാവ് എകെ ആന്റണിയെ ഡൽഹിയിലേക്ക് വിളിപ്പിക്കുകയായിരുന്നു.
Story Highlights: ashok gehlot sonia gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here