Advertisement

ആദ്യത്തെ രക്തദാനം പതിനെട്ടാം വയസിൽ, ഇന്ന് അത് നൂറാം നിറവിൽ; പ്രചോദനമായി ‘രക്തദാന മനുഷ്യൻ’

October 5, 2022
Google News 2 minutes Read

ജീവിതം നമുക്കായി കാത്തുവെച്ചത് എന്താണെന്ന് പ്രവചിക്കാൻ സാധിക്കില്ല. സന്തോഷവും സങ്കടവും പ്രതിസന്ധികളും അംഗീകാരങ്ങളും നമ്മെ തേടിയെത്തും. ഇതിനിടയിൽ നമുക്ക് പ്രചോദനം നൽകുന്ന നിരവധി മനുഷ്യരെയും നമ്മൾ കണ്ടുമുട്ടും. അങ്ങനെയൊരു വ്യക്തിയെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഗോവയുടെ രക്ത മനുഷ്യൻ. തന്റെ പതിനെട്ടാമത്തെ വയസിലാണ് സുദേഷ് രാംകുമാര്‍ നര്‍വേകർ എന്ന അമ്പത്തിയൊന്നുകാരൻ ആദ്യമായി രക്തദാനം ആരംഭിച്ചത്. അതായത് 33 വർഷങ്ങൾ മുമ്പ്.

ഗോവയിലെ പോണ്ട സ്വദേശിയാണ് സുദേഷ്. കഴിഞ്ഞ ദിവസം സുദേഷിന്റെ രക്തദാനം സെഞ്ചുറി നേടിയിരിക്കുകയാണ്. അപകടത്തില്‍പ്പെട്ട ഒരാളെ രക്ഷിക്കാന്‍ വേണ്ടിയായിരുന്നു സുദേഷ് ആദ്യമായി രക്തം നല്‍കിയത്. സാര്‍ഥക് എന്ന സ്ഥാപനത്തിന്റെ നേതൃത്വത്തിലാണ് സുദേഷ് ഇപ്പോള്‍ സന്നദ്ധപ്രവര്‍ത്തനം തുടരുന്നത്. 100 തവണ രക്തദാനം നടത്തിയ ഗോവയിലെ ആദ്യത്തെ ആളെന്ന പദവി സുദേഷിന് സ്വന്തമായിരിക്കുകയാണ്. തന്റെ ഇരുപതുവയസ്സുവരെ വര്‍ഷത്തില്‍ രണ്ടുതവണയാണ് ഇദ്ദേഹം രക്തം നല്‍കിയിരുന്നത്. എന്നാൽ ഇദ്ദേഹം ഇപ്പോള്‍ അവശ്യഘട്ടങ്ങളിലെല്ലാം രക്തം ദാനം ചെയ്യാൻ തയ്യാറാണ്.

പത്ത് സുഹൃത്തുക്കളുമായി ചേര്‍ന്ന് 2019 ലാണ് അദ്ദേഹം സാര്‍ഥക് എന്ന സംഘടനയ്ക്ക് തുടക്കം കുറിച്ചത്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 30 പേര്‍ അംഗങ്ങളാണ് സംഘടനയിൽ ഉണ്ടായിരുന്നത്. ബെംഗളൂരു, പുണെ, ഹുബ്‌ളി, ബെല്‍ഗാം എന്നിവിടങ്ങളിലായി നൂറ്റിമുപ്പതിലധികം രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ചു. ആദ്യം ആളുകൾക്ക് രക്തം ദാനം ചെയ്യാൻ മടിയാണെങ്കിലും ഇപ്പോൾ കൂടുതൽ പേർ ഇതിലേക്ക് കടന്നുവരുന്നുണ്ട് എന്നാണ് സുദേഷ് പറയുന്നത്.

Story Highlights: Making 100th donation, a milestone for Goa’s blood man

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here