Advertisement

വി.എസിന്റെ കണ്ണുകൾ നനഞ്ഞു; അച്ഛനോട് ഏറ്റവും സ്നേഹമുണ്ടായിരുന്ന നേതാവായിരുന്നു കോടിയേരിയെന്ന് വി.എ അരുൺകുമാർ

October 2, 2022
Google News 2 minutes Read
Kodiyeri and VS; VA Arunkumar's Facebook post

കോടിയേരി ബാലകൃഷ്ണന്റെ വിയോ​ഗ വാർത്ത പറഞ്ഞതോടെ വി.എസ് അച്ചുതാനന്ദന്റെ കണ്ണുകൾ നനഞ്ഞുവെന്നും “അനുശോചനം അറിയിക്കണം” എന്നു മാത്രമേ അച്ഛൻ പറഞ്ഞുള്ളൂവെന്നും വി.എ അരുൺകുമാർ. അച്ഛന്റെ അനുശോചനം യശഃശരീരനായ കോടിയേരിയുടെ കുടുംബാംഗങ്ങളെ അറിയിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലല്ലോ എന്ന വേദന മനസ്സിൽ കനംതൂക്കുന്നു. അച്ഛനോട് ഏറ്റവും ആദരവും സ്നേഹവും പുലർത്തിയ നേതാവായിരുന്നു, കോടിയേരി ബാലകൃഷ്ണനെന്നും വി.എ അരുൺകുമാർ ഫെയ്സ്ബുക്കിൽ കുറിച്ചു. ( Kodiyeri and VS; VA Arunkumar’s Facebook post ).

ഞെട്ടലും വേദനയും ഉളവാക്കുന്ന ആ വാർത്ത ശ്രവിച്ചുകഴിഞ്ഞു. സ. കോടിയേരി നമ്മെ വിട്ടുപോയിരിക്കുന്നു. ആദ്യം ചെയ്തത് അച്ഛനോട് വിവരം പറയുകയാണ്. ഒരു നിമിഷം നിശബ്ദനായിരുന്ന അച്ഛന്റെ കണ്ണുകളിൽ ഒരു നനവ് എനിക്ക് വ്യക്തമായി കാണാനായി. “അനുശോചനം അറിയിക്കണം” എന്നു മാത്രം പറയുകയും ചെയ്തു.
അച്ഛന്റെ അനുശോചനം യശഃശരീരനായ കോടിയേരിയുടെ കുടുംബാംഗങ്ങളെ അറിയിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലല്ലോ എന്ന വേദന മനസ്സിൽ കനംതൂക്കുന്നു. അച്ഛനോട് ഏറ്റവും ആദരവും സ്നേഹവും പുലർത്തിയ നേതാവായിരുന്നു, സ. കോടിയേരി ബാലകൃഷ്ണൻ. പ്രതിപക്ഷ നേതാവായിരുന്ന കാലത്തും മുഖ്യമന്ത്രിയായിരുന്ന കാലത്തും അച്ഛനുമായി സൂക്ഷ്മമായ ഹൃദയബന്ധം പുലർത്തിയിരുന്ന മഹാനായ കമ്യൂണിസ്റ്റ് നേതാവിന്റെ വിയോഗത്തിൽ എന്റെ അനുശോചനംകൂടി അറിയിക്കുകയാണ്. – വി.എ അരുൺകുമാർ ഫെയ്സ്ബുക്കിൽ കുറിച്ചു.

Read Also: ബീഡിത്തൊഴിലാളികള്‍ക്ക് ദിനപത്രം വായിച്ചുകൊടുത്ത് അവര്‍ക്കും പ്രിയപ്പെട്ടവനായി; കോടിയേരിയെ കുറിച്ച് ജോണ്‍ ബ്രിട്ടാസ് എംപി

ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു കോടിയേരിയുടെ അന്ത്യം. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയവെ എട്ട് മണിയോടെയായിരുന്നു മരണം. പ്രതിസന്ധിയുടെ കാലത്ത് സിപിഐഎമ്മിനെ പോറലേൽക്കാതെ നയിച്ച നേതാവാണ് കോടിയേരി. എൽഡിഎഫിന് തുടർഭരണം ലഭിച്ചതിനു പിന്നിൽ കോടിയേരിയുടെ വിശ്രമരഹിതമായ പ്രയത്നവും നേതൃശേഷിയുമുണ്ട്. ആറരവർഷം പാർട്ടിയെ നയിച്ചു. സംഘടനാപാടവവും ആശയദൃഢതയും സൗമ്യമായ ഇടപെടലുംകൊണ്ട് രാഷ്ട്രീയ എതിരാളികളുടെയടക്കം ആദരം പിടിച്ചുപറ്റാനും അദ്ദേഹത്തിനായി.

ജനങ്ങളുടെ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതിനും നാടിനാവശ്യമുള്ള വികസന, ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനും മുഖ്യമന്ത്രി പിണറായി വിജയനൊപ്പം നിന്ന് കോടിയേരി നയിച്ചു. ആരോഗ്യപരമായ ബുദ്ധിമുട്ടുള്ളപ്പോഴും പാർട്ടി കാര്യങ്ങൾക്ക് മുൻഗണന നൽകാനായിരുന്നു കോടിയേരിയുടെ ശ്രദ്ധ.

പതിനാറാംവയസിലാണ് കോടിയേരി പാർട്ടി അംഗത്വത്തിലേക്കെത്തുന്നത്. പതിനെട്ടാം വയസിൽ ലോക്കൽ സെക്രട്ടറി. ഇതിനിടയിൽ എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും നേതൃതലങ്ങളിലും പ്രവർത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് 16 മാസം കണ്ണൂർ സെൻട്രൽ ജയിലിൽ മിസാ തടവുകാരൻ. ജയിലിൽ പിണറായി വിജയനും എം.പി.വീരേന്ദ്രകുമാറും ഉൾപ്പെടെ ഒട്ടേറെപ്പേർ. പൊലീസ് മർദനത്തിൽ അവശനായ പിണറായിയെ സഹായിക്കാൻ നിയുക്തനായത് കൂട്ടത്തിൽ ഇളയവനായ ബാലകൃഷ്ണനായിരുന്നു.

Story Highlights: Kodiyeri and VS; VA Arunkumar’s Facebook post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here