Advertisement

4 വിക്കറ്റിന് 21 റൺസെന്ന നിലയിൽ നിന്ന് 7 വിക്കറ്റിന് 211ലേക്ക്; 104 റൺസ് വിജയത്തോടെ ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് കിരീടം ഇന്ത്യ ക്യാപിറ്റൽസിന്

October 5, 2022
Google News 2 minutes Read
india cpitals legends league

ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് കിരീടം ഇന്ത്യ ക്യാപിറ്റൽസിന്. ഫൈനലിൽ ഭിൽവാര കിംഗ്സിനെ 104 റൺസിനു കീഴടക്കിയാണ് ഇന്ത്യ ക്യാപിറ്റൽസ് കിരീടം ചൂടിയത്. ഇന്ത്യ ക്യാപിറ്റൽസ് മുന്നോട്ടുവച്ച 212 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഭിൽവാര കിംഗ്സ് 18.2 ഓവറിൽ 107 റൺസിന് ഓൾഔട്ടാവുകയായിരുന്നു. ഒരു ഘട്ടത്തിൽ 4 വിക്കറ്റിന് 21 റൺസെന്ന നിലയിൽ തകർന്ന ഇന്ത്യ ക്യാപിറ്റൽസിനെ റോസ് ടെയ്ലറുടെയും മിച്ചൽ ജോൺസണിൻ്റെയും വെടിക്കെട്ട് ബാറ്റിംഗാണ് കൂറ്റൻ സ്കോറിലെത്തിച്ചത്. (india cpitals legends league)

Read Also: ലെജൻഡ്സ് ലീഗ് ക്രിക്കറ്റ്; ഹൈ സ്കോറിംഗ് മാച്ചിൽ ഗുജറാത്ത് ജയൻ്റ്സിനെ വീഴ്ത്തി ഭിൽവാര കിംഗ്സ് ഫൈനലിൽ

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപിറ്റൽസിന് മോശം തുടക്കമാണ് ലഭിച്ചത്. സ്പിന്നർമാരായ മോണ്ടി പനേസറും രാഹുൽ ശർമയും ചേർന്ന് കിംഗ്സിനായി ബൗളിംഗ് ഓപ്പൺ ചെയ്തപ്പോൾ ക്യാപിറ്റൽസ് 4 വിക്കറ്റിന് 21 റൺസെന്ന നിലയിലേക്ക് കൂപ്പുകുത്തി. ഗൗതം ഗംഭീർ (8), ഹാമിൽട്ടൻ മസക്കാഡ്സ (1), ദിനേഷ് രാംദിൻ (0), ഡ്വെയിൻ സ്‌മിത്ത് (3) എന്നിവരൊക്കെ പെട്ടെന്ന് പുറത്തായി. അഞ്ചാം നമ്പറിൽ ടെയ്ലറും ആറാം നമ്പരിൽ സ്ഥാനക്കയറ്റം ലഭിച്ച് മിച്ചൽ ജോൺസണും എത്തിയതോടെ കളി മാറി. സാവധാനം മുന്നോട്ടുപോയിരുന്ന കളി ധമ്മിക പ്രസാദ് എറിഞ്ഞ എട്ടാം ഓവറിൽ ട്രാക്കിലെത്തി. ആ ഓവറിൽ പിറന്നത് 12 റൺസ്. എന്നാൽ, യൂസുഫ് പത്താൻ എറിഞ്ഞ 9ആം ഓവറിലാണ് കിംഗ്സ് കളിയിൽ നിന്ന് ഔട്ടായത്. ഓവറിൽ ടെയ്ലറുടെ ബാറ്റിൽ നിന്ന് 4 സിക്സറും ഒരു ബൗണ്ടറിയും സഹിതം പിറന്നത് 30 റൺസ്. 7 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 32 റൺസ് എന്ന സ്കോർ 9 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 74 റൺസ്. പിന്നെ ക്യാപിറ്റൽസ് തിരിഞ്ഞുനോക്കിയില്ല. എറിഞ്ഞവർക്കെല്ലാം തല്ല് കിട്ടി. ഇതിനിടെ ക്യാച്ചുകൾ നിലത്തിട്ട് ഫീൽഡർമാർ ക്യാപിറ്റൽസിനെ സഹായിക്കുകയും ചെയ്തു.

Read Also: രണ്ട് വിക്കറ്റ്, ഒരു റണ്ണൗട്ട്; ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ തകർപ്പൻ പ്രകടനവുമായി ശ്രീശാന്ത്: വിഡിയോ

31 പന്തുകളിൽ ടെയ്ലറും ജോൺസണും ഫിഫ്റ്റി തികച്ചു. 126 റൺസ് നീണ്ട കൂട്ടുകെട്ടിനൊടുവിൽ ജോൺസൺ പുറത്തായെങ്കിലും അപ്പോഴേക്കും കളി ക്യാപിറ്റൽസിൻ്റെ വരുതിയിലായിക്കഴിഞ്ഞിരുന്നു. 35 പന്തിൽ 7 ബൗണ്ടറിയും 3 സിക്സറും സഹിതം 65 റൺസെടുത്താണ് ജോൺസൺ മടങ്ങിയത്. പിന്നാലെ 41 പന്തിൽ 4 ബൗണ്ടറിയും 8 സിക്സറും സഹിതം 82 റൺസെടുത്ത ടെയ്ലറും പുറത്തായി. എന്നാൽ, അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം നടത്തിയ ആഷ്ലി നഴ്സ് (19 പന്തിൽ 42) ക്യാപിറ്റൽസിനെ 210 കടത്തുകയായിരുന്നു.

മറുപടി ബാറ്റിംഗിൽ ഒരിക്കൽ പോലും ക്യാപിറ്റൽസിനു വെല്ലുവിളിയാവാൻ കിംഗ്സിനു കഴിഞ്ഞില്ല. മോർണെ വാൻ വൈക്ക് (5), വില്ലയ്ം പോർട്ടർഫീൽഡ് (12), യൂസുഫ് പത്താൻ (6), ഇർഫാൻ പത്താൻ (2) എന്നിവരൊക്കെ വേഗം മടങ്ങിയപ്പോൾ 27 റൺസെടുത്ത ഷെയിൻ വാട്സണാണ് കിംഗ്സ് നിരയിലെ ടോപ്പ് സ്കോറർ. വാട്സൺ റണ്ണൗട്ടാവുകയായിരുന്നു. ക്യാപിറ്റൽസിനായി പന്തെടുത്തവരെല്ലാം വിക്കറ്റ് വീഴ്ത്തി.

Story Highlights: india cpitals won legends league cricket

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here