സാമ്പത്തിക പ്രതിസന്ധിക്കിടെ സർക്കാർ ഉദ്യോഗസ്ഥരുടെ വഴിവിട്ട യാത്ര | 24 അന്വേഷണം

പത്തനംതിട്ടയിൽ സർക്കാരുദ്യോഗസ്ഥർക്ക് വീട്ടിൽ പോകാനും വകുപ്പ് വാഹനത്തിൽ യാത്ര. സപ്ലൈ ഓഫീസറും ഭാര്യയും 25 കിലോ മീറ്റർ ദൂരത്തുളള വീട്ടിൽപോകുന്നത് സാധാരണക്കാരന്റെ പണം ഉപയോഗിച്ച്. സംസ്ഥാന സർക്കാർ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുമ്പോഴും ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ജില്ലയിലെ പ്രധാന ഉദ്യോഗസ്ഥർ സർക്കാർ വാഹനങ്ങൾ ദുരുപയോഗം ചെയ്യുന്നത് പതിവാകുന്നു. ഉദ്യോഗസ്ഥരുടെ വഴിവിട്ട യാത്ര തേടി 24 അന്വേഷണം.
ജില്ലാ ആസ്ഥാനത്ത് നിന്ന് മുപ്പതും, നാൽപ്പതും കിലോമീറ്റർ അകലെയുള്ള വീട്ടിലേക്ക് പ്രതിദിനം പോയിവരുന്ന ഉദ്യോഗസ്ഥർ നിരവധിയാണ്. യാതൊരു അവകാശവുമില്ലാതെയാണ് നികുതിപ്പണം ഉപയോഗിച്ച് ഈ ഉദ്യോഗസ്ഥർ യാത്ര ചെയ്യുന്നത്. ആഴ്ച്ചയവസാനം ഉദ്യോഗസ്ഥരെ ജില്ലവിട്ട് വീട്ടിൽ കൊണ്ടാക്കുന്ന വാഹനങ്ങൾ വരെ 24 അന്വേഷണത്തിൽ കണ്ടെത്തി. ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥർ പ്രതിദിനം പാവപ്പെട്ടവന്ർറെ നികുതിപ്പണം ഉപയോഗിച്ച് ഓടുന്ന സർക്കാർ വണ്ടികളിൽ വീട്ടിൽ പോയി വരുന്നു എന്ന വിവരത്തിന്രറെ അടിസ്ഥാനത്തിലാണ് 24 അന്വേഷണം ആരംഭിച്ചത്.
24 പുറത്തു വിട്ട ദൃശ്യങ്ങളിൽ ജില്ലാ സപ്ലൈ ഓഫീസിലെ വണ്ടിയാണ് മുന്നിൽ പോയത്. അതിന് തൊട്ടുമുൻപിൽ ആരോഗ്യവകുപ്പിന്ർറെ വാഹനവും ഉണ്ട്. വാഹനത്തിന് കുറച്ച് ദൂരം ഞങ്ങൾ പിന്തുടർന്നതോടെ ഡ്രൈവർ പ്രധാന റോഡ് വിട്ട് ഇടറോഡിലൂടെ വാഹനവുമായി വേഗത്തിൽ പോകാൻ തുടങ്ങി. ഒടുവിൽ അടൂരും കടന്ന് വാഹനം ഇടറോഡിലേക്ക്. അവിടെ വച്ച് ജില്ലാ സപ്ലൈ ഓഫീസറും, ഡെപ്യൂട്ടി കളക്ടറായ ഭാര്യയും വാഹനത്തിന് പുറത്തിറങ്ങി. എന്താണ് കാര്യം എന്ന് തിരക്കിയതോടെ, സർക്കാർ വാഹനം ദുരുപയോഗം ചെയ്യുന്നത് അന്വേഷിച്ചതാണെന്ന് മറുപടി നൽകി.
ഇതോടെ രണ്ടുപേരും വാഹനത്തിൽ നിന്ന് ഒന്നും മിണ്ടാതെ പുറത്തിറങ്ങി വീട്ടിലേക്ക് നടന്നു പോയി. തൊട്ടടുത്ത ദിവസം ഞങ്ങൾക്ക് മുന്നിലെത്തിയത് സാമൂഹിക നീതി വകുപ്പിന്ർറെ വാഹനമാണ്. വാടകയ്ക്ക് ഓടുന്ന വാഹനം വെള്ളിയാഴ്ച്ച വൈകിട്ട് ജില്ലാ അതിർത്തിയും കടന്നായിരുന്നു യാത്ര. ഞങ്ങൾ പിന്തുടരുന്നു എന്ന് മനസിലാക്കിയതോടെ ഏനാത്ത് വാഹനം 15 മിനിറ്റോളം നിർത്തിയിട്ടു. പിന്നീട് ശരവേഗത്തിലായിരുന്നു യാത്ര. കൊട്ടാരക്കരയും കടന്ന് പൊതു ജനത്തിന്റെ പണം ഉപയോഗിച്ച് യാത്ര ചെയ്യുന്നവർ മുന്നോട്ട് തന്നെ പോയതോടെ ഞങ്ങൾ യാത്ര അവിടെ അവസാനിപ്പിച്ചു. ജില്ലാ ശുചിത്വമിഷന്റെ വാഹനവും ദിവസവും ജീവനക്കാരെയും കൊണ്ട് അനധികൃതമായി യാത്ര ചെയ്യുന്നുണ്ട്. റവന്യൂ വകുപ്പിലെ ഒന്നിലധികം വാഹനങ്ങളാണ് ഇങ്ങനെ ജീവനക്കാരുമായി കളക്ട്രേറ്റിൽ നിന്ന് വൈകിട്ട് അനധികൃത യാത്ര നടത്തുന്നത്. വലിയ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരുടെ ഈ യാത്ര പരിശോധിക്കേണ്ടവർ എല്ലാം ഓഫീസിലിരിക്കുന്നു എന്നതാണ് ഇത്തരക്കാർക്ക് സഹായകരമാവുന്നത്.
Story Highlights: 24 investigation team in search of errant journey of government officials
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here