‘തിരമേലെ സവാരി’: കോഴിക്കോട് പെൺകുട്ടികൾക്കായി നീന്തൽ പരിശീലനം നടത്തി അമേരിക്കയിൽ നിന്നുള്ള വിദഗ്ധർ

കോഴിക്കോട് പെൺകുട്ടികൾക്കായി നീന്തൽ പരിശീലനം നടത്തി വിദഗ്ധർ. ചെന്നൈയിലെ യു.എസ്. കോൺസുലേറ്റ് ജനറൽ, ചെന്നൈ ആസ്ഥാനമായുള്ള എൻ.ജി.ഒ ആയ യുണൈറ്റഡ് വേ ഓഫ് ചെന്നൈയും കോഴിക്കോട് ആസ്ഥാനമായുള്ള ജെല്ലിഫിഷ് വാട്ടർസ്പോർട്‌സ് ക്ലബ്ബുമായി സഹകരിച്ച്, കോഴിക്കോട്ടെ തീരപ്രദേശങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത 25 പെൺകുട്ടികൾക്കായാണ് നീന്തൽ പരിശീലനം സംഘടിപ്പിച്ചത്.
‘റൈഡിംഗ് ദ വേവ്‌സ്’ എന്ന പേരിൽ നടന്ന ത്രിദിന നീന്തൽ, ജീവിത നൈപുണ്യ, സമുദ്ര സംരക്ഷണ പരിശീലന ക്യാമ്പ് സെപ്റ്റംബർ 26-28 തിയതികളിലാണ് സംഘടിപ്പിച്ചത്. യു.എസ്. ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് നടത്തുന്ന ”സ്പോർട്സ് ഓൺവോയ്” (Sports Envoy) എന്ന പരിപാടിയിലെ അംഗങ്ങളായ അമേരിക്കൻ നീന്തൽ പരിശീലകർ ജൂലിയ ഹാബോവ്, നോറ ഡെലെസ്‌കി എന്നിവർ കുട്ടികൾക്ക് തുറന്ന കടലിൽ നീന്താനുള്ള പരിശീലനം നൽകുകയും തീരദേശ ആവാസ വ്യവസ്ഥകൾ സംരക്ഷിക്കുന്നതിൽ അവർക്കുള്ള അഭിനിവേശം പങ്കുവെക്കുകയും ചെയ്തു.
കാഴ്ചക്കുറവുള്ളവരെ നീന്തൽ പഠിപ്പിക്കുന്നതിൽ വൈദഗ്ധ്യമുള്ള ലോകത്തിലെ ചുരുക്കം ചില പരിശീലകരിൽ ഒരാളാണ് സാൻ ഫ്രാൻസിസ്‌കോയിൽനിന്നെത്തിയ ജൂലിയ ഹാബോവ്. മുഖ്യധാരാ കായിക ഇനങ്ങളിൽ പങ്കെടുക്കുന്ന വൈകല്യമുള്ള കായികതാരങ്ങളെ സഹായിക്കാൻ പ്രവർത്തിക്കുന്നയാളാണ് ജൂലിയ. അരിസോണ സ്വദേശിയായ നോറ ഡെലെസ്‌കി അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി (ASU) നീന്തൽ, ഡൈവിംഗ് ടീമുകളുടെ ക്യാപ്റ്റനായിരുന്നു. കായികരംഗത്തിലൂടെ വനിതകളുടെ നേതൃത്വ പാടവം വളർത്താനായി പ്രവർത്തിക്കുന്ന നോറ 2016, 2021 യു.എസ് ഒളിമ്പിക് ട്രയൽസിൽ മത്സരിച്ചിട്ടുണ്ട്.
നീന്തൽ, സർഫിംഗ് തുടങ്ങിയ ജല കായിക വിനോദങ്ങൾ വഴി പെൺകുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും സുരക്ഷിതമായി നീന്തൽ ആസ്വദിക്കുന്നതിനും സമുദ്ര പരിസ്ഥിയുടെ ദുർബല സ്ഥിതിയെക്കുറിച്ചുള്ള ധാരണ വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് നടത്തിയത്. പങ്കെടുക്കുന്നവരുടെ ഭയം മറികടക്കാൻ സഹായിക്കുന്നതിലും ടീം വർക്ക്, ലക്ഷ്യ ക്രമീകരണം, സ്ഥിരോത്സാഹത്തിന്റെ പ്രാധാന്യം തുടങ്ങിയ കഴിവുകൾ വളർത്തിയെടുക്കുന്നതിലും പരിശീലകർ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇവിടെ നടന്ന ക്യാമ്പിന് മുന്നോടിയായി, ഓൺലൈൻ സെഷനുകൾ വഴി പരിശീലകർ പങ്കെടുക്കുന്നവരുമായി സ്ത്രീകളുടെ ആരോഗ്യത്തെയും ശുചിത്വത്തെയും കുറിച്ച് തുറന്ന ചർച്ചയും നടന്നിരുന്നു.
‘കഴിവേറിയ ഈ പെൺകുട്ടികളുമായി പ്രവർത്തിക്കാനും കമ്മ്യൂണിറ്റി ചാമ്പ്യന്മാരാകാൻ അവരെ സഹായിക്കാനും കഴിഞ്ഞതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്.” യു.എസ് കോൺസുലേറ്റ് ജനറൽ ചെന്നൈയിലെ ഇൻഫർമേഷൻ ഓഫീസർ കോറി ബിക്കൽ പറഞ്ഞു. ”ജല കായിക വിനോദങ്ങളിലൂടെയും സമുദ്രങ്ങളെയും കടൽത്തീരങ്ങളെയും പരിചയപ്പെടുത്തുന്നതിലൂടെയും പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ് വളർത്തിയെടുക്കാനും നമ്മുടെ സമുദ്രങ്ങളെ സംരക്ഷിക്കുന്നതിനുള്ള പ്രായോഗിക അറിവ് നേടാനും ഈ ക്യാമ്പ് കുട്ടികളെ സഹായിക്കുന്നു.”
‘പെൺകുട്ടികൾക്കായുള്ള ഈ സംരംഭത്തിൽ ഞങ്ങൾ ആവേശഭരിതരാണ്. വർഷങ്ങളായി ഞങ്ങൾ കുട്ടികളോടൊപ്പം പ്രവർത്തിക്കുന്നുവെങ്കിലും, നീന്തൽ പോലുള്ള ഒരു ലൈഫഅ സ്‌കില്ലിലൂടെ യുവതികളെ ശാക്തീകരിക്കുന്നത് ഒരു പുതിയ ആശയമാണ്. ഇത് പെൺകുട്ടികളുടെ ആത്മവിശ്വാസത്തിൽ സൃഷ്ടിക്കുന്ന സ്വാധീനവും അവരുടെ കുടുംബങ്ങളിലും സമൂഹത്തിലുംും ഉണ്ടാക്കുന്ന മാറ്റങ്ങളും അതുല്യമായിരിക്കും,” യുണൈറ്റഡ് വേ ഓഫ് ചെന്നൈ എക്സിക്യൂട്ടീവ് ഡയറക്ടർ മീനാക്ഷി രമേഷ് വ്യക്തമാക്കി.
ഗോതീശ്വരം കടപ്പുറത്ത് നടന്ന സമാപന സമ്മേളനത്തിൽ മുഖ്യാതിഥികളായി പങ്കെടുത്ത ബേപ്പൂർ പോർട്ട് ഓഫീസർ കെ. അശ്വിനി പ്രതാപും ബേപ്പൂർ കോസ്റ്റ് ഗാർഡ് ഡെപ്യൂട്ടി കമാണ്ടന്റ് എ. സുജിതും കുട്ടികൾക്ക് സെർട്ടിഫികറ്റുകൾ വിതരണം ചെയ്തു. ജെല്ലിഫിഷ് വാട്ടർസ്പോർട്‌സ് ക്ലബ്ബിലെ റിൻസി ഇഖ്ബാൽ, അഡ്വക്കേറ്റ് ശ്രീജിത്ത് കുമാർ, യു.എസ്. കോൺസുലേറ്റിലെ പബ്ലിക് എൻഗേജ്‌മെൻറ് സ്‌പെഷ്യലിസ്‌ററ് ഗോകുലകൃഷ്ണൻ, യുണൈറ്റഡ് വേ ഓഫ് ചെന്നൈ സീനിയർ പ്രോഗ്രാം മാനേജർ ജഗന്നാഥൻ ആർ. എന്നിവരും സമാപന സമ്മേളനത്തിൽ പങ്കെടുത്തു.
Story Highlights: swimming lessons by us swimmers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here